തിരുവനന്തപുരം: ആർച്ച് ബിഷപ്പ് സൂസൈപാക്യത്തിനെതിരെ ആരോപണവുമായി പ്രവാസി മലയാളി. നാട്ടുകാരായ ലത്തീൻ കത്തോലിക്കരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ മതപരവും ധാർമ്മികവുമായ ഉയർച്ചയ്ക്കുമായി ഇഷ്ടദാനം ചെയ്ത ഭൂമിയെ കുറിച്ചാണ് ആക്ഷേപം.

ആറ്റിപ്ര വില്ലേജിലെ 85.5 സെന്റ് ഭൂമി ആർച്ച് ബിഷപ്പ് സൂസൈപാക്യം നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നാണ് പ്രവാസിയുടെ ആരോപണം. വേളിയിലെ ലോപ്പസ് കുടുംബാംഗം, അമേരിക്കയിലെ വെർജീനിയയിൽ താമസിക്കുന്ന ജോസഫ് ലോപ്പസാണ് ഭൂമി തിരിച്ചുനൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം മുനിസിഫ് കോടതിയിൽ ഒഎസ് 433/2017 നമ്പരായി കേസും നൽകിയിട്ടുണ്ട്.

ഇതേ തുടർന്ന് വസ്തുവിലെ നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. ജോസഫ് ലോപ്പസിന്റെ അച്ഛനും അമ്മയ്ക്കുമായി കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ 904/1950 നമ്പരായി വിലയാധാരപ്രകാരം ലഭിച്ചതാണ് ആറ്റിപ്ര വില്ലേജിലെ സർവ്വേ നമ്പർ 2410 ഉൾപ്പെട്ട 1.73 ഏക്കർ ഭൂമി. ഇതാണ് ജോസഫ് ലോപ്പസിന് ലഭിച്ചത്.

ആ സമയം ഇദ്ദേഹം മലേഷ്യയിൽ എസ്റ്റേറ്റ് മാനേജരായിരുന്നു. ഭൂമി ഉൾപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചമാക്കാൻ ഭൂമി ലാറ്റിൻ കാത്തോലിക്ക രൂപതയ്ക്ക് കൈമാറി. ഇതിന് പവർ ഓഫ് അറ്റോർണിയായി അമ്മയെ ചുമതലപ്പെടുത്തി. തുടർന്ന് 1,40,000 രൂപ മതിപ്പുവില കാണിച്ച് 1993ൽ ഡോ. സൂസൈപാക്യത്തിന്റെ പേരിൽ ഭൂമി ഇഷ്ടദാനമായി നൽകി. എന്നാൽ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി 1998ൽ ഭൂമിക്ക് 1,90,000 രൂപ മതിപ്പ് വില കാണിച്ച് കഴക്കൂട്ടം വലിയകുളത്തെ സേക്രട്ട് ഹാർട്ട് കോൺവെന്റിന്റെ ഒബ്ലിക് വെൽഫെയർ സൊസൈറ്റിക്ക് കൈമാറി. ഇതാണ് വിവാദത്തിന് കാരണം.

ഇഷ്ടദാന വ്യവസ്ഥകൾ ലംഘിച്ചാൽ ഭൂമി സ്വാഭാവികമായി ഉടമസ്ഥനു തന്നെ ലഭിക്കും. വിവരമറിഞ്ഞ ലോപ്പസ് ഭൂമി തിരികെ നൽകാൻ ആർച്ച് ബിഷപ്പിനോടും കോൺവെന്റ് അധികൃതരോടും ആവശ്യപ്പെട്ടു. ഇവർ വിസമ്മതിച്ചു. പലതവണ ശ്രമിച്ചിട്ടും ആർച്ച് ബിഷപ്പ് ഇദ്ദേഹത്തെ കാണാൻ പോലും തയ്യാറായില്ല. തുടർന്നാണ് താൻ കോടതിയെ സമീപിച്ചതെന്ന് ജോസഫ് ലോപ്പസ് പറഞ്ഞു.