ണുത്തുറഞ്ഞ ഒരു രാത്രിയിലാണ് എലനോർ ഇസബെൽ മേ മൂന്നാറിലെ ബംഗ്ലാവിലേക്ക് കാൽവച്ചത്. ഇംഗ്ലണ്ടിലെ ബ്യൂഫോർട്ട് ബ്രാബേസൺ പ്രഭുവിന്റെ മകൾ. മൂന്നാർ എന്ന സുന്ദരഭൂമി കണ്ടെത്തിയവരിൽ ഒരാളായ ഹെൻട്രി മാൻസ്ഫീൽഡ് നൈറ്റിന്റെ നവവധു. ഇംഗ്ലണ്ടിൽ നടന്ന പ്രൗഢഗംഭീരമായ വിവാഹത്തിനു ശേഷം എലനോർ ഭർത്താവിനൊപ്പം മധുവിധു ആഘോഷിക്കാൻ 1894 ഡിസംബറിലെ ക്രിസ്തുമസ് ആഴ്ചയിൽ മൂന്നാറിലെത്തി.

മൂന്നാറിന്റെ വശ്യസൗന്ദര്യം ആ ഇരുപത്തിമൂന്നുകാരിയെ വല്ലാതെ ആകർഷിച്ചു. താമസിച്ചിരുന്ന ബംഗ്ലാവിന് പുറകിലുള്ള പുൽമേട്ടിൽ എലനോർ പ്രണയഭരിതയായി. തോളുരുമ്മി നിന്ന ഭർത്താവിനോട് ഏതോ നിമിഷത്തിൽ പറഞ്ഞു. 'ഞാൻ മരിക്കുമ്പോൾ, എന്നെ ഇവിടെ മറവു ചെയ്യണം''.ഭാര്യയുടെ വാക്കുകൾ ഹെൻട്രി അത്ര കാര്യമാക്കിയില്ല. വൈകുന്നേരം തോട്ടമുടമകളായ ഇംഗ്ലീഷുകാരുടെ പാർട്ടിയിൽ പങ്കെടുത്തു.

പിറ്റേന്ന് പക്ഷേ എലനോർ കിടക്കയിൽ നിന്ന് എഴുന്നേറ്റില്ല. ഡിസംബർ 23-ന് അർദ്ധരാത്രി എലനോർ മരിച്ചു. പ്രിയതമയുടെ അന്ത്യവിശ്രമത്തിന് അപ്പോഴേക്കും ഹെൻട്രി സ്ഥലം കണ്ടെത്തിയിരുന്നു. തലേദിവസം അവൾ ആവശ്യപ്പെട്ട ഭൂമി. ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിലെ ശവമടക്ക് രജിസ്റ്ററിൽ ആദ്യത്തെ പേര് എലനോർ ഇസബെൽ മേയുടേതാണ്. എലനോർ മരിക്കുമ്പോൾ ഈ ദേവാലയം ഉണ്ടായിരുന്നില്ല. സെമിത്തേരിയും. നവവധുവിന്റെ ദേഹമടക്കാൻ ഹെൻട്രി നൈറ്റ് കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് പള്ളി നിലനിൽക്കുന്നത്.

നവവധു നഷ്ടപ്പെട്ടത് ഹെൻട്രിയെയും തകർത്തു. പല ദിവസങ്ങളിലും ഭാര്യയുടെ ശവകുടീരത്തിൽ ഏകനായി നിൽക്കുന്ന ആ ചെറുപ്പക്കാരൻ മൂന്നാറിന്റെ ദുഃഖസാന്ദ്രമായ കാഴ്ചയായി. എലനോറിന്റെ മരണശേഷം കണ്ണൻദേവൻ കമ്പനിയുടെ ആദ്യ ജനറൽ മാനേജരായി ചുമതലയേറ്റ ഹെൻട്രിയാണ് മൂന്നാറിനെ തേയിലയുടെ സമൃദ്ധിയിലേക്ക് ഉയർത്തിയത്. 1900 ഏപ്രിൽ 15-ന് ഈസ്റ്റർ നാളിൽ എലനോറിന്റെ ശവകുടീരമടങ്ങുന്ന സെമിത്തേരി ഹെൻട്രി ക്രൈസ്റ്റ് ചർച്ചിന് കൈമാറി. 1911-ൽ ബ്രിട്ടീഷ് മാതൃകയിൽ അവിടെ ദേവാലയവും നിർമ്മിച്ചു. വർഷങ്ങൾക്കു ശേഷം വാർദ്ധക്യകാലത്ത് ഹെൻട്രി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി.

എലനോറിനു ശേഷം ഒട്ടേറെ ഇംഗ്ലീഷുകാരുടെ മൃതദേഹങ്ങൾ ഈ സെമിത്തേരിയിൽ അടക്കിയിട്ടുണ്ട്. ദേവാലയത്തിനു മുമ്പേ സെമിത്തേരി രൂപീകൃതമായി എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ലോകത്തു തന്നെ ഒരു പക്ഷേ ആദ്യമായിട്ടാവും ഇത്തരത്തിൽ പള്ളിക്കുമുമ്പേ സെമിത്തേരിയുണ്ടാകുന്നത്. 1981-ൽ ബ്രീട്ടീഷുകാർ സെമിത്തേരി സി.എസ്.ഐ സഭയുടെ നോർത്ത് കേരള മഹാ ഇടവകയ്ക്ക് കൈമാറി. ദക്ഷിണേഷ്യയിലെ ബ്രിട്ടീഷ് അസോസിയേഷന്റെ അന്താരാഷ്ട്ര സെമിത്തേരി ഡയറക്ടറിയിൽ ഇപ്പോഴും ഈ സെമിത്തേരിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

പൂർത്തീകരിക്കപ്പെടാതെ പോയ ഒരു പ്രണയത്തിന്റെ ശേഷിപ്പാണ് ക്രൈസ്റ്റ് ചർച്ച് ദേവാലയവും സെമിത്തേരിയും, താജ്മഹലിനെപ്പോലെ.