- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മദ്യപന്റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോൾ
''മദ്യപിക്കുന്നവരുടെ പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.'' ''മദ്യപിക്കുന്ന പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.''''മദ്യപർക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം.''കുടുംബക്കാരി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപർ ആവശ്യപ്പെട്ടു, ആർക്കും അനുവാദമോ, അഭിപ്രായം പറയാനുള്ള ഇടമോ, അഭിപ്
''മദ്യപിക്കുന്നവരുടെ പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.''
''മദ്യപിക്കുന്ന പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.''
''മദ്യപർക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം.''
കുടുംബക്കാരി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപർ ആവശ്യപ്പെട്ടു, ആർക്കും അനുവാദമോ, അഭിപ്രായം പറയാനുള്ള ഇടമോ, അഭിപ്രായത്തിന് അംഗീകാരമോ കൊടുക്കാതെ 2014 ഓഗസ്റ്റ് 21ന് കേരളത്തിൽ സുധീര മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. പെണ്ണുങ്ങൾ മേന്മോടിക്ക് പറഞ്ഞത് അവരങ്ങ് വിഴുങ്ങിക്കളയുകയും ചെയ്തു. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ധ്വംസനവും ഗവൺമെന്റിന്റെ ചൂഷണവും ഇരട്ടത്താപ്പുനയവുമായി മദ്യനയത്തെ കണ്ട മദ്യപർ മാത്രം പ്രതികരിച്ചു, ഇന്നും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും വ്യക്തിനിഷ്ഠവുമായി കാര്യങ്ങളെ വിലയിരുത്തുന്ന പ്രതികരണശേഷിയുള്ള ഒരു മദ്യപാനിയുടെ പ്രതികരണമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന ഗിരീഷ് ജനാർദ്ദനന്റെ 2014 നവംബറിൽ പുറത്തിറങ്ങിയ ലഘുപുസ്തകം.
''നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്ന തലവാചകത്തോടെ തുറക്കുന്ന പുസ്തകം അതിന്റെ പൊതുവിലുള്ള ആക്ഷേപഹാസ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. അതേസമയം ഒരു മദ്യപൻ എന്ന നിലയിൽ തെളിമയാർന്ന കാർക്കശ്യേത്താടുകൂടിയ രാഷ്ട്രീയവും ചരിത്രപരവും സാമൂഹികവുമായ വിമർശനങ്ങളാണ് ഗിരീഷ് ഉന്നയിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തിൽ കെ.പി. സേതുനാഥ് ഇങ്ങനെ കുറിക്കുന്നു: ''ആഹാരം, വസ്ത്രം, ദൈവവിശ്വാസം, ലൈംഗികാഭിരുചി തുടങ്ങിയവ വ്യക്തിപരമായ സ്വകാര്യതകളാണ്... ചരിത്രപരമായി ആർജ്ജിച്ച ഈ ജനാധിപത്യബോധത്തിന്റെ വിപരീതദിശയിലാണ് ഭരണകൂട സംവിധാനങ്ങളുടെ ഭൂമിക.'' വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ ചരിത്രബോധത്തെ തികച്ചും അവഗണിച്ച് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേയ്ക്കും അവകാശത്തിലേയ്ക്കും രാഷ്ട്രവും സമൂഹവും കടന്നുകയറുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ.''
