സ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന സിറിയയിലെ ആലെപ്പോ നഗരം അമേരിക്കയും സഖ്യകക്ഷികളും തിരിച്ച് പിടിച്ചതിനെ തുടർന്ന് ഇവിടേക്ക് വീണ്ടും ടൂറിസ്റ്റുകൾ എത്താൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇവിടെ ബോംബിംഗിൽ തകർന്ന നഗരത്തിൽ തദ്ദേശവാസികൾ അവശിഷ്ടങ്ങൾക്കിടയിൽ ഭക്ഷണവും വെള്ളവുമില്ലാതെ വലയുമ്പോൾ ആ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പശ്ചാത്തലമാക്കി സെൽഫിയെടുത്ത് ആഘോഷമാക്കുകയാണ് ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾ ചെയ്യുന്നത്. ആലെപ്പോയിലെ ഇത്തരം കാഴ്ചകൾ ആരെയും ഞെട്ടിക്കുന്നതാണ്. ഇത്തരത്തിൽ തീരെ മനുഷ്യത്വമില്ലാത്ത വിധത്തിലാണ് ആലെപ്പോയിലെത്തിയിരിക്കുന്ന ആദ്യ ടൂറിസ്റ്റുകൾ സെൽഫിയെടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആരോപണമുണ്ട്.

തുടർച്ചയായ യുദ്ധത്തിൽ തകർന്നിരിക്കുന്ന ഇവിടുത്തെ കെട്ടിടങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും വാഹനങ്ങൾക്കും മറ്റും മുന്നിൽ നിന്നാണ് ടൂറിസ്റ്റുകൾ സെൽഫിയെടുക്കുന്നത്. നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് ആയിരക്കണക്കിന് പേർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ പെട്ട് പോയിരിക്കുന്നത്. സിറിയൻ സേനയും പ്രസിഡന്റായ ആസാദ് വിരുദ്ധ റിബലുകളും തമ്മിലുള്ള കനത്ത പോരാട്ടം കൂടുതലായും ഇവിടെയായിരുന്നു അരങ്ങേറിയിരുന്നത്. ഇവിടെയുണ്ടായ വെടിനിർത്തലിനെ തുടർന്ന് ഗവൺമെന്റ് സിവിലിയന്മാരെ ഒഴിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. എന്നാൽ വീണ്ടും വെടിവയ്പുണ്ടായെന്ന റിപ്പോർട്ടുണ്ടായതിനെ തുടർന്ന് ഒഴിപ്പിക്കൽ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. രണ്ട് ഷിയ ഗ്രാമങ്ങളിലെ തദ്ദേശവാസികളെ ഗവൺമെന്റ് നിയന്ത്രിത പ്രദേശങ്ങളിലേക്ക് നീങ്ങാൻ വിമതർമാർ അനുവദിക്കുന്നത് വരെ ഒഴിപ്പിക്കൽ നിർത്തി വച്ചിരിക്കുകയാണ്.

ഗവൺമെന്റ് സേനകൾ ആലെപ്പോയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ച് പിടിച്ചതിന് ശേഷം ഇവിടെ നിന്നും 6000ത്തോളം സിവിലിയന്മാരും റിബലുകളും പലായനം ചെയ്തിട്ടുണ്ട്. ഇതിൽ 2700 കുട്ടികളും ഉൾപ്പെടുന്നു. എന്നാൽ കിഴക്കൻ സിറിയയിലെ വലിയ നഗരമായ ആലെപ്പോയിൽ ഇപ്പോഴും ആയിരക്കണക്കിന് പേർ പട്ടിണിയും രോഗബാധയുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ആലെപ്പോ ഇപ്പോൾ നരകത്തിന്റെ പര്യായമായിത്തീർന്നിരിക്കുന്നുവെന്നാണ് യുഎൻ സെക്രട്ടറി ജനറലായ ബാൻ കി മൂൺ ന്യൂയോർക്കിൽ വച്ച് മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.ആലെപ്പോയിലെ പുരാതന സ്മാരമായ സിറ്റാഡെൽ യുദ്ധത്തിൽ തകർന്നിട്ടുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിലാണിത് നിർമ്മിച്ചതെന്നാ് കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെ നഗരത്തിൽ 11ാം നൂറ്റാണിൽ നിർമ്മിക്കപ്പെട്ട ഉമ്മയാദ് മോസ്‌കിന്റെ മിനാരത്തിനും നാശമുണ്ടായിട്ടുണ്ട്.

ആലെപ്പോയിലെ ചിരപുരാതനായ മാർക്കറ്റും വർഷങ്ങൾ നീണ്ട യുദ്ധത്തിന്റെ ഫലമായി തകർന്നിട്ടുണ്ട്.ഇവിടെ 4000ത്തോളം ഷോപ്പുകലും 40 കാരവാൻസെറെയ്കളും റോഡ് സൈഡ് ഇന്നുകളുമുണ്ട്. രോഗബാധിതരും മുറിവേറ്റവരും ആഹാരമില്ലാതെ വലയുന്നവരുമായ ആയിരക്കണക്കിന് പേർ ആലെപ്പോയിൽ പെട്ട് പോയിട്ടുണ്ടെന്നാണ് ദി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ്ക്രോസ് (ഐസിആർസി) വെളിപ്പെടുത്തുന്നത്. റിബലുകൾ കൈയടക്കി വച്ചിരിക്കുന്ന നഗരഭാഗങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള വിലപേശൽ നടന്ന് വരുന്നുണ്ട്. ഇവിടെ നിന്നുമുള്ള ഒഴിപ്പിക്കൽ പുനരാരംഭിക്കുമെന്നാണ് സിറിയൽ റിബൽ ഒഫീഷ്യലും ഗവൺമെന്റ് ഒഫീഷ്യലും വ്യക്തമാക്കുന്നത്. സർക്കാരിനെ അനുകൂലിക്കുന്ന സേനകളും എതിർക്കുന്ന സേനകളും അവരുടെ അന്താരാഷ്ട്ര ബ്രോക്കർമാരും ഭാഗഭാക്കാകുന്ന വിലപേശൽ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.