ആലപ്പുഴ: ആലപ്പുഴയിലെ 2 കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ പൊലീസിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറും പൊലീസിനെ കുറ്റപ്പെടുത്തി. പൊലീസ് ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് സിപിഎമ്മിന്റേയും വിലയിരുത്തൽ. ആർ എസ് എസിനെ ചർച്ചയാക്ക് വിളിക്കാത്തതും യോഗത്തിൽ ചർച്ചയായി. ബിജെപിയും എസ് ഡി പി ഐയും ഈ വിഷയം ചർച്ചയിലേക്ക് കൊണ്ടു വന്നു. രാഷ്ട്രീയ പാർട്ടികളെ മാത്രമേ വിളിച്ചുള്ളൂവെന്നാണ് ഇതിന് മന്ത്രി നൽകിയ മറുപടി.

പൊലീസിന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് രമേശ് ചെന്നിത്തല എംഎൽഎയുടെ അഭിപ്രായത്തെ പിൻതുടർന്നാണ് നാസർ ഇക്കാര്യം പറഞ്ഞത്. ജില്ലയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് പൊലീസിന് വീഴ്ച വന്നുവെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓരോ രാഷ്ട്രീയ പാർട്ടിയും സ്വന്തം നിലയ്ക്കു സമാധാനം ഉറപ്പുവരുത്താനുള്ള നടപടിയെടുക്കാൻ യോഗത്തിൽ തീരുമാനിച്ചു. കൊലപാതകങ്ങളെ യോഗത്തിൽ പങ്കെടുത്ത എല്ലാ കക്ഷിപ്രതിനിധികളും അപലപിച്ചു.

പൊലീസിന്റെ ജാഗ്രതക്കുറവാണ് ഇരട്ടക്കൊലയ്ക്ക് വഴിയൊരുക്കിയതെന്ന് യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ്, ബിജെപി, എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് സർവകക്ഷിയോഗം വിളിക്കണമെന്ന് ബിജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസിനെ ശക്തിപ്പെടുത്തി മുഴുവൻ പ്രതികളെയും പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വയലാറിലെ നന്ദു കൃഷ്ണ വധക്കേസിൽ 37 പ്രതികളെ പിടികൂടിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് കർശന നിരീക്ഷണം നടത്തുന്നുവെന്നു പറഞ്ഞ സമയത്താണ് ചിങ്ങോലിയിൽ ക്ഷേത്രത്തിൽ കവർച്ചയുണ്ടായതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.

സത്യസന്ധമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസിനു കഴിയില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എം വിഗോപകുമാർ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി തന്നെ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ച് പറഞ്ഞത് സർക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലാണെന്നും തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. നന്ദുകൃഷ്ണയുടെ കൊലപാതകത്തിൽ ഇനിയും ഒരു പ്രതിയെ പിടികൂടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടപ്പോൾ ആർഎസ്എസ് ആണ് പ്രതികളെന്നു പറഞ്ഞ് 2 പേരെ അറസ്റ്റ് ചെയ്ത പൊലീസ്, രൺജീത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി ശൂന്യതയിൽ തപ്പിക്കളിക്കുകയാണെന്നും ഇത് ഇരട്ട നീതിയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ആർഎസ്എസിനെ യോഗത്തിൽ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രി ഇടപെട്ട് ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടും വ്യക്തമായ വിവരം പോലും നൽകുന്നില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് റിയാസ് പൊന്നാടും മുൻ ജില്ലാ പ്രസിഡന്റ് എം.എം.താഹിറും ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സാലിമിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാക്കുകയോ വിട്ടയയ്ക്കുകയോ ചെയ്തിട്ടില്ല. മണ്ണഞ്ചേരിയിൽനിന്നു കസ്റ്റഡിയിലെടുത്ത ഫിറോസിനെ മർദിച്ച ശേഷം പ്രതിയല്ലെന്നു പറഞ്ഞു വിട്ടയച്ചു. ഒരു നഗരസഭാ കൗൺസിലറെയും ഗ്രാമപഞ്ചായത്ത് അംഗത്തെയും പൊലീസ് പിടികൂടി. ചേർത്തലയിൽ 6 വീടുകൾ ആർഎസ്എസ് തകർത്തിട്ടും എഫ്‌ഐആർ പോലും എടുത്തിട്ടില്ല. ആർഎസ്എസ് നേതാക്കളെ യോഗത്തിൽ പങ്കെടുപ്പിക്കണമായിരുന്നുവെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗമായതുകൊണ്ടാണ് ആർഎസ്എസിനെ വിളിക്കാതിരുന്നതെന്നും അവരുമായും ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു ഡിവൈഎസ്‌പി ഓഫിസിനെപ്പറ്റിയുള്ള എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. രൺജീത് ശീനിവാസിന്റെ മൃതദേഹം യഥാസമയം പോസ്റ്റ്‌മോർട്ടം ചെയ്യാതെ അനാദരം കാട്ടിയെന്ന ആരോപണവും മന്ത്രി നിഷേധിച്ചു.

മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗീകരിച്ചു. തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ അവരവരുടെ തലങ്ങളിൽ പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തെയോ എംഎ‍ൽഎമാരെയോ മന്ത്രിമാരെയോ അറിയിക്കാം. അഭിപ്രായ വ്യത്യാസങ്ങൾ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

എംഎ‍ൽഎമാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം. ജെ. മോബി, സബ് കളക്ടർ സൂരജ് ഷാജി, വിവിധ പാർട്ടി നേതാക്കളായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എം വി ഗോപകുമാർ, കെ. സോമൻ, എൽ.പി. ജയചന്ദ്രൻ, റിയാസ് കെ.പൊന്നാട്, എം.സാലാൽ, അഡ്വ.ജേക്കബ് എബ്രഹാം, എ.എൻ. പുരം ശിവകുമാർ, മോൻസി അറുവൻതറ തുടങ്ങിയവർ പങ്കെടുത്തു.