- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലിഗഢ് സർവകാലശാലക്കും 'ഇസ്ലാമോഫോബിയ'! മൗദൂദിയുടെയും ഖുതുബിന്റെയും പുസ്തകങ്ങൾ സിലബസിൽനിന്ന് നീക്കി; നടപടി ഇവ തീവ്രവാദത്തിനും മതവിദ്വേഷത്തിനും ഇടവരുത്തുന്നെന്ന് പരാതി ലഭിച്ചതിനാൽ; ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമെന്ന് എന്ന് ജമാഅത്തെ ഇസ്ലാമി; അലിഗഢും സെക്യുലർ സിലബസിലേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ മതമൗലികവാദം വളർത്തുന്നതിന് ഉതകുന്ന രീതിയിലുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നുവെന്നതിന്റെ പേരിൽ ഏറെ ആരോപണ വിധേയമായ സർവകലാശാലയാണ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി. പൗരത്വഭേദഗതി സമരത്തിന്റെ കാലത്തൊക്കെ, സംഘപരിവാർ സംഘടനകൾ ആരോപിച്ചിരുന്നത് അലിഗഢ് യൂണിവേഴ്സിറ്റിയിൽ പഠിച്ച തീവ്രവാദികളാണ്, ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത് എന്നായിരുന്നു. അലിഗഢ് സർവകാലശാലയുടെ സിലബസ് പോലും സെക്യുലർ അല്ല എന്ന ആരോപണവും ഉയർത്തിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ കടുത്ത നടപടിയുമായി സർവകാലാശാല തന്നെ രംഗത്ത് എത്തിയിരിക്കയാണ്.
തീവ്രവാദത്തിനും മതവിദ്വേഷത്തിനും ഇടവരുത്തു ആക്ഷേപകരമായ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തെതുടർന്ന് അലിഗഢ് മുസ്ലിം സർവകലാശാല ഇസ്ലാമിക വിഭാഗം സിലബസിൽനിന്ന് അബുൽ അഅ്ലാ മൗദൂദി, സയ്യിദ് ഖുതുബ് എന്നിവരുടെ ഗ്രന്ഥങ്ങൾ നീക്കി. ഇരുവരുടെയും ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ഇരുപതോളം പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. തീവ്ര രാഷ്ട്രീയ ഇസ്ലാമിക ചിന്ത പ്രചരിപ്പിക്കുന്നവയാണ് ഇവയെന്നായിരുന്നു ആരോപണം. 'വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് നടപടി'യെന്ന് വാഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ പറയുന്നത്. ഐച്ഛിക കോഴ്സുകളുടെ ഭാഗമായിരുന്നു ഇരുവരുടെയും ഗ്രന്ഥങ്ങളെന്നും അതിനാൽ അക്കാദമിക് കൗൺസിലിൽ ചർച്ചചെയ്യാതെ ഒഴിവാക്കാവുന്നതാണെന്നും സർവകലാശാല വക്താവ് ഉമർ പീർസാദ പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ജമാഅത്തെ ഇസ്ലാമിയും രംഗത്ത് എത്തിയിട്ടുണ്ട്.
ശ്രദ്ധ തിരിച്ചുവിടാനെന്ന് ജമാഅത്തെ ഇസ്ലാമി
രാജ്യത്തിന്റെ മുഖ്യവിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടുന്നതിനുണ്ടാക്കിയ വിവാദങ്ങളിലൊന്നാണ് മൗദൂദിയുടെയും ഖുതുബിന്റെയും പുസ്തകങ്ങളെ കുറിച്ചുള്ള വിവാദമെന്ന് ജമാഅത്തെ ഇസ്?ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം കഴിഞ്ഞ ദിവസം ന്യഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടാണ് അതൊരു വലിയ ചർച്ചയാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകാരികമായ വിഷയങ്ങളിൽ ജനങ്ങളെ തളച്ചിട്ട് അടിസ്ഥാന വിഷയങ്ങൾ അവർ ശ്രദ്ധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അക്കാദമിക തലത്തിലുള്ള ഒരു വിഷയമാണിത്.അക്കാദമിക് തലത്തിൽ ഏത് വിഷയം പഠിപ്പിക്കണമെന്നത് അതിന്റെ സർവകലാശാലയും അക്കാദമിക് കൗൺസിലും ചേർന്ന് തീരുമാനിക്കേണ്ടതാണ്. അവർ അത് പലപ്പോഴും മാറ്റുന്നതും സാധാരണ നടപടിയാണ്. എന്നിട്ടും ചിലയാളുകൾ പ്രധാനമന്ത്രിക്ക് കത്തെഴുതി അതിനെ വൈകാരികമാക്കാനുള്ള ശ്രമം നടത്തി. ഒരു പ്രശ്നമല്ലാത്ത കാര്യത്തെ വലിയ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്.
