കോഴിക്കോട്: മമധർമ്മ പ്രൊഡക്ഷൻസിന്റെ 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയിലേക്ക് വീണ്ടും ധന സഹായം അഭ്യർത്ഥിച്ച് സംവിധായകൻ അലി അക്‌ബർ. നിങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നത്. നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിന്റെ വേഗതയിലേക്ക് സഹായമായാണ് പൈസ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ അടക്കം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് ധനസഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവച്ചാണ് അലി അക്‌ബർ ധന സഹായത്തിന്റെ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവർത്തനങ്ങൾക്കായി ആദ്യ ഘട്ടത്തിൽ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്‌ബർ ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയിൽ അഭിനയിക്കുന്നതെന്നും, അവർക്കുള്ള അഡ്വാൻസ് കൊടുത്തെന്നും അലി അക്‌ബർ അറിയിച്ചു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നൻ' എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്‌ബർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

സ്വാമി ചിദാനന്തപുരിയാണ് ചിത്രത്തിന്റെ കോഴിക്കോട് വെച്ച് നടന്ന പൂജ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പൂജ. പൂജയുടെ ചിത്രങ്ങളും വീഡിയോയും അലി അക്‌ബർ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. 25-30 ദിവസം വരെയായിരിക്കും 1921ന്റെ ആദ്യ ഷെഡ്യൂൾ. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂർത്തിയാക്കുക. ഹരി വേണുഗോപാലാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്. അലി അക്‌ബർ ആണ് വരികൾ എഴുതുന്നത്.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയർ ഫീറ്റ് ഷൂട്ടിങ് ഫ്‌ളോർ ഒരുക്കിയ വിവരം അലി അക്‌ബർ നേരത്തെ അറിയിച്ചിരുന്നു. സിനിമയിൽ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്‌ബർ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികൾ കൈയിലുണ്ടെന്നും കത്തി ഡിസൈൻ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്‌സ് ട1ഒ 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ൽ അലി അക്‌ബറിന്റേതായി പുറത്തിറങ്ങിയ 'മുഖമുദ്ര' എന്ന സിനിമയുടെ ക്ലാപ് ബോർഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്‌ബർ പറഞ്ഞു.

 

ഞങ്ങൾ അവസാന വട്ട ഒരുക്കത്തിലാണ്. നിങ്ങളോ? നിങ്ങൾ കൂടെയുണ്ടാകും എന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്...ഇനി പ്രവർത്തനത്തിന്റെ വേഗതയിലേക്ക്...

MAMA DHARMA PRODUCTIONS
CURRENT A/C NO: 59221223344555
HDFC BANK VAIKOM MUHMMAD BASHEER ROAD.
CALICUT.
IFSC : HDFC0000125