എറണാകുളം: സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി ജനുവരി 31ലേക്ക് മാറ്റി. മാർ സെബാസ്റ്റ്യൻ ഇടയന്ത്രത് ഉൾപ്പെടെയുള്ള അഞ്ച് സാക്ഷികൾക്ക് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. കർദ്ദിനാലിനെയും ഭൂമി തട്ടിപ്പ് വിഷയവും കോടതിയിലെത്തിക്കാനുള്ള ആസൂത്രിത നീക്കവുമായി ഒരു വിഭാഗം രംഗത്തുള്ളതാണ് പുതിയ നീക്കത്തിന് കാരണമെന്നും വിലയിരുത്തുന്നു.

ഭൂമി ഇടപാടിൽ നികുതി വെട്ടിപ്പ്, വിശ്വാസ വഞ്ചന, അഴിമതി, സമ്പത്തിന്റെ ദുരുപയോഗം തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. ജീവകാരുണ്യ പ്രവർത്തനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച് കടം വീട്ടാൻ ഭൂമി വിറ്റുവെന്നുമാണ് സ്വകാര്യ അന്യായത്തിന്റെ ഉള്ളടക്കം. കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് അധ്യക്ഷൻ പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയിലാണ് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.

അതേസമയം, സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമി വിവാദത്തിൽ സഭാ മുഖപ്രമായ സത്യദീപം കർദ്ദിനാൽ ആലഞ്ചേരിയെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളുമായി രംഗത്തെത്തിയിരിന്നു. അതിരൂപതയുടെ ആർക്കെയ്‌വ്‌സിന്റെ ചുമതലയുള്ള ഫാ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളിയുടെ സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരമെന്ന ലേഖനത്തിലാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പുലർത്തേണ്ട ജാഗ്രത ഓർമ്മിപ്പിക്കുന്നത്.

ദേവാലയ സ്വത്തുക്കൾ എങ്ങനെയാണ് പൂർവ്വികർ കൈകാര്യം ചെയ്തതെന്ന് ലേഖനം ഉദാഹരണ സഹിതം വിവരിക്കുന്നു. സത്യ സന്ധതയും സുതാര്യതയും ഉള്ള ക്രൈസ്തവ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കഴിയാത്തവൻ ക്രിസ്തു ശിഷ്യനെന്ന പേരിനുപോലും യോഗ്യനല്ല. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ചെയ്യുന്ന തിന്മകൾ സഭാ ഗാത്രത്തെ നശിപ്പിക്കും. ആത്മീതയുടെ മൂടുപടമണിഞ്ഞ് സഭാ തനയർ ചെയ്യുന്ന പ്രവൃത്തികളെ ഫ്രാൻസിസ് പാപ്പാ ആത്മീയ ലൗകീകത എന്നാണ് വിശേഷിപ്പിച്ചത്.

അതിരൂപതയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലിയാണ് വീണ്ടും വിശ്വാസികൾക്കിടയിൽ ഭിന്നത രൂക്ഷമായതെന്നാണ് വിവരം. സത്യത്തിന്റെ വെളിച്ചം പരക്കുന്നതോടെ അസത്യം ഇല്ലാതാകുമെന്ന് മാർ ജോർജ് ആലഞ്ചേരിയും വ്യക്തമാക്കി. അതിരൂപതയുടെ ഭൂമി ഇടപാടിൽ സുതാര്യത ആവശ്യപ്പെട്ടാണ് ഒരു വിഭാഗം രംഗത്തുള്ളത്. ചേരിതിരിഞ്ഞ് വിശ്വാസികൾ ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ വൈദികർ ഇടപെട്ടു. എന്നാൽ പ്രശ്നം അവിടെയും തീർന്നില്ല. തുടർന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ കർദ്ദിനാളിന് എതിരെ റിപ്പോർട്ട് വന്നുവെന്ന് വ്യക്തമാക്കി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വിശ്വാസികളിൽ ഒരുവിഭാഗം കത്തിച്ചു.

സത്യദീപത്തിനെതിരെ കടുത്ത അമർഷമാണ് വിശ്വാസികളിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. സത്യദീപത്തിന്റെ തുടർച്ചയായ മൂന്നാം ലക്കത്തിലും കർദ്ദിനാളിനേയും ഭൂമി ഇടപാടിനേയും വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ക്രൈസ്തവ പാരമ്പര്യം അനുഷ്ഠിക്കാൻ കഴിയാത്തയാൾ ക്രിസ്തുശിഷ്യൻ എന്ന പേരിന് യോഗ്യനല്ലെന്ന വാദമാണ് ഇക്കുറി സത്യദീപം ഉയർത്തിയത്. എന്നാൽ സത്യം പരക്കുന്നതോടെ അസത്യം ഇല്ലാതാകുമെന്ന് വ്യക്തമാക്കി കർദ്ദിനാളും രംഗത്തുവന്നതും ചർച്ചയായി.