മെൽബൺ: യൂറോപ്പിലും യുഎസിലും എബോള ബാധ കണ്ടെത്തിയതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ എയർപോർട്ടുകളിലും മറ്റും പരിശോധന ശക്തിപ്പെടുത്തി. ഇതുവരെ ആരും രാജ്യത്ത് എബോള ബാധിതരായി കാണപ്പെട്ടിട്ടില്ലെങ്കിലും സ്‌പെയിനിലും യുഎസിലും മറ്റും എബോള വൈറസ് ബാധിച്ച് ഏതാനും പേർ ചികിത്സ തേടിയതോടെ ഇവിടേയും ആശങ്ക വ്യാപകമായി. എബോള ബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇനി ഓസ്‌ട്രേലിയ മെഡിക്കൽ സംഘത്തെയോ സൈന്യത്തെയോ അയയ്ക്കില്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എബോളയെ ചെറുക്കുന്നതിനുള്ള ഒട്ടേറെ മുൻകരുതലുകൾ രാജ്യത്ത് സ്വീകരിച്ചുകഴിഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരെ കർശന മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയ ചീഫ് മെഡിക്കൽ ഓഫീസർ പ്രഫ. ക്രിസ് ബഗോളി വെളിപ്പെടുത്തി. നൈജീരിയ, സിയേര ലിയോൺ, ഗിനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരെ ബയോ സെക്യുരിറ്റി സ്റ്റാഫ് നിരവധി പരിശോധന നടത്തുന്നുണ്ട്. എബോള രോഗികളുമായി ഏതെങ്കിലും തരത്തിൽ അടുത്തിഴപഴകിയിട്ടുണ്ടോ, സംസ്‌ക്കാരചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടോ, കഴിഞ്ഞ 24 മണിക്കൂറിൽ പനി ഉണ്ടായിട്ടുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ഇവരെ എയർപോർട്ടിൽ നിന്നു പുറത്തുകടക്കാൻ അനുവദിക്കാറുള്ളൂ.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ രാജ്യത്തെ പത്ത് എയർപോർട്ടുകളിലായി 700-ൽ അധികം യാത്രക്കാരെയാണ് എബോളപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. എബോള ബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങൾക്ക് പോയിട്ടുള്ള ഓസ്‌ട്രേലിയൻ ഹെൽത്ത് വർക്കർമാർ തിരിച്ചെത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികളും സർക്കാർ ചെയ്തുവച്ചിട്ടുണ്ട്. ലൈബീരിയ, സിയേറ ലിയോൺ എന്നിവിടങ്ങളിൽ 12 ഓസ്‌ട്രേലിയക്കാരും രണ്ടു ന്യൂസിലാൻഡുകാരും സന്നദ്ധ പ്രവർത്തനത്തിന് പോയിരിക്കുകയാണ്.

ഇതുവരെ 11 പേരെ എബോള വൈറസ് ബാധയുണ്ടോയെന്ന സംശയത്തിൽ രക്തപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അടുത്തിടെ ക്യൂൻസ് ലാൻഡിൽ നിന്നുള്ള നഴ്‌സിനാണ് എബോള വെറസ് പരിശോധന നടത്തിയത്. രണ്ടു പരിശോധനകളിലും അമ്പത്താറുകാരിയായ സ്യൂ എല്ലൻ കോവാക്കിന് നെഗറ്റീവ് ആയതിനാൽ ഇവരെ ഇപ്പോൾ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.

അതേസമയം എബോള ബാധിത പ്രദേശങ്ങളിലുള്ള ഹെൽത്ത് വർക്കേഴ്‌സിന്റെ ആരോഗ്യം അപകടത്തിലാണെന്ന് എഎൻയു ഇൻഫെക്ഷ്യസ് ഡീസസ് എക്‌സ്‌പേർട്ട് പ്രഫ. പീറ്റർ കോളിങ്നൻ വ്യക്തമാക്കി. ആവശ്യത്തിന് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ രോഗം ബാധിക്കാൻ ഏറെ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുഎസിലെ രണ്ട് ആരോഗ്യപ്രവർത്തകർക്കും സ്‌പെയിനിലെ നഴ്‌സിനും ഇത്തരത്തിലാണ് എബോള വൈറസ് ബാധിച്ചത്.