- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഹജ് സബ്‌സിഡിയുടെ പേരിൽ നടന്നുവന്നത് പകൽക്കൊള്ള; മുക്കാൽ ലക്ഷം സബ്സിഡി നൽകുന്നതിൽ നിന്ന് വിമാനക്കമ്പനിക്ക് മാത്രം എത്തുന്നത് 73000 രൂപ; 35000 രൂപയ്ക്ക് യാത്രികരെ കൊണ്ടുപോകാമെന്നിരിക്കെ കാലങ്ങളായി ഈടാക്കുന്നത് അതിന്റെ ഇരട്ടിയിലേറെ; കേന്ദ്രം ഹജ് സബ്സിഡി നിർത്തലാക്കുമ്പോൾ അനുകൂലിച്ചും എതിർത്തും നിരവധി വാദങ്ങൾ; മോദി സർക്കാർ സബ്സിഡി നിർത്തലാക്കിയത് കഴിഞ്ഞ കോൺഗ്രസ് സർക്കാർ കോടതിക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട്
ന്യൂഡൽഹി: രാജ്യത്ത് ബ്രിട്ടീഷുകാരുടെ ഭരണകാലം മുതലേ നിലനിന്നുവന്നിരുന്ന ഹജ് സബ്‌സിഡിയാണ് സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് ഇപ്പോൾ കേന്ദ്രസർക്കാർ നിർത്തലാക്കുന്നത്. ഇത്തവണ ഇന്ത്യയിൽ നിന്ന് പോകുന്ന ഒന്നേമുക്കാൽ ലക്ഷം തീർത്ഥാടകർക്ക് ഇതോടെ സബ്‌സിഡി ലഭിക്കില്ലെന്ന സ്ഥിതി വരുമ്പോൾ കേന്ദ്ര തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി വാദങ്ങളാണ് ഉയരുന്നത്. സബ്‌സിഡിയായി നൽകിവരുന്ന തുക പൂർണമായും ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവിടുമെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചിട്ടുള്ളത്. 10 വർഷത്തിനകം ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി നിര്ത്തലാക്കണമെന്നും ഇതിന് ചെലവിടുന്ന തുക വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കാെമന്നും 2012ൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്, കോടതി പറഞ്ഞ കാലാവധിക്കും അഞ്ചു വർഷം മുേമ്പ സബ്‌സിഡി സർക്കാർ പൂർണമായി നിർത്തലാക്കുന്നത്. കഴിഞ്ഞ നവംബറിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരു
ന്യൂഡൽഹി: രാജ്യത്ത് ബ്രിട്ടീഷുകാരുടെ ഭരണകാലം മുതലേ നിലനിന്നുവന്നിരുന്ന ഹജ് സബ്‌സിഡിയാണ് സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് ഇപ്പോൾ കേന്ദ്രസർക്കാർ നിർത്തലാക്കുന്നത്. ഇത്തവണ ഇന്ത്യയിൽ നിന്ന് പോകുന്ന ഒന്നേമുക്കാൽ ലക്ഷം തീർത്ഥാടകർക്ക് ഇതോടെ സബ്‌സിഡി ലഭിക്കില്ലെന്ന സ്ഥിതി വരുമ്പോൾ കേന്ദ്ര തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി വാദങ്ങളാണ് ഉയരുന്നത്. സബ്‌സിഡിയായി നൽകിവരുന്ന തുക പൂർണമായും ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവിടുമെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചിട്ടുള്ളത്.
