ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളിലൊന്നായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികളും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. മൈക്രോമാക്‌സ് ഇൻഫോമാറ്റിക്‌സിന്റെ മൊത്തം മൂല്യമായ ആറു ബില്യൺ ഡോളറിൽ 1.2 ബില്യൺ ഡോളർ മുതൽ മുടക്കാനാണ് ആലിബാബയുടെ ലക്ഷ്യം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡായ മൈക്രോമാക്‌സും ആലിബാബ ഗ്രൂപ്പും തമ്മിൽ ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ജാപ്പനീസ് ടെലികോം സ്ഥാപനമായ സോഫ്റ്റ് ബാങ്ക് കോർപറേഷനും മൈക്രോമാക്‌സിൽ മുതൽ മുടക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഏറ്റെടുക്കൽ തുക സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം മൂലം സോഫ്റ്റ് ബാങ്ക് ഇതിൽ നിന്നു പിന്മാറുകയായിരുന്നു. അതേസമയം ഇതുസംബന്ധിച്ച് കൂടുതൽ വസ്തുതകൾ വെളിവാക്കാൻ ആലിബാബയോ, മൈക്രോമാക്‌സോ, സോഫ്റ്റ്ബാങ്കോ തയാറായിട്ടില്ല.

ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആലിബാബ മൈക്രോമാക്‌സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. സ്മാർട്ട്‌ഫോൺ മാർക്കറ്റിൽ മൈക്രോമാക്‌സിന്റെ അഭൂതപൂർവമായ വളർച്ച തന്നെയാണ് ഇതിനെ ഏറ്റെടുക്കാൻ ആലിബാബയെ പ്രേരിപ്പിച്ചതും. കഴിഞ്ഞ പാദത്തിൽ കമ്പനി രേഖപ്പെടുത്തിയത് വരുമാനത്തിൽ 45 ശതമാനം വർധനയാണ്.

ആലിബാബ ഗ്രൂപ്പിന്റെ തന്നെ ഭാഗമായ ആലിപേ ആയിരിക്കും മൈക്രോമാക്‌സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ആലിപേയുടെ ഉടമകളായ ആൻഡ് ഫിനാൻഷ്യൽ സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമായിരിക്കും ഓഹരികൾ വാങ്ങുക. സ്വകാര്യമേഖലയിലുള്ള രണ്ടോ മൂന്നോ പങ്കാളികളെ കൂട്ടിയായിരിക്കും മൈക്രോമാക്‌സിന്റെ ഓഹരികൾ അവർ വാങ്ങുക.

രാഹുൽ ശർമ, വികാസ് ജെയിൻ, സുമീത് അരോറ, രാജേഷ് അഗർവാൾ എന്നിവർ ചേർന്ന് 15 വർഷം മുമ്പ് തുടങ്ങിയ മൈക്രോമാക്‌സ് 2008 മുതലാണ് മൊബൈൽ ഫോൺ രംഗത്തേക്ക് കടക്കുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനിയായി മൈക്രോമാക്‌സ് മാറി.

കമ്പനിയിൽ സ്ഥാപകർക്ക് നാലുപേർക്കും കൂടി 80 ശതമാനത്തിനടുത്ത് ഓഹരിയാണ് ഉള്ളത്. 15 ശതമാനം ഓഹരികൾ ടി.എ. അസോസിയേറ്റ്‌സിന്റെ കൈവശമാണ്. അഞ്ച് വർഷം മുമ്പ് 225 കോടി രൂപയ്ക്കാണ് ഈ ഓഹരികൾ അവർ ഏറ്റെടുത്തത്. അന്ന് 1,500 കോടി രൂപയായിരുന്നു കമ്പനിയുടെ മൂല്യം.