ഫാദർ അലക്സാണ്ടർ കുര്യൻ അല്ലെങ്കിൽ, വിശ്വാസികളും പരിചയക്കാരും വിളിക്കുന്നതുപോലെ കുര്യനച്ചന് ശിരസ്സിൽ രണ്ട് കിരീടങ്ങളാണ് ഉള്ളത്. ഒന്ന്, സഭാവിശ്വാസ പ്രകാരം വിശ്വാസികളുടെ ആത്മീയകാര്യങ്ങളിൽ നേതൃത്വം നൽകുവാൻ സഭ ഏല്പിച്ച പുരോഹിതന്റെ കിരീടം. മറ്റൊന്ന്, സീനിയർ എക്സിക്യുട്ടീവ് എന്ന, അമേരിക്കൻ സിവിൽ സർവ്വീസിലെ ഏറ്റവും ഉയർന്ന പദവിയുടെ കിരീടം. അമേരിക്കൻ പ്രസിഡണ്ട് ഒപ്പിട്ട രണ്ട് സുപ്രധാന നയരേഖകളുടെ നടത്തിപ്പിന്റെ ചുമതലയാണ് കുര്യനച്ചന് ഉള്ളത്.

സാമ്പത്തിക വികസനവും ആസൂത്രണത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ഓപ്പർചൂനിറ്റി സോണുകൾ, അവശ വിഭാഗങ്ങൾ എന്നിവ അടയാളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഒരു ഉത്തരവ്. മറ്റൊന്ന് അമേരിക്കൻ സ്മാരകങ്ങളും സ്മൃതിമണ്ഡപങ്ങളും സംരക്ഷിക്കുന്നതും, അടുത്തിയിടെ നടന്ന കലാപം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതും. ഈ രണ്ട് ഉത്തരവുകളും നവംബർ 3 ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി നടപ്പാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നയരൂപീകരണവും ഫാദർ കുര്യന്റെ ചുമതലയിലാണ്.

തീർത്തും അസാദ്ധ്യമെന്ന് തോന്നാവുന്ന രണ്ട് ജോലികളാണ് തന്നെ ഏല്പിച്ചിരിക്കുന്നതെന്നും എങ്കിലും ഇത് നടത്തുവാൻ ഈശ്വരൻ ശക്തി തരും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരാൾ കഠിനാദ്ധ്വാനം ചെയ്താൽ അസാദ്ധ്യമായി ഒന്നുമില്ല എന്നതാണ് തന്റെ ജീവിത മന്ത്രം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവം എന്നും മാർഗനിർദ്ദേശങ്ങൾ നൽകി തന്റോടൊപ്പമുണ്ട് എന്നും അതുകൊണ്ടു തന്നെ കഴിഞ്ഞ കാലങ്ങളിലേതുപോലെ ഇത്തവണയും ഏല്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ അലക്സാണ്ടർ കുര്യൻ തന്റെ പതിനാറാം വയസ്സിൽ പ്രീഡിഗ്രി പൂർത്തിയാക്കിയശേഷമാണ് അമേരിക്കയിലെ സഹോദരിയുടെ അടുത്തെത്തുന്നത്. അതിനു ശേഷം അദ്ദേഹം എടുത്തിട്ടുള്ള ഓരോ അടിയും ഒരു കുതിച്ചുചാട്ടമായിരുന്നു. 1999 ന് ശേഷമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ അദ്ദേഹത്തിന്റെ ഉയർച്ച ആരംഭിക്കുന്നത്.

ഒബാമ പ്രസിഡണ്ടായപ്പോൾ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സ്ട്രാറ്റജിക് പ്ലാനിംഗിന്റെ ഡയറക്ടറായി നിയയമിതനായ കുര്യൻ പിന്നീട് വച്ചടി കയറ്റമായിരുന്നു. 2018-ൽ ട്രംപിന് കീഴിൽ, ഏകദേശം 2 ട്രില്ല്യൺ ഡോളർ വിലവരുന്ന യു എസ് ഫെഡറൽ റിയൽ എസ്റ്റേറ്റിന്റെ പൂർണ്ണ ഉത്തരവാദിത്തമുള്ള യു എസ് ഫെഡറൽ റീയൽ പ്രോപ്പർട്ടി കൗൺസിലിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അദ്ദേഹം നിയമിതനായി.

അടുത്തവർഷം സീനിയർ പോളിസി ഓപറേറ്റിങ് ഗ്രൂപ്പിൽ എത്തിയ അദ്ദേഹത്തിന് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നടപടികളുടെ ഉത്തരവാദിത്തമായിരുന്നു. അതിനു മുൻപായി, ലോകമാകമാനമുള്ള യു എസ് എംബസികളുടെയും കൗൺസിലുകളുടെയും പരിപാലന ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം 147 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി ബിരുദങ്ങൾ ഫാദർ അലക്സാണ്ടർ കുര്യന്റെ പേരിലുണ്ട്. ദൈവശാസ്ത്രത്തിലെ ബിരുദത്തിനു പുറമേ ഫിനാൻസിൽ എം ബി എയും ഉണ്ട്. ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ് കോഴ്സും പൂർത്തിയാക്കിയ ഇദ്ദേഹം റോയൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ചാർട്ടേർഡ് സർവേയേഴ്സിലെ ഫെല്ലോ കൂടിയാണ്. പബ്ലിക് ലോ ആൻഡ് പബ്ലിക് പോളിസിയിൽ ഡോക്ടറേറ്റ് എടുക്കുക എന്നതാണ് തന്റെ അടുത്ത ആഗ്രഹം എന്നു പറയുന്ന അച്ചൻ അത് 2022 ഓടെ പൂർത്തീകരിക്കാനാകും എന്നും വിശ്വാസം പ്രകടിപ്പിച്ചു.

ഔദ്യോഗിക ചുമതലകളുടെ തിരക്കിലും ദൈവശുശ്രൂഷയ്ക്ക് ഇപ്പോഴും അച്ചൻ സമയം കണ്ടെത്താറുണ്ട്. അമേരിക്കയിൽ അങ്ങോളമിങ്ങോളംഉള്ള പള്ളികളിൽ പുരോഹിതനെന്ന നിലയിലുള്ള തന്റെ ചുമതല നിർവ്വഹിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. ഈ ദൈവശുശ്രൂഷയാണ് ഔദ്യോഗിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള ആത്മവിശ്വാസം തനിക്ക് നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ പത്നി വീട്ടമ്മയാണ്. പഠനം പൂർത്തിയാക്കിയ രണ്ട് പെൺമക്കളും കോളേജിൽ പഠിക്കുന്ന ഒരു മകനുമുണ്ട്.