തിരുവനന്തപുരം: ആർ ജെ രാജേഷ് കൊലയിൽ അലിഭായിയുടെ കുറ്റസമ്മത മൊഴി. തന്റെ സുഹൃത്തായ ഖത്തറിലെ അബ്ദുൾ സത്താറിന് വേണ്ടിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്നാണ് അലിഭായി എന്ന സാലിഹ് പറയുന്നത്. ഇന്ന് രാവിലെയാണ് ഖത്തറിൽ നിന്ന് സാലിഹ് തിരുവനന്തപുരത്ത് എത്തിയത്. ഖത്തറിലെ വിസ റദ്ദാക്കാൻ നടപടി തുടങ്ങിയതോടെയാണ് സാലിഹ് നാട്ടിലേക്ക് എത്തിയത്. ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് കൊലപാതകത്തിന് ക്വോട്ടേഷൻ നൽകിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി നായമ്പരത്ത് വീട്ടിൽ സത്താർ പറഞ്ഞിരുന്നു. ഇത് തള്ളിക്കളയുന്ന മൊഴിയാണ് സാലിഹ് നൽകിയത്.

സത്താറിന്റെ ഭാര്യയായ നൃത്താധ്യാപികയുമായി രാജേഷിന് സൗഹൃദം ഉണ്ടായിരുന്നു. ഇത് മൂലം കുടുംബം തകർന്നു. മൂന്ന് മാസം മുമ്പ് വിവാഹ മോചനവും നടന്നു. ഇതിലുള്ള പ്രതികാരമായിരുന്നു കൊല. സത്താറിന്റെ നിർദ്ദേശ പ്രകാരം അതീവ രഹസ്യമായി കൊല്ലത്ത് എത്തി. ക്വട്ടേഷൻ പദ്ധതിയിട്ടു. എല്ലാം വാട്‌സാപ്പിലൂടെ ഖത്തറിലെ സുഹൃത്തിനെ അറിയിക്കുകയും ചെയ്തു. നാട്ടിലെത്താൻ വിമാന ടിക്കറ്റ് എടുത്തു തന്നത് സത്താറാണെന്നും അലിഭായി അറിയിച്ചു. ഇതോടെ കൊലയിൽ സത്താറിനുള്ള പങ്കും നിസംശയം തെളിയുകയാണ്. ഖത്തറിൽ സത്താറിന് യാത്രാ വിലക്കുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരാൻ എത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസ് ഖത്തറിലേക്ക് പോകും. കേസിൽ സത്താറിനേയും പ്രതിയാക്കും.

സത്താറിന്റെ കുടുംബം നശിപ്പിച്ചതിന്റെ പ്രതികാരമാണ് കൊല. കൊലയ്ക്ക് ശേഷം കത്തി കൊല്ലത്ത് ഉപേക്ഷിച്ചു. സത്താറാണ് തനിക്ക് ജോലി നൽകിയത്. ഇതാണ് ക്വട്ടേഷൻ ഏറ്റെടുക്കാൻ കാരണമെന്നും അലിഭായി എന്ന സത്താർ സമ്മതിച്ചിട്ടുണ്ട്. 'കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സത്താർ പറഞ്ഞിരുന്നത്. എന്റെ ഭാര്യയായിരുന്ന സ്ത്രീക്ക് രാജേഷുമായി ബന്ധമുണ്ടായിരുന്നതിനാൽ അയാളെ ആര് കൊലപ്പെടുത്തിയാലും തീർച്ചയായും എന്റെ പേര് അതിലേക്ക് വലിച്ചിഴക്കും.അല്ലാതെ എനിക്കിതുമായി യാതൊരു ബന്ധവുമില്ല.-ഇതായിരുന്നു വിശദീകരണം. ഇതാണ് സാലിഹിന്റെ മൊഴിയോടെ പൊളിയുന്നത്. ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ഖത്തറിൽ സത്താരിന്റെ ഉടമസ്ഥതയിലുള്ള അൾട്ടിമേറ്റ് ജിംനേഷ്യത്തിൽ ട്രെയിനറായിരുന്നു.

'ഞാനും ഒരു യുവാവല്ലേ ...കമ്മലിട്ടത് പോയാൽ കടുക്കനിട്ടത് വരും' എന്നായിരുന്നു ആദ്യ ഭാര്യയുമായി പിരിഞ്ഞതിനെ കുറിച്ചുള്ള സത്താറിന്റെ പ്രതികരണം. ദോഹയിൽ ഒരു ബ്യുട്ടി സലൂൺ തുടങ്ങിയതുമായി ബന്ധപ്പെട്ട് നാല് ലക്ഷം റിയാലിന്റെ ബാധ്യതകൾ ഉള്ളതിനാൽ തനിക്കും മുൻ ഭാര്യക്കും ഖത്തറിൽ യാത്രാ വിലക്കുണ്ടെന്നും സത്താർ വെളിപ്പെടുത്തിയിരുന്നു. ഇത് കേരളാ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് അലി ഭായിയെ കസ്റ്റഡിയിലെടുത്തത്. ഖത്തറിലേക്ക് കടന്ന ഇയാളെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കേസിലെ സൂത്രധാരന്മാരിൽ ഒരാളായ സ്വാതി സന്തോഷിനെ പിടികൂടിയിരുന്നു.

ഇതോടെ കേസിൽ പിടികൂടിയവരുടെ എണ്ണം നാലായി. എൻജിനീയറിങ് വിദ്യാർത്ഥിയായ ഓച്ചിറ സ്വദേശി യാസിൻ, കൊല്ലം സ്വദേശി സനു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. ഇവരെല്ലാം കുറ്റകൃത്യത്തിൽ സത്താറിനുള്ള പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. അലിഭായി ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ മണത്തറിഞ്ഞ പൊലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ സ്വീകരിക്കുകയും കൃത്യം നടത്തുകയും ചെയ്തത് അലിഭായിയാണെന്നാണ് പൊലീസ് പറയുന്നത്. രാജേഷിനെ കൊലപ്പെടുത്താൻ മാത്രം നാട്ടിലെത്തുകയും കൃത്യം നടത്തി ബാംഗ്ളൂരു വഴി കാഠ്മണ്ഡുവിലേക്കും അവിടെ നിന്നും ഗൾഫിലേക്കും പോകുകയായിരുന്നു. ഇതോടെയാണ് പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയും അവർ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇരിക്കുകയായിരുന്നു.

ഖത്തറിലുള്ള അലിഭായിയെ കേരളത്തിൽ എത്തിക്കാൻ പൊലീസ് ശ്രമം നടത്തി വരികയായിരുന്നു. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉറപ്പായതോടെയാണ് അലിഭായി കീഴടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്.സത്താറിനെ പിടികൂടാനും പൊലീസ് ഇന്റർ പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചനയുണ്ട്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന രാജേഷിന്റെ വനിതാസുഹൃത്തിനെയും ചോദ്യം ചെയ്തേക്കും. ഇവർക്കും ക്വട്ടേഷൻ നൽകിയയാൾ എന്ന് പൊലീസ് കരുതുന്ന മുൻ ഭർത്താവ് ഖത്തർ വ്യവസായി സത്താറിനും ഗൾഫിൽ സഞ്ചാരവിലക്ക് ഉള്ളതിനാൽ ഇരുവരെയും നേരിട്ട് കണ്ട് മൊഴിയെടുക്കാനും പൊലീസിന് ഉദ്ദേശമുണ്ട്.