ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നൽകിയ ഭാരത രത്‌നം ബഹുമതി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നടത്തിയ പ്രമേയത്തെ എതിർത്ത് ആംആദ്മി എംഎൽഎ. ഇതിന് പിന്നാലെ അൽക്ക ലാംബ എംഎൽഎയോട് രാജി വയ്ക്കണമെന്നും ആം ആദ്മി പാർട്ടി നിർദ്ദേശിച്ചിരിക്കുകയാണ്. സിഖ് വിരുദ്ധ കലാപം തടയുന്നതിൽ പരാജയപ്പെട്ടതിനാൽ രാജീവ് ഗാന്ധിക്ക് നൽകിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന എഎപിയുടെ പ്രമേയത്തെ പിന്തുണക്കാൻ അൽക്ക തയ്യാറായിരുന്നില്ല.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജി ചോദിച്ചതായി സ്ഥിരീകരിച്ച അൽക്ക ഉടൻ രാജിക്കത്ത് നൽകുമെന്ന് അറിയിച്ചു. വെള്ളിയാഴ്ചയാണ് പ്രമേയം ഡൽഹി നിയസഭ പാസാക്കിയത്. എഎപി എംഎ‍ൽഎ ജെർണയിൽ സിങ് അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. പ്രമേയത്തെ പിന്തുണക്കാൻ കനത്ത സമ്മർദമുണ്ടെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. പ്രമേയം പാസാക്കിയ യോഗത്തിൽ നിന്ന് അവർ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതം വന്നാലും നേരിടാൻ തയ്യാറാണെന്ന് അൽക്ക ലാംബ പ്രതികരിച്ചതിന് പിന്നാലെയാണ് അവരോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അൽക്ക 2014 ലിലാണ് കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നത്. ചാന്ദ്നി ചൗക്ക് മണ്ഡലത്തെയാണ് അവർ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.