10 വർഷത്തിനകം ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി നിര്ത്തലാക്കണമെന്നും ഇതിന് ചെലവിടുന്ന തുക വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കാെമന്നും 2012ൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്, കോടതി പറഞ്ഞ കാലാവധിക്കും അഞ്ചു വർഷം മുേമ്പ സബ്‌സിഡി സർക്കാർ പൂർണമായി നിർത്തലാക്കുന്നത്. കഴിഞ്ഞ നവംബറിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
എന്നാൽ കൈലാസ്-മാനസസരോവർ യാത്രികർക്കും കുംഭമേളയ്ക്കുമുൾപ്പെടെ ഹൈന്ദവ തീർത്ഥാടനങ്ങൾക്കും ഉത്സവങ്ങൾക്കുമായി കോടികൾ വകയിരുത്തുമ്പോൾ ഹജ് സബ്‌സിഡി മാത്രമായി നിർത്തലാക്കുന്നത് ബിജെപി സർക്കാരിന്റെ മുസ്‌ളീംവിരുദ്ധ നീക്കമാണെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.
യഥാർത്ഥത്തിൽ എയർ ഇന്ത്യക്ക് ഹജ്ജ് സർവീസ് ഇനത്തിൽ നൽകിവരുന്ന തുകയാണ് ഹജ് സബ്‌സിഡി എന്ന നിലയിൽ വിശേഷിപ്പിക്കുന്നത്. മുക്കാൽ ലക്ഷം രൂപയോളം ഒരു തീർത്ഥാടകന് അനുവദിക്കുമ്പോൾ അതിൽ 73000 രൂപയും ഈ ഇനത്തിലാണ് നൽകുന്നത്. ശേഷിക്കുന്ന തുകയാകട്ടെ എയർപോർട്ടിലെ മെഡിക്കൽ സൗകര്യവും മറ്റും ഒരുക്കുന്നതിനും ക്യാമ്പുകൾക്കും ആയാണ് നീക്കിവയ്ക്കുന്നതും.
സബ്‌സിഡിയുടെ മറവിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ച കാലംമുതൽ നൽകിവരുന്നതാണ് ഹജ് കർമ്മം നിർവഹിക്കാനുള്ള സബ്‌സിഡി. ഇത് നെഹ്‌റു പ്രധാനമന്ത്രിയായപ്പോൾ സ്വതന്ത്ര ഇന്ത്യയിൽ തുടരുകയും ചെയ്തു. സബ്‌സിഡി ഉപയോഗിച്ചുള്ള തീർത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മറ്റി തെരഞ്ഞെടുക്കുന്ന തീർത്ഥാടകർക്ക് മാത്രമേ അർഹതയുള്ളൂ. ഇപ്പോൾ ഒരു ഇന്ത്യൻ പൗരന് ജീവിതത്തിൽ ഒരു വട്ടം മാത്രമേ സബ്‌സിഡി ഉപയോഗിച്ച് തീർത്ഥാടനം നടത്താൻ അനുവാദമുള്ളൂ. ഓരോ വർഷവും സൗദി സർക്കാർ ഓരോ രാജ്യത്തിനും തീർത്ഥാടകരുടെ എണ്ണം അനുവദിച്ചു നൽകും. വർഷാവർഷം ഇന്ത്യയുടെ ക്വാട്ട വർധിപ്പിക്കാറുമുണ്ട്. ഇത്തരത്തിൽ നിശ്ചയിക്കുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ നിന്നും ഹജ്ജ് കമ്മറ്റി ഓരോ സംസ്ഥാനത്തും മുസ്ലിം ജനസംഖ്യാനുപാതത്തിൽ സ്റ്റേറ്റ് ക്വാട്ട നിശ്ചയിക്കും. ഇതു പ്രകാരമാണ് തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നത്.
2016 ഇൽ ഓരോ തീർത്ഥാടകനും ഹജ്ജ് യാത്രക്കായി കൊടുക്കേണ്ടുന്ന തുക ഏകദേശം 185000 ആണ്. ഈ പണം ചെലവഴിക്കുന്നത് സൗദിയിലെ താമസത്തിനും, വിസ ചെലവുകൾക്കും, വിമാന ടിക്കറ്റിനും ഹജ്ജിനൊടനുബന്ധിച്ചുള്ള ബലി പോലുള്ള ആചാരങ്ങൾക്കുമാണ്. എന്നാൽ സബ്‌സിഡി വരുന്നത് പൂർണമായും യാത്രാ ചെലവിന്റെ ഇനത്തിലാണെന്ന് പറയാം.
