തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനെ വെറുതെ തെറ്റിദ്ധരിക്കാൻ ഇടയായ 'ഏലസ്' വിവാദം സജീവമാകുന്നതിനിടെ അത് ഏലസ്സല്ലെന്നും പ്രമേഹനിയന്ത്രണത്തിന് കോടിയേരി ഉപയോഗിച്ചിരുന്ന ഉപാധിയാണെന്നുമാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വിശദീകരണം.

പ്രമേഹം നിയന്ത്രിക്കാനുള്ള വിവര ശേഖരണത്തിന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി അറിയാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനെ ഏലസ്സായി തെറ്റിദ്ധരിച്ചതോടെ സംഭവം വാർത്തയായത്. ഇതോടെ കോടിയേരി ഉപയോഗിച്ച പ്രമേഹ നിയന്ത്രണ ഉപാധിയെപ്പറ്റിയും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഡിവൈസ് അഥവാ സിജിഎം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചിപ്പുപോലെ തൊലിപ്പുറത്ത് പറ്റിച്ചുചേർത്ത് വയ്ക്കുന്ന കൊച്ച് ഉപകരണമാണ് കുറച്ചുനേരത്തേക്കെങ്കിലും കോടിയേരിയെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്.

പ്രമേഹം ഇന്ന് മിക്കവരേയും അലട്ടുന്ന ജീവിതശൈലീ രോഗങ്ങളിലൊന്നാണ്. ഇതിനെ ചെറുക്കാനും നിയന്ത്രിക്കാനും നിരവധി ഉപായങ്ങൾ ഇന്ന് പ്രയോഗത്തിലുണ്ട്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന പ്രവണതയാണ് പ്രമേഹമെന്ന് പറയാം. തുടക്കത്തിൽ ഭക്ഷണശീലങ്ങൾ നിയന്ത്രിച്ച് പ്രമേഹത്തെ നിയന്ത്രിക്കാമെങ്കിലും ഒരു പരിധിവിട്ട് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് മരണത്തിനുവരെ കാരണമാകും.

അതിനാൽ മരുന്നുകളിലൂടെയും കൂടുതൽ പ്രശ്‌നമുള്ള രോഗികളിൽ ഇൻസുലിൻ ഉപയോഗിച്ചും ആണ് രോഗ നിയന്ത്രണം. ഇൻസുലിന്റെ സ്വഭാവിക ഉത്പാദനം ശരീരത്തിൽ കുറയുമ്പോഴോ ഇല്ലാതാകുമ്പോഴോ ആണ് ബാഹ്യരീതികളിലൂടെ ഇൻസുലിൻ കുത്തിവച്ചും മറ്റും ശരീരത്തിലെത്തിക്കേണ്ടി വരുന്നത്.

ഇത്തരത്തിൽ ആവശ്യാനുസരണം ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ പ്രമേഹരോഗികളെ സഹായിക്കുന്ന ഉപാധിയാണ് കണ്ടിന്വസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സിജിഎം) ഉപകരണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിക്കുകയും അളവ് പരിധിവിട്ട് ഉയരുമ്പോഴും മറ്റും അതിന്റെ വിവരം ലഭ്യമാക്കുകയും ചെയ്യുന്ന ഉപകരണമാണിത്. ഒരു നിശ്ചിത കാലയളവിൽ (ഒരു ദിവസമോ, കുറച്ചുദിവസങ്ങളോ) ഈ ഉപകരണം ശരീരത്തിൽ ഘടിപ്പിച്ചുനിർത്തി ശരീരത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിൽ എത്രയെന്നും എപ്പോഴെന്നും കണ്ടെത്താൻ സിജിഎം സഹായിക്കും. ഇത് രോഗികൾക്കും ചികിത്സിക്കുന്ന ഡോക്ടർക്കും സഹായകരമാണ്.

ആശുപത്രിയിൽ ചെന്ന് ഇൻസുലിൻ കുത്തിവയ്‌പെടുക്കുന്ന രീതിയിൽ നിന്ന് മാറി ഇൻസുലിൻ സ്വയമേവ കുത്തിവയ്ക്കുന്ന രീതി ഇന്ന് പ്രമേഹരോഗികൾക്കിടയിൽ സജീവമാണ്. പക്ഷേ, ഇങ്ങനെ സ്വയം കുത്തിവയ്ക്കുമ്പോൾ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവറിയാതെയാണ് ഒരു നിശ്ചിത അളവിൽ ഓരോരുത്തരും കുത്തിവയ്ക്കുക. വയറിന്റെ ഭാഗത്തും തുടകളിലും മറ്റുമായി കുത്തിവയ്‌പെടുക്കുന്നതിന്റെ അസൗകര്യവും കൃത്യമായ അളവിൽ സിറിഞ്ചിൽ ഇൻസുലിൻ എടുത്തണമെന്നുള്ളതും സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകളുമെല്ലാം ഈ രീതിയുടെ പോരായ്മകളാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് 1967ൽ സിജിഎം കണ്ടുപിടിക്കപ്പെടുന്നത്.

