കൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസെടുത്തതിനെത്തുടർന്ന് ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജിക്ക് വേണ്ടി കള്ളക്കളികൾ സജീവം. സ്ഥാനമൊഴിഞ്ഞ് കർദിനാൾ അന്വേഷണം നേരിടണമെന്ന് വിമത വൈദികർ ആവശ്യപ്പെടുമ്പോൾ വിശ്വാസികൾ ആലഞ്ചേരിക്കൊപ്പമാണ്. ഇതോടെ എറണാകുളം രൂപതയിലെ തന്നെ പല വൈദികരും ആലഞ്ചേരിക്കൊപ്പം മാറുകയാണ്. ഇത് വിമതരെ പ്രതിസന്ധിയിലാക്കുകയാണ്. കർദിനാളിനെ അനുകൂലിക്കുന്നവർ സംഘടനക്കും രൂപംനൽകി.

ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകൾ ചുമത്തിയാണ് കർദിനാളിനും രണ്ട് വൈദികർക്കും ഇടനിലക്കാരനുമെതിരെ പൊലീസ് തിങ്കളാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന നടത്തി ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റ് അതിരൂപതക്ക് നഷ്ടമുണ്ടാക്കിയതായി ഇതിൽ പറയുന്നു. ഇതിന്റെ പകർപ്പ് തിങ്കളാഴ്ചതന്നെ വത്തിക്കാനിലേക്കും ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധികൾക്കും സീറോ മലബാർ, മലങ്കര, ലത്തീൻ സഭകളുടെ കേരളത്തിലെ എല്ലാ ബിഷപ്പുമാർക്കും അയച്ചുകൊടുത്തിട്ടുണ്ട്. സമ്മർദ്ദം ചെലുത്തി കർദിനാളിനെ പുറത്താക്കാനാണ് നീക്കം. അതിനിടെ ലത്തീൻ സഭയും മലങ്കര കത്തോലിക്കാ സഭയും കർദിനാളിന് ഒപ്പമാണ്. പോപ്പിൽ നിർണ്ണായക സ്വാധീനം ലത്തീൻ കത്തോലിക്കാ സഭയ്ക്കുണ്ട്. അതുകൊണ്ട് തന്നെ എറണാകുളം രൂപതിയിലെ സീറോമലബാർ സഭയിലെ ചില അച്ചന്മാരുടെ പരിപാടികൾ ഫലം കാണുന്നില്ല.

വൈദികരുടെയും വിശ്വാസികളുടെയും കൂട്ടായ്മയായ ആർച്ഡയോസിയൻ മൂവ്മന്റെ് ഫോർ ട്രാൻസ്‌പെരൻസിയാണ് (എ.എം ടി) ആലഞ്ചേരിക്ക് എതിരെ രംഗത്തുള്ളത്. ആലഞ്ചേരി കർദിനാൾ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇക്കൂട്ടർ. എ.എം ടിക്ക് ബദലായി ആർച്ഡയോസിയൻ മൂവ്മന്റെ് ഫോർ പ്രീസ്റ്റ്‌സ് (എ.എംപി) എന്ന പേരിലാണ് കർദിനാൾ അനുകൂലികൾ സംഘടന രൂപവത്കരിച്ചിരിക്കുന്നത്. ചില വൈദികരുടെ പിന്തുണയോടെ ഒരുവിഭാഗം വിശ്വാസികളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതോടെ വിമത വിഭാഗം പ്രതിസന്ധിയിലായി.

കോടതിയിലെ കേസുകൾ രമ്യമായി പരിഹരിക്കാൻ വൈദികർ മുന്നോട്ടുവരണമെന്നാണ് ആലഞ്ചേരി അനുകൂലികളുടെ ആവശ്യം. ഇതുസംബന്ധിച്ച നിവേദനം സീറോ മലബാർ, ലത്തീൻ, മലങ്കര സഭകളുടെ ബിഷപ്പുമാർക്ക് കൈമാറി. സി.എൽ.സി മുൻ സംസ്ഥാന പ്രസിഡന്റ് ഡെന്നിസ് കെ. ആന്റണി ജനറൽ കൺവീനറായാണ് കമ്മിറ്റി. മാർ ജോർജ് ആലഞ്ചേരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽമായ കൂട്ടായ്മ ഹൈക്കോടതി ജങ്ഷനിൽ പ്രാർത്ഥനയജ്ഞവും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. വൈദികരടക്കം പങ്കെടുക്കും. ഇതും വിമതർക്കും തിരിച്ചടിയാണ്. സഹായമെത്രാനായ മാർ എടയന്ത്രത്തിനെതിരെ വികാരവും അതിശക്തമാണ്.

സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള നാലു പ്രതികളും സഭയെ ചതിച്ചെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് പറയുന്നു. എറണാകുളം സിജെഎം കോടതിയിൽ എറണാകുളം സെൻട്രൽ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് ഈ വിവരം. സഭയ്ക്ക് അന്യായമായ നഷ്ടമുണ്ടാക്കണമെന്ന ഉദ്ദ്യേശ്യത്തോടെയാണ് അഞ്ച് സ്ഥലങ്ങൾ വിൽപ്പന നടത്തിയത്. 301.76 സെന്റ് സ്ഥലത്തിന് സെന്റൊന്നിന് 9 ലക്ഷം രൂപവീതം കണക്കാക്കി 27,15,84,000 രൂപയ്ക്ക് വിൽക്കാനായിരുന്നു സഭയുടെ തീരുമാനം. എന്നാൽ, ഈ തീരുമാനത്തിന് വിരുദ്ധമായി പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തി സ്ഥലങ്ങൾ 36 യൂണിറ്റുകളായി 13,51,44,260 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. ഇത് അതിരൂപതയോടുള്ള വിശ്വാസ വഞ്ചനയും ചതിയുമാണെന്ന് എഫ്ഐആറിൽ പറയുന്നു.

ഭൂമിവിൽപ്പനക്കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയും, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെ യഥാക്രമം രണ്ടുംമൂന്നും നാലും പ്രതികളാക്കി കഴിഞ്ഞദിവസമാണ് പൊലീസ് കേസ് എടുത്തത്.