2012നു മുൻപേ ഉള്ള കണക്കു പ്രകാരം ഒരു തീർത്ഥാടകന് ഏകദേശം 75000 രൂപ എന്ന കണക്കിനാണ് സബ്‌സിഡി നൽകുന്നത്. ഇതിൽ ഏകദേശം 73000 രൂപ എയർ ഇന്ത്യക്ക് എയർ ഫെയർ സബ്‌സിഡി ഇനത്തിലാണ് നൽകുന്നത്. ബാക്കി 2000 രൂപ ഇവിടുത്തെ വിമാനത്താവളങ്ങളിലും ഹജ്ജ് കേന്ദ്രങ്ങളിലും ഉള്ള മെഡിക്കൽ, ലോജിസ്റ്റിക് സൗകര്യങ്ങൾക്കും കൂടിയുള്ളതാണ്.
ഇനി ഒരു കാര്യം കൂടി നോക്കാം. സാധാരണ ഗതിയിൽ ഡൽഹിയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കുള്ള റിട്ടേൺ എയർ ഫെയർ കൂടിവന്നാൽ നാല്പതിനായിരം രൂപയാണ്. പക്ഷേ ഹജ്ജ് കാലത്തു മുഴുവൻ സീറ്റുകളും നിറഞ്ഞു പോകുന്ന യാത്രകൾക്ക് എയർ ഇന്ത്യ നിശ്ചയിക്കുന്ന എയർ ഫെയർ ഒരു ലക്ഷത്തിനു മുകളിൽ ഒക്കെയാണ്. ഇത് വർഷാവർഷം ഇന്ത്യൻ ഗവണ്മെന്റ് നിശ്ചയിക്കുന്ന ആളോഹരി ഹജ്ജ് സബ്സിഡിക്ക് അനുസൃതമായി എയർ ഇന്ത്യ നിശ്ചയിക്കുന്ന നിരക്കാണ്. അപ്പോ ഹജ്ജ് സബ്സിഡി എന്ന് പറഞ്ഞു സർക്കാർ കൊടുക്കുന്ന തുകയിൽ ഭൂരിഭാഗവും ലഭിക്കുന്നത് എയർ ഇന്ത്യയ്ക്കാണെന്ന് ചുരുക്കം.
വിമാനക്കമ്പനികൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കാൻ ആകുമോ?
സീസണിന്റെ പേരിൽ വിമാനക്കമ്പനികൾ നടത്തുന്ന പകൽക്കൊള്ളയ്ക്ക് പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയും കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. സബ്‌സിഡി കേന്ദ്രം നിർത്തലാക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ വിമാന നിരക്ക് കുറച്ച് തീർത്ഥാടകർക്ക് സഹായം ചെയ്യുകയാണ് വേണ്ടതെന്നുമുള്ള ആവശ്യമാണ് വ്യാപകമായുള്ളത്.
സർക്കാർ ക്വോട്ടക്കു പുറമെ സൗദി ഗവണ്മെന്റ് ഒരു പ്രൈവറ്റ് ടൂർ ഓപ്പറേറ്റർ ക്വോട്ട കൂടി അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ പോകുന്ന ഒരു ഇന്ത്യൻ തീർത്ഥാടകന് ഏകദേശം രണ്ടര ലക്ഷം രൂപയോളം ആണ് ചെലവ് വരുന്നത്. അവരും യാത്രക്കൂലി നിശ്ചയിക്കുന്നത് എയർ ഇന്ത്യയുടെ നിരക്കിലാണ്. എന്നാൽ തീർത്ഥാടകരെ കൊണ്ടുപോകുന്നതാകട്ടെ ചെലവ് വളരെ കുറഞ്ഞ എയർലൈനുകളിലുമാണ്. അതാണ് അതിലെ ലാഭം. പക്ഷേ ഒരു ഇന്ത്യൻ തീർത്ഥാടകനെ സംബന്ധിച്ചിടത്തോളം ഹജ്ജ് കമ്മറ്റി വഴിയായാലും പ്രൈവറ്റ് വഴിയായാലും ചെലവ് ഏകദേശം രണ്ടര ലക്ഷം തന്നെയാണ് ഇപ്പോൾ സബ്സിഡി യാത്രക്ക് 75000 രൂപയുടെ കുറവ് വരും എന്നതാണ് ഇപ്പോഴുള്ള മേന്മ. അതേസമയം, എയർ ഇന്ത്യവഴി യാത്രചെയ്യുന്നവർക്ക് ന്യായമായ ഫെയറിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിയാൽ മറ്റ് എയർലൈനുകളിലും ചാർജുകൾ സ്വാഭാവികമായും കുറയും. ഇത് സബ്‌സിഡി ഇല്ലാതാക്കിയാലും തീർത്ഥാടകർക്ക് ആശ്വാസവുമാകും.