'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന പതിവ് പല്ലവിയുടെ മറപിടിച്ച് ഭരണകൂടം എന്താണ് ചെയ്യുന്നത്? ഇതിലേയ്ക്കുള്ളൊരന്വേഷണമാണ് 'ബിവറേജസിന്റെ മാളങ്ങൾ', 'അന്യായമായ മദ്യനികുതി', 'കള്ളത്തരത്തിന്റെ പ്രേരണാക്കുറ്റം', 'വാസവദത്തയുടെ സദാചാര പ്രസംഗം', 'സർക്കാർ നരഹത്യകൾ', 'മദ്യപന്റെ മാനിഫെസ്റ്റോ' എന്നീ കുറിപ്പുകളിൽ വിവരിക്കുന്നത്. 2011ലെ കണക്കുകൾ പ്രകാരം തയ്യാറാക്കിയ 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന കുറിപ്പിൽ സർക്കാർ കുടിയനെ പിഴിയുന്ന കണക്ക് കൃത്യമായി കൊടുത്തിരിക്കുന്നു. 30 രൂപ വിലയുള്ള ഒരു ഫുൾ ബോട്ടിലിന് സർക്കാരിന് കിട്ടുന്ന ലാഭം 179 രൂപ. 8 രൂപ വിലയുള്ള ക്വാർട്ടറിന് സർക്കാരിന്റെ ലാഭം 51 രൂപ. ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി സർക്കാരടക്കം എല്ലാ സർക്കാരുകളും നഷ്ടം നികത്താൻ ചെയ്തിരുന്നത് മദ്യനികുതി വർദ്ധിപ്പിക്കുക എന്നതായിരുന്നു. 2014 ഒക്‌ടോബർ 14ന് ഭീകരമായ നിരക്കിൽ നികുതി വർദ്ധിപ്പിച്ച് ഖജനാവിലേയ്ക്ക് പണം കണ്ടെത്തിയ ഈ ഗാന്ധിയൻ ഗവൺമെന്റിന്റെ 'വാസവദത്തയുടെ സദാചാര പ്രസംഗം' ഓർമ്മിപ്പിക്കാൻ ഗ്രന്ഥകർത്താവ് ഗാന്ധിയുടെ വാക്കുകളെ 'അന്യായമായ മദ്യനികുതി' എന്ന കുറിപ്പിൽ ഇങ്ങനെ ഉദ്ധരിക്കുന്നു:
''മദ്യത്തിൽ നിന്നും മാദകൗഷധങ്ങളിൽ നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓർമ്മിക്കണം. ഏതു നികുതിയും ക്ഷേമകരമായിരിക്കണമെങ്കിൽ നികുതിദായകന്, ആവശ്യമായ സേവനത്തിന്റെ രൂപത്തിൽ, പത്തിരട്ടിയായി തിരികെ കിട്ടണം. എക്‌സൈസ് വകുപ്പ് ജനങ്ങളെക്കൊണ്ട് അവരുടെ സാന്മാർഗ്ഗികവും മാനസികവും ശാരീരികവുമായ അധഃപതനത്തിന് വില കൊടുപ്പിക്കുന്നു. താങ്ങാൻ ലേശവും പാങ്ങില്ലാത്തവർക്ക് അത് ഒരു കനത്ത ഭാരമായിത്തീരുന്നു...1922ൽ തിരുവിതാംകൂർ രാജ്യത്തെ മൊത്തം വരുമാനമായ 1,96,70,130 രൂപയിൽ ഭൂനികുതി 38,18,652 രൂപ ആയിരിക്കേ, എക്‌സൈസ് നികുതി 46,94,300 രൂപയാണ്. ഇതു ഭരണത്തിന് വലിയ കളങ്കമാണെന്ന് ഞാൻ വിചാരിക്കുന്നു.''
ഇന്ത്യയിൽ നിലനിൽക്കുന്ന ഈ മദ്യനികുതി സമ്പ്രദായം ഗാട്ട്കരാർ വ്യവസ്ഥകൾക്ക് വിരുദ്ധവും അതിനെതിരാണെന്നും കാണിച്ച് പല യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ജപ്പാനും ണഠഛയുടെ മുമ്പാകെ തർക്കപരിഹാരത്തിന് വച്ചിരിക്കുകയാണ്. എന്നെങ്കിലും ഒരു തിരിച്ചടിയോടെ ഇന്ത്യക്കെതിരെ ഈ കേസ് കത്തിജ്ജ്വലിക്കുമെന്ന് ഗ്രന്ഥകാരൻ കരുതുന്നു.
