- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലി അക്‌ബർ രാമസിംഹനായി; പൂണൂലിട്ട് വെള്ള മുണ്ടും കാവി ഷാളും ധരിച്ച് ഹിന്ദുമതാചാരപ്രകാരം പേരുമാറ്റം; ഒപ്പം ഭാര്യ ലൂസിയാമ്മയും; ഘർ വാപസി എന്ന ഹാഷ്ടാഗിൽ ഔദ്യോഗിക മതംമാറ്റം അറിയിച്ചത് പ്രതീഷ് വിശ്വനാഥ്
കോഴിക്കോട്: സംവിധായകൻ അലി അക്‌ബർ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ ഇസ്ലാം മതം ഉപേക്ഷിച്ചു. ആചാരവിധി പ്രകാരം ഹിന്ദു മതം സ്വീകരിച്ച് രാമസിംഹൻ എന്ന പേര് സ്വീകരിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് അലി അക്‌ബർ ഔദ്യോഗികമായി മതം മാറിയ വിവരം അറിയിച്ചത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രതീഷ് വിശ്വനാഥ് ഇക്കാര്യം അറിയിച്ചത്. 'ചരിത്രം ആവർത്തിക്കുന്നു, അലി അക്‌ബർ രാമസിംഹനായി', എന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്‌ബുക്കിൽ എഴുതിയത്. ഘർ വാപസി എന്ന ഹാഷ് ടാഗും കുറിപ്പിൽ ചേർത്തിട്ടുണ്ട്. പൂണൂലിട്ട് വെള്ള തുണിയും കാവി ഷാളും ധരിച്ച് അലി അക്‌ബർ ഹോമ കുണ്ഡത്തിന് മുമ്പിൽ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്‌ബറിന് കൂടെയുണ്ട്.
ഫേസ്‌ബുക്ക് ലൈവിലൂടെയാണ് അലി അക്‌ബർ നേരത്തെ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്.ഇനി മുതൽ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്‌ബർ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതൽ വലിച്ചെറിയുകയാണ്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്.
ഇനി മുതൽ താൻ രാമസിംഹൻ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് അലി അക്‌ബർ പറഞ്ഞു. ''കേരളത്തിന്റെ സംസ്‌കാരത്തോട് ചേർന്നു നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ അലി അക്‌ബറിനെ രാമസിംഹൻ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു'' എന്ന് അലി അക്‌ബർ കൂട്ടിച്ചേർത്തു.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണ വാർത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതിൽ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നാണ് അലി അക്‌ബർ അറിയിച്ചത്. ഇതിനെതിരെ പ്രതികരിച്ച തൻന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫേസ്‌ബുക്കിന്റെ തലപ്പത്ത് ജിഹാദികൾ കൂടുകൂട്ടിയിരിക്കുകയാണെന്നും അലി അക്‌ബർ ആരോപിച്ചിരുന്നു.
തന്റെ ഏറ്റവും പുതിയ സിനിമയായ 'പുഴ മുതൽ പുഴ വരെ'-യിൽ സംവിധായകന്റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹൻ എന്ന പേരാകും നൽകുകയെന്നും നിർമ്മാതാവിന്റെ ടൈറ്റിലിൽ അലി അക്‌ബർ എന്ന് തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