ഇത്തരത്തിൽ രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളിൽ ജനശ്രദ്ധ തിരിച്ചുവിടാൻ അനുവദിക്കരുത്. ആ വിഷയത്തിന്? അതർഹിക്കുന്ന പ്രതികരണം ജമാഅത്ത് നൽകിയിട്ടുണ്ട് എന്നും മുഹമ്മദ സലീം കൂട്ടിച്ചേർത്തു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. മതിയായ ചർച്ചയില്ലാതെയാണ് പ്രധാന നിയമങ്ങൾ പോലും പാസാക്കിയെടുക്കുന്നത്. വിലക്കയറ്റവും അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നിരക്കുവർധനയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഗ്രാമീണ ഇന്ത്യക്ക് ഏറെ ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിക്ക് മതിയായ തുക അനുവദിക്കാത്തത്? മൂലം തൊഴിലാളികൾക്ക് വേതനം കൊടുക്കുന്നില്ല. 2014ന് ശേഷം ഒമ്പത്? ലക്ഷത്തിലേറെ പേർ വിദേശ പൗരത്വം സ്വീകരിച്ചത് തങ്ങളുടെ മക്കുടെ ഭാവിയിൽ അവർക്കുള്ള ആത്മവിശ്വാസക്കുറവാണ്? കാണിക്കുന്നതെന്ന് മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
എല്ലാ തീവ്രവാദത്തിന്റെയും അവസാനവാക്ക്
അതേസമയം ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഇസ്ലാമിക തീവ്രവാദധാരയുടെ അടിത്തറ ഖുത്തുബിസവും, മൗദൂദിസം ആണെന്നാണ് പ്രൊഫസർ ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത്. '' മതനിരപേക്ഷതതയേയും, മതങ്ങളുമായുള്ള സഹവർത്തിത്വവും ഒന്നും തന്നെ മൗദൂദി അംഗീകരിക്കുന്നില്ല. അദ്ദേഹത്തെ സംബദ്ധിച്ച് ഒരു മുസ്ലീമിന്റെ കടമ ജിഹാദ് മാത്രമാണ്. മതരാഷ്ട്രവാദം എന്ന ഗരുതരമായ ആശയത്തെ മുസ്ലിം സമൂഹത്തിലേക്ക് കടത്തിവിട്ട് തീവ്രവാദത്തിന് തീവെട്ടിപിടിക്കയാണ്''- ഹമീദ് ചേന്ദമംഗല്ലൂർ മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മത നിരപേക്ഷതയോട് അടുത്തുപോകരുതെന്നും സെക്കുലർ ഡെമോക്രസിയിൽ പങ്കെടുക്കുന്നത് ഹറാമാണെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ച വ്യക്തിയാണ് മൗദൂദി 'ഈ യുഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന എല്ലാ ജനാധിപത്യ വ്യവസ്ഥകളും, അവയിൽ ഇന്ത്യയിലിപ്പോഴുള്ള അസംബ്ലികളും, ഭൗതികകാര്യങ്ങളിൽ രാജ്യത്ത് വസിക്കുന്നവർക്ക് അവകാശപ്പെട്ടതും അവർക്ക് തന്നെ നിയമമുണ്ടാക്കാൻ അധികാരം നൽകുന്നവയുമാണ്. ഈ ആശയം ഇസ്ലാമിന് കടകവിരുദ്ധമാണ്. ജനങ്ങളുടെയും, മുഴുവൻ ലോകത്തിന്റെയും ഭരണാധികാരി അല്ലാഹുവാണെന്നാണ് ഇസ്ലാമിന്റെയും ഏകദൈവ വിശ്വാസത്തിന്റെയും അവിഭാജ്യഘടകം.
കൽപ്പനകളും നിർദേശങ്ങളും നടപ്പാക്കുന്നത് ദൈവത്തിന്റെ ജോലിയാണ്. ഇസ്ലാമിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നിയമത്തിന്റെ ഉറവിടവും ജീവിതത്തിന്റെ സകല കാര്യങ്ങളുടെ അടിത്തറയും ദൈവികഗ്രന്ഥവും പ്രവാചകന്റെ പാരമ്പര്യവുമാണ്. എന്നാൽ മേൽപറഞ്ഞ ജനാധിപത്യ സിദ്ധാന്തം അംഗീകരിക്കുന്നത് ഏക ദൈവത്വത്തിൽ നിന്ന് വ്യതിചലിക്കുന്നതിന് തുല്യമാണ്. അതിനാൽ ഈ യുഗത്തിലെ ജനാധിപത്യ വ്യവസ്ഥയിലുള്ള പാർലമെന്റുകളിലും അസംബ്ലികളിലും അംഗത്വം നേടുന്നത് ഹറാമാണ്(നിഷിദ്ധം). അവർക്ക് വോട്ട് ചെയ്യുന്നതും ഹറാമാണ്. കാരണം വോട്ട് ചെയ്യുകയെന്നാൽ ഇവിടത്തെ ഭരണഘടനയനുസരിച്ച് നിയമങ്ങളുണ്ടാക്കാനുള്ള വ്യക്തികളെ തിരഞ്ഞെടുക്കലാണ്. അത് പൂർണമായും ഏകദൈവ വിശ്വാസത്തിനെതിരാണ് (മൗദൂദി, റസാഇൽ വൊ മസാഇൽ, 1, ഡൽഹി, 1999 (1945), 304).