ഇത്രയും തുക നികുതിയിനത്തിൽ മദ്യപരിൽ നിന്ന് പറ്റുന്ന സർക്കാർ അവർക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഓക്കാനം വരുത്തുന്ന, ക്യൂവിൽ പോയി നിന്നാൽ ആത്മാവഹേളനം ഉളവാക്കുന്ന, തലയിൽ ഹെൽമറ്റ് വച്ച് നിൽക്കേണ്ട, മദ്യം മാന്യമായി പൊതിഞ്ഞുപോലും കൊടുക്കാതെ, ധാർഷ്ട്യത്തോടെ പെരുമാറുന്ന വില്പനക്കാരുള്ള ബിവറേജസിന്റെ മാളങ്ങളാണ്. അതുകൊണ്ടാണ് ഇന്നോളം ഉത്തരം കൊടുക്കാൻ പറ്റാത്ത ഒരു മനുഷ്യാവകാശ ചോദ്യം ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്: ''ആളുകളെ പെരുവഴിയിൽ നിർത്തി മദ്യം വില്ക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ? ബിവറേജസിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലുമായി പ്രതിദിനം അഞ്ചുകോടിയുടെ വിറ്റുവരവുള്ള സർക്കാരാണ് ഈ എച്ചിത്തരം കാണിക്കുന്നത് എന്നോർക്കണം. എന്നിട്ടോ ഈ ബിവറേജസ് കൗണ്ടറിൽ കൈകടത്തി ഒരു ക്വാർട്ടർ 'ബിജോയ്‌സ് പ്രീമിയം' ചോദിക്കുമ്പോൾ കിട്ടുന്നത് 'ഹണീബി'യായിരിക്കും, അതും അളവിലും ഗുണത്തിലും ആവുന്ന വെട്ടിപ്പെല്ലാം നടത്തി. അതുകൊണ്ട് ഗ്രന്ഥകാരൻ ഇങ്ങനെ ചോദിക്കുന്നു: ''വിഷം വിറ്റ് കൊള്ളലാഭമെടുക്കുന്ന സർക്കാരിന് ആ കച്ചവടം വൃത്തിയായും സുതാര്യമായും ചെയ്യാനുള്ള ബാധ്യതയില്ലേ?''
'തലതിരിഞ്ഞ മദ്യനയത്തിന്റെ സൃഷ്ടികളായിരുന്നു സംസ്ഥാനത്തുണ്ടായ ഓരോ വിഷമദ്യദുരന്തവും' എന്ന ആരോപണത്തോടെ നരഹത്യാക്കുറ്റം സർക്കാരിൽ ചുമത്തുന്നതാണ് പുസ്തകത്തിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വിമർശനം. ഇവിടെ വിളമ്പിയിരുന്ന ചാരായം തീർച്ചയായും 'നരകതീർത്ഥം' തന്നെയായിരുന്നു. ബിവറേജസ് വഴി മദ്യപർക്ക് ലഭിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ സർക്കാരിന് ഇന്നോളം ആയിട്ടില്ല. ആശുപത്രിയിലെ ശസ്ത്രക്രിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിറ്റും വ്യവസായികാവശ്യങ്ങൾക്കുപയോഗിക്കുന്ന മീഥൈൽ ആൽക്കഹോളുമൊക്കെയാണ് ചാരായ രൂപത്തിൽ ഇവിടെ കുടിക്കാൻ കിട്ടിയിരുന്നത്. ചാരായ നിരോധനത്തിലൂടെ ഒരു തുഗ്ലക്ക് ഭരണപരിഷ്‌കാരം നടത്തിയ ഏ. കെ. ആന്റണി കേരളസമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്‌തോ എന്നു ചോദിച്ചാൽ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ചാരായപാനികൾ അടുത്തുള്ള ബാറുകളിലേയ്ക്കും വിദേശമദ്യക്കടകളിലേയ്ക്കും നീങ്ങി കനത്ത നികുതിപ്പണമടച്ച് സർക്കാരിന് അമിത ലാഭമുണ്ടാക്കിക്കൊടുത്തു. 'ചാരായം കുടിക്കരുത്, ബ്രാണ്ടി കുടിക്കാം' എന്നൊരു മദ്യനയം മാത്രമായിരുന്നു ആന്റണിയുടെ നിരോധനം. ചാരായ നിരോധനത്തിന്റെ ശേഷം, അവിടം കൊണ്ടവസാനിച്ചില്ല. നിരോധനം നടപ്പിലാക്കിയ 1996 മുതൽക്കിങ്ങോട്ട് വിവിധ മദ്യദുരന്തങ്ങളിലായി 98 ദാരുണ മരണങ്ങൾ. മരിച്ചുജീവിക്കുന്നവരുടെ കണക്കുകൾ ഇനിയും ലഭ്യമല്ല.