ഹജ്ജ് കമ്മിറ്റിക്ക് എതിരെയും ആക്ഷേപങ്ങൾ
ഹജ്ജ് കമ്മറ്റിയും നിലവിലുള്ള സംവിധാനങ്ങളും എപ്പോഴും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും വിളനിലങ്ങൾ ആണെന്ന ആരോപണം ഏറെക്കാലമായുണ്ട്. സർക്കാർ ഓരോ സ്റ്റേറ്റിനും നിശ്ചയിക്കുന്ന ക്വോട്ടയ്ക്കു പുറമെ ഏതാണ്ട് ഒരു പത്തായിരത്തോളം സീറ്റുകൾ വിഐപി റെക്കമെൻഡേഷന് വേണ്ടി വെക്കും.. ആ സീറ്റുകളും, അപേക്ഷ കുറഞ്ഞതുകൊണ്ട് പല സംസ്ഥാനങ്ങളിലും ബാക്കി വരുന്ന ക്വോട്ട സീറ്റുകളും വിദേശ മന്ത്രാലയത്തിലും ഹജ്ജ് കമ്മറ്റിയിലും ഉള്ള പ്രമുഖരുടെ ബിനാമി പേരിലുള്ള പ്രൈവറ് ടൂർ ഓപ്പറേറ്റർ വഴി കൂടിയ വിലക്ക് കൊടുക്കുന്ന രീതിയാണ് ഉള്ളത്. ഹജ്ജ് കർമ്മം അനുഷ്ഠിക്കാൻ ഏറെക്കാലമായി കാത്തിരിക്കുന്ന സാധാരണക്കാരായ നിരവധി വിശ്വാസികൾക്ക് തിരിച്ചടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.
ഹജ്ജ് സബ്സിഡി ഇപ്പോഴത്തെ നിലയിൽ നടപ്പാക്കുന്നത് 1954 മുതലാണ്. കപ്പൽ യാത്ര അന്നത്തെ സ്ഥിതിയിൽ ഏറെ ചെലവുള്ളതായതിനാൽ ആണ് സബ്‌സിഡി കേന്ദ്രം നടപ്പാക്കുന്നത്. പിന്നീട് 1994ൽ കപ്പൽ യാത്രക്കുള്ള സബ്‌സിഡി മുഴുവനായും ഒഴിവാക്കി വിമാന യാത്രക്ക് മാത്രം ആക്കി. തികച്ചും സ്വന്തം അദ്ധ്വാനത്തിൽ നിന്നും സംഭരിച്ച, ഒരു ബാധ്യത പോലും ഇല്ലാത്ത ധനം കൊണ്ട് മാത്രമേ ഹജ്ജ് ചെയ്യാവൂ എന്ന മത നിയമത്തിൽ വിശ്വസിച്ചാണ് ഓരോ തീർത്ഥാടകനും ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ഹജ്ജ് സബ്‌സിഡി ഉപയോഗിക്കുമ്പോൾ ഈ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നതിനെ കുറിച്ച് എല്ലാ കാലത്തും മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിനെ പലരും ന്യായീകരിച്ചിരുന്നത് സ്വന്തം നികുതിപ്പണത്തിൽ നിന്നുമാണല്ലോ സബ്‌സിഡി എന്നും, സർക്കാർ വിമായാത്രാക്കൂലി നിയന്ത്രിക്കാത്തതു കൊണ്ടല്ലേ സബ്‌സിഡി കൊടുക്കേണ്ടി വരുന്നത് എന്നുമെല്ലാം ആശ്വസിച്ചാണ് ഇത്തരമൊരു സബ്‌സിഡി ഹജ്ജിന് പോകുന്നവർ സ്വീകരിച്ചുവന്നിരുന്നതും.