മൗദൂദിയുടെ നിലപാട് അലിഗഢിനെതിരെ
നിലവിലുള്ള ആധുനിക വിദ്യാഭ്യാസത്തെ നഖഃശിഖാന്തം എതിർത്ത മൗദൂദി മദ്രസാ സമ്പ്രദായവും അംഗീകരിച്ചില്ല. ഇപ്പോൾ മൗദൂദിയുടെ പുസ്തങ്ങൾ നിരോധിച്ചുകൊണ്ട് വിവാദത്തിലായ അലിഗഢ് യൂണിവേഴ്സിറ്റിയെക്കുറിച്ചുപോലും മൗദൂദിക്ക് വളരെ മോശം അഭിപ്രാമാണ്. ''അലിഗഢ് യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങൾ പടിഞ്ഞാറൻ സമ്പ്രദായം അപ്പടി സ്വീകരിച്ചതിനാൽ അവിടെ കറുത്ത ഇംഗ്ലീഷുകാരെ ഉല്പാദിപ്പിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾ അറവുശാലകളാണ്''-അമൃതസറിലെ സമ്മേളനത്തിൽ മൗദൂദി തുറന്നടിച്ചു. ഈ സ്ഥാപനങ്ങളിലെ ഡിഗ്രികൾ മരണത്തിനുള്ള സാക്ഷിപത്രങ്ങളാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. (തഅ്ലീമാത്, 1991, 45).
തുടർന്ന അലിഗഢ് പഠിക്കുന്നവരെ ജമാഅത്ത് നേതാക്കൾ വിലക്കിയിരുന്നു. അവിടെ പഠിച്ചുകൊണ്ടിരുന്ന തങ്ങളുടെ മക്കളെ പിന്തിരിപ്പിക്കുകയും ചെയ്തു. പല മക്കളും ജമാഅത്തുകാരായ പിതാക്കളുടെ നിർദ്ദേശം മാനിക്കാതെ അലിഗഢിലെ പഠനം തുടർന്നു. മറ്റു സ്ഥാപനങ്ങളിൽ പഠിക്കുന്നവരും ഇപ്രകാരം പഠനം ഉപേക്ഷിച്ചു. 1957 വരെ ഈ നിബന്ധനകൾ തുടർന്നു. മിശ്ര വിദ്യാഭ്യാസത്തെ നാശകരമെന്ന് മൗദൂദി മുദ്ര കുത്തി. പാശ്ചാത്യൻ വേഷം, സംഗീതം എന്നിവയും മൗദൂദി അംഗീകരിച്ചില്ല. കുതിര സവാരി, നീന്തൽ, ആയുധ പന്തയം തുടങ്ങിയവ അല്ലാത്ത എല്ലാ ഗെയിമുകളും സ്പോർട്സും പാശ്ചാത്യമാകയാൽ നിഷിദ്ധമാക്കി. ജമാഅത്തിന്റെ ഭരണഘടനയോട് അംഗങ്ങൾ പൂർണമായും കൂറുപുലർത്തണമെന്ന് മൗദൂദി ശഠിച്ചു. അതിനാൽ ജമാഅത്ത് സ്‌കൂളുകൾ സർക്കാരിന്റെ ബോർഡുകളുമായി അഫിലിയേറ്റ് ചെയ്യുന്നതും വിലക്കി. ജമാഅത്ത് നിർദേശിക്കുന്ന ജോലിയോ വ്യവസ്ഥയോ അല്ലാതെ മറ്റൊന്നിലും പ്രവർത്തിക്കാൻ ജമാഅത്തുകാരെ അനുവദിച്ചില്ല. കാരണം ജമാഅത്തിന്റെ നിർദേശത്തിലില്ലാത്തതെല്ലാം പൈശാചികമാണ് (താഗൂതി).
പക്ഷേ കാലം മാറിയപ്പോൾ ജമാഅത്തുകാർ കൂട്ടത്തോടെ അലിഗഢിൽ എത്താൻ തുടങ്ങി. അവർ വേഷം മാറിയ മനുഷ്യാവകാശ പ്രവർത്തകരായി. പക്ഷേ അവരുടെ ആശയത്തിന്റെ തനിനിറം സോഷ്യൽ മീഡിയയിലെ ചർച്ചകളിലൂടെ പുറത്താവുകയാണ്. നേരത്തെ ഇത്തരം നീക്കങ്ങൾ ഉണ്ടായാൽ ഇസ്ലാമോ ഫോബിയ പരത്തുന്നുവെന്ന് പറഞ്ഞ് ചാപ്പയിടിച്ച് പ്രതിരോധിക്കയാണ് ജമാഅത്തെ ഇസ്ലാമി അടക്കം ചെയ്യാറുള്ളത്. പക്ഷേ ഇത് അലീഗഢ് ചെയ്ത പണിയായതുകൊണ്ട് അങ്ങനെ പ്രതിരോധിക്കാനും അവർക്ക് ആവുന്നില്ല.