എന്നാൽ ഇതിന്റെ ഉപയോഗം വിദേശരാജ്യങ്ങളിലും മറ്റും വ്യാപകമാകുന്നത് രണ്ടായിരാമാണ്ടിലാണ്. അമേരിക്കയിലായിരുന്നു പരീക്ഷണങ്ങൾ. 1999ൽ മിനിമെഡ് എന്ന കമ്പനിക്കാണ് ആദ്യമായി ഇത് നിർമ്മിക്കാൻ അമേരിക്കയിൽ അവസരം ലഭിക്കുന്നത്. പിന്നീടും നിരവധി പരീക്ഷണങ്ങൾക്കുശേഷം 2005ലാണ് രോഗീ കേന്ദ്രീകൃതമായി ഇത് അമേരിക്കയിൽ റിലീസ് ചെയ്യപ്പെടുന്നത്. പത്തുവർഷത്തോളമായി രംഗത്തെത്തിയിട്ടെങ്കിലും അഞ്ചുവർഷമായി ഇത് വ്യാപകമായി ഇന്ത്യയിലുൾപ്പെടെ ഉപയോഗിക്കപ്പെടുന്നു. പ്രമേഹരോഗികളെ കൃത്യമായി നിരീക്ഷിക്കാൻ ഇത് ഡോക്ടർമാർ ഇത് പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്. ഇതിൽ ലഭിക്കുന്ന നിശ്ചിത ദിവസത്തെ റീഡിംഗിന്റെ അടിസ്ഥാനത്തിലാണ് തുടർചികിത്സ നിശ്ചയിക്കുക. ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് മനസ്സിലാക്കി എത്ര ഇൻസുലിൻ ഇൻജക്റ്റ് ചെയ്യണമെന്ന് രോഗിക്ക് തീരുമാനിക്കാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

ശരീരത്തിൽ തൊലിക്കടിയിലേക്ക് ഇറങ്ങി നിൽക്കുന്നവിധത്തിൽ ഒരു സൂചിയടങ്ങുന്ന ചിപ് പോലൊരു ഭാഗവും ഇതിന്റെ റീഡിങ് രേഖപ്പെടുത്തുന്ന പേജർ പോലൊരു ഡിസ്പ്‌ളെ ഡിവൈസൂമാണ് സിജിഎം. ഗ്ലൂക്കോസ് സെൻസറും ട്രാൻസ്മിറ്ററും എക്‌സ്‌റ്റേണൽ മോണിറ്ററും അടങ്ങുന്നതാണിത്. ശരീരത്തിൽ കുത്തിവയ്ക്കുന്ന ഉപകരണം കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എക്‌സ്‌റ്റേണൽ മോണിറ്ററിലേക്ക് അയച്ചുകൊടുക്കും. ഇത് പോക്കറ്റിൽ വയ്ക്കുകയോ ബെൽറ്റിൽ ഘടിപ്പിക്കുകയോ ചെയ്യാം.

നിങ്ങളുടെ നിലവിലുള്ള ഗ്ലൂക്കോസ് ലെവൽ അറിയാനും മുമ്പുള്ള ദിവസങ്ങളിലെ ലെവൽ പരിശോധിക്കാനുമാകും. ലെവൽ താഴ്ന്നാലോ ഉയർന്നാലോ നിങ്ങളെ ശബ്ദംമുഴക്കി അക്കാര്യം അറിയിക്കുകയും ചെയ്യും. ശരീരത്തിൽ കുത്തിനിർത്തുന്ന സിജിഎം ട്രാൻസ്മിറ്ററാണെങ്കിൽ ഭാരംകുറഞ്ഞ ചിപ്പുപോലുള്ള ഉപകരണമാണ്. ഇതിലെ ഗ്ലൂക്കോസ് സെൻസറാണ് തൊലിക്കടിയിലേക്ക് കുത്തി നിർത്തുന്നത്. കുറച്ചുകാലം ഉപയോഗിച്ചശേഷം ഇത് മാറ്റിവയ്‌ക്കേണ്ടിവരും. ഭൂരിഭാഗം പേരും ഇത് വയറിന്റെ ഭാഗങ്ങളിലാണ് ഘടിപ്പിക്കാറ്. സിജിഎം ഡിവൈസിന് അരലക്ഷം രൂപയ്ക്കു മുകളിലും ഇതോടൊപ്പം ഉപയോഗിക്കാവുന്ന ഇൻസുലിൻ പമ്പിന് ഒന്നുമുതൽ രണ്ടുലക്ഷം രൂപവരെയുമാണ് ഇന്ത്യയിലെ വില.