മദ്യത്തെ സദാചാരവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'പണ്ടേ അലമ്പായ മലയാളി'. മദ്യനിരോധനത്തിലേയ്ക്ക് നയിക്കും വിധമുള്ള ഒരു മദ്യനയത്തിന്റെ പിന്നിൽ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹിക കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാൾ അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജസ് കോർപ്പറേഷനും ബാറുകളും രൂപപ്പെടാത്ത, നമ്പൂതിരി സമുദായം മദ്യപാനം നടത്താത്ത, ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാൽ ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ബാറുകൾ തുറക്കപ്പെടാത്ത, ചാരായം വാറ്റില്ലാത്ത കാലത്താണ് നായർ തറവാടുകളിൽ പതിനൊന്ന് തികയാത്ത പെൺകിടാങ്ങൾ പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാർ ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികൾ നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓർക്കണം.
ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് 1978ൽ പാട്യം ഗോപാലൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികൾ 14,000 പേർക്കായി വിറ്റുപോകുന്ന മാഹിയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം: ''മാഹിയുടെ ചരിത്രത്തിൽ കഴിഞ്ഞ 50 കൊല്ലത്തിനിടയിൽ മാഹിക്കോടതിയിൽ ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദർഭത്തിൽ പിടികൂടാൻ ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു.'' ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂർവ്വേഷ്യൻ മുസ്ലിം രാജ്യങ്ങളിൽ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്‌ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ. അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂർവ്വമായ രാജ്യങ്ങളുടെ ലിസ്റ്റിൽ മദ്യം വളരെ സുലഭമായ യൂറോപ്യൻ രാജ്യങ്ങൾ കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂർവ്വകമായ രാജ്യങ്ങളിൽ മുൻനിരയിൽ മദ്യം സുലഭമായ ഐസ്‌ലന്റ്, ഡെന്മാർക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേർക്കപ്പെട്ടിരിക്കുന്നത് മദ്യവർജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോർക്കണം. മദ്യപാനം നടത്താത്ത കടുത്ത മതവിശ്വാസികളായ താലിബാനികളാണ് കഴിഞ്ഞ ഡിസംബർ മാസത്തിൽ നൂറ്റിയമ്പതിൽപ്പരം സ്‌കൂൾകുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ.
കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മൾ. വേണ്ട സാംസ്‌കാരിക സാമൂഹിക മനഃശ്ശാസ്ത്രചരിത്രപരമായ പഠനങ്ങളൊന്നുമില്ലാതെ ഒരു നിയമനിർമ്മാണത്തിലേയ്ക്ക് പോകണം എന്നു പറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാർട്ടികളും എത്ര മണ്ടന്മാരാൺ അടിച്ചമർത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമർത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയിൽ എത്തിക്കില്ലേ? എല്ലാവരും മദ്യം ഉപയോഗിക്കുന്ന പാശ്ചാത്യസംസ്‌കാരത്തിൽ എന്തുകൊണ്ട് മദ്യപാനരോഗികളും മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളും അപൂർവ്വം മാത്രമാകുന്നു? കേരളജനതയ്ക്ക് ഒരു 'മദ്യസാക്ഷരത' ആവശ്യമുണ്ടോ? മദ്യഅടിമകളെ സൃഷ്ടിക്കാത്ത കേരളത്തിന്റെ പ്രാദേശിക 'മദ്യസംസ്‌ക്കാരം' എങ്ങനെ അന്യംനിന്നുപോയി? ഇങ്ങനെയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉന്നയിക്കാതെ 'മദ്യവർജ്ജന'മാണോ 'മദ്യനിരോധന'മാണോ വേണ്ടത് എന്ന ഉപരിപ്ലവമായ ചിന്തയിലാണ് നാം.
ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ മദ്യനിരോധനത്തിനുതന്നെ ചീറ്റിപ്പോയ കഥയാണ് പറയാനുള്ളത്. അത് സംഭവിച്ചത് പൊതുവർഷം 2070 നും 1600 നും ഇടയിൽ ചൈന ഭരിച്ചിരുന്ന ഷിയാരാജവംശ കാലത്താണ്. യൂ രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അധികാരത്തിൽ വന്ന ക്വി അത് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ കഴിഞ്ഞുപോയ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽതന്നെ മദ്യനിരോധനം പരീക്ഷിച്ച് പരാജയപ്പെട്ട രാജ്യങ്ങളാണ് കാനഡ, ഡെന്മാർക്ക്, റഷ്യ, ഐസ്‌ലാന്റ്, നോർവെ, ഹങ്‌റി, ഫിൻലന്റ്, അമേരിക്ക. ഇന്ത്യയിൽ മദ്യനിരോധനത്തിന് കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുള്ള ചരിത്രമേയുള്ളൂ ഗുജറാത്തിൽ, ആന്ധ്രയിൽ, തമിഴ്‌നാട്ടിൽ, ഹരിയാനയിൽ, മണിപ്പൂരിൽ. രണ്ട് ഘട്ടങ്ങളിലായി ആന്ധ്രയിൽ 13 കൊല്ലത്തെ നിരോധനം. ഹരിയാന രണ്ട് വർഷത്തോളം കുടിക്കാതിരുന്നു. തമിഴ്‌നാട് 20 കൊല്ലം കുടിനിർത്തിയ 'നല്ല കുട്ടി'യായിരുന്നു, വീണ്ടും 'തെമ്മാടി'യായി. 17 കൊല്ലം നീണ്ട പരീക്ഷണം നടത്തിയ മിസോറാം കഴിഞ്ഞ കൊല്ലം അത് അവസാനിപ്പിച്ചു. വെറും അനുഷ്ഠാനപരമായി കൊണ്ടുനടക്കുന്ന നിരോധനം അവസാനിപ്പിച്ചേക്കാം എന്ന ചിന്തയിലേക്ക് നാഗാലാന്റും ഏറെക്കുറെ എത്തിയിട്ടുണ്ട്. മോദിയുടെ മതേതരത്വത്തിന്റെ ആദർശമുഖം കണക്കെ മദ്യനിരോധനത്തിന്റെ ആദർശമുഖവും ഇപ്പോഴും നിലനിൽക്കുന്നിടം ഗുജറാത്താണ് അകത്തൊരു മുഖം, പുറത്ത് മറ്റൊന്ന്.
ലഹരി ഉപയോഗത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ വിട്ടുകളയാൻ ഗ്രന്ഥകർത്താവിന് ന്യായമായ അവകാശമുണ്ട്; കാരണം കേരളക്കര ഇന്നോളം സംസാരിച്ചിട്ടുള്ളത് ലഹരി ഉപയോഗത്തിന്റെ ആരോഗ്യഅരാജക പ്രശ്‌നങ്ങൾ മാത്രമാണ്. എന്നാൽ പുരുഷവത്ക്കരിക്കപ്പെട്ടുപോയ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ലഹരിയുടെ ലോകത്തെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പുപോലും ചേർത്തില്ല എന്നത് പുരുഷാധിപത്യത്തെ മദ്യത്തിന്റെ ലോകത്ത് അംഗീകരിച്ചുറപ്പിക്കുന്നതിന്റെ ഒരു സൂചകമായി വേണമെങ്കിൽ കണക്കാക്കാവുന്നതാണ്. സ്ത്രീയും പുരുഷനും കുടുംബത്തിലും സമൂഹസദസ്സുകളിലും ഒരേ തീന്മേശയുടെ ഇരുപുറങ്ങളിലുമിരുന്ന് സമാധാനത്തിലും സന്തോഷത്തിലും മദ്യപിക്കുന്ന നാടുകളെക്കുറിച്ച് എഴുത്തുകാരന് അറിയാത്തതുകൊണ്ടല്ല എന്ന് സ്വാഭാവികമായും വിചാരിക്കണം. എങ്കിൽപ്പിന്നെ ആൺകോയ്മയുടെ മദ്യസംസ്‌കാരവുമായി അദ്ദേഹം സന്ധിയിലായോ എന്ന് സ്വഭാവികമായും സംശയിക്കണം.