2012ഇൽ സുപ്രീം കോടതി ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായുള്ള ബെഞ്ച് ഖുർആനിലെ 'ആലു ഇമ്രാൻ' അധ്യായത്തിലെ ഒരു സൂക്തം ഉദ്ധരിച്ചു കൊണ്ട് ഹജ്ജ് സബ്സിഡി മതനിയമങ്ങൾക്കു എതിരാണെന്നും ആ പണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും ചെലവഴിക്കണമെന്നും നിരീക്ഷിച്ചു. പത്തുവർഷം കൊണ്ട് ഇത് നടപ്പാക്കാനായിരുന്നു നിർദ്ദേശം. സബ്‌സിഡി 2017 കൊണ്ട് പൂർണ്ണമായി നിർത്തലാക്കാം എന്നും തീർത്ഥാടകരുടെ സാമ്പത്തിക പരിഗണിച്ച് പണമുള്ളവനിൽ നിന്ന് കൂടുതൽ പണം ഈടാക്കി പാവപ്പെട്ടവന് ഹജ്ജ് യാത്രക്ക് സഹായം നൽകുന്ന പദ്ധതി ഉണ്ടാക്കാം എന്നും അന്നത്തെ കോൺഗ്രസ് സർക്കാർ ഉറപ്പുനൽകുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ തീരുമാനമാണ് ഇപ്പോൾ നടപ്പായതെന്ന് കാണാം.
ഹജ്ജ് യാത്രികർക്ക് വേണ്ടി കേന്ദ്രസർക്കാർ ചെയ്യേണ്ടത്
കഴിവുള്ളവൻ മാത്രം നിർബന്ധമായും ചെയ്യേണ്ട കർമ്മമാണ് ഹജ്ജ് എന്നാണ് ഇസ്‌ളാം അനുശാസിക്കുന്നത്. സബ്‌സിഡി ഉപയോഗിച്ച് ഹജ്ജിനു പോകുന്നതിനോട് വലിയ വിഭാഗം മുസ്ലിംകൾക്കും യോജിപ്പില്ലാത്തതും അതുകൊണ്ടാണ്. ഹജ്ജിന്റെ കാര്യത്തിൽ സബ്സിഡി നിർത്തലാക്കിയാൽ വിമാന യാത്ര നിരക്ക് മൂലം ചെലവ് കുതിച്ചുയരും എന്നതാണ് ഇനിയങ്ങോട്ട് വിശ്വാസികൾ നേരിടുന്ന പ്രശ്‌നം. ഉയർന്ന നിരക്കിന് എയർ ഇന്ത്യ നൽകുന്ന ന്യായം ഒരാൾക്ക് ഹജ്ജ് യാത്രക്ക് വേണ്ടി എയർ ഇന്ത്യ നാല് പറക്കലുകൾ നടത്തുന്നു എന്നാണ്. അതായതു ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് ആളുകളുമായും തിരിച്ചു കാലിയായും ഒരു യാത്ര. അതുപോലെ തന്നെ ഹജ്ജിനു ശേഷം തിരിച്ചു വരുമ്പോൾ അങ്ങോട്ട് കാലിയായും ഇങ്ങോട്ടു തീർത്ഥാടകരുമായും.
എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. അയാട്ടയുടെ (IATA) യുടെ കണക്കു പ്രകാരം കൺസോളിഡേറ്റഡ് ഫ്‌ളൈറ്റ് ചാർജ്ജ് (അതായത് മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തു പോകുമ്പോൾ വരുന്ന പ്രതിശീർഷ വിമാനയാത്രാക്കൂലി) സാധാരണ നിരക്കിനേക്കാൾ മൂന്നിലൊന്നേ വരൂ. ഇവിടെയാണ് എയർ ഇന്ത്യ ചെയ്യുന്നത് തീവെട്ടിക്കൊള്ളയാണെന്നും സമാന രീതിയിൽ മറ്റ് എയർ ലൈനുകളും പ്രൈവറ്റ് ഏജൻസികളും തട്ടിപ്പ് നടത്തുന്നതെന്നും വ്യക്തമാകുന്നത്. നിലവിൽ ഹജ്ജ് യാത്രക്ക് എയർ ഇന്ത്യ ഈടാക്കുന്നത് ഏതാണ്ട് 1,20,000 രൂപയാണ്. ചില എയർപോർട്ടുകളിൽ ഇത് 1,65,000 രൂപ വരെ ആകാറുണ്ട്. ഇതിൽ 47000 രൂപയോളം തീർത്ഥാടകൻ നൽകുമ്പോൾ ബാക്കി സബ്സിഡിയായി വിമാന കമ്പനിക്ക് ലഭിക്കുന്നു. അയാട്ട കണക്കു പ്രകാരമുള്ള ന്യായ വിലയിൽ വെറും നാല്പത്തിനായിരത്തിൽ ഒതുങ്ങേണ്ട നിരക്കാണ് ഇത്തരത്തിൽ ഉയർത്തുന്നതെന്നാണ് ആക്ഷേപം. അതായത് നിരക്ക് ന്യായമാക്കിയാൽ സബ്‌സിഡി നിർത്തലാക്കിയാലും അത് തീർത്ഥാടകർക്ക് അധികച്ചെലവ് വരുത്തി്‌ല്ലെന്ന് ചുരുക്കം ചുരുക്കം. സബ്‌സിഡി നിർത്തലാക്കുന്നതിനോടൊപ്പം വിമാനയാത്രക്കൂലി നിശ്ചയിക്കുന്നതിലും സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഓരോ വർഷവും ഹജ്ജ് കാലത്തു സർക്കാർ ചെലവിൽ ഉദ്യോഗസ്ഥരും മന്ത്രാലയ പ്രതിനിധികളുമായ മൂവായിരത്തോളം പേർ ഹജ്ജ് യാത്ര നടത്തുന്നുണ്ട്. ഇവരെ കൊണ്ട് ഹജ്ജ് തീർത്ഥാടകർക്ക് യാതൊരു ഉപയോഗവും ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട അഴിമതിയിൽ ഈ ഗ്രൂപ്പിന് വലിയ പങ്കുണ്ടെന്ന പരാതിയാണ് കാലങ്ങളായി കേൾക്കുന്നത്. വളരെ അത്യാവശ്യമുള്ള എമിഗ്രെഷൻ, മെഡിക്കൽ, ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥരായ മുന്നൂറു പേർക്ക് മാത്രം അനുമതി നൽകിയാൽ അതിന്റെ പേരിലുള്ള ദുഷ്‌ചെലവും കുറയ്ക്കാനാകുമെന്നും അഭിപ്രായം ഉയരുന്നു.
മറ്റു തീർത്ഥാടനങ്ങൾക്കുള്ള സബ്‌സിഡികളും ചർച്ചയാവുന്നു
ഹജ്ജ് തീർത്ഥാടനത്തിനുള്ള സബ്‌സിഡി മാത്രമല്ല, മറ്റു നിരവധി തീർത്ഥാടനങ്ങൾക്കായി സർക്കാർ ഓരോ വർഷവും വൻ തുകയാണ് നേരിട്ടും അല്ലാതെയും ചെലവിടുന്നത്. ഹരിദ്വാർ, അലഹബാദ്, നാസിക് , ഉജ്ജയിനി എന്നിവിടങ്ങളിസായി കുംഭ മേളകളാണി ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതും ഇപ്പോൾ ചർച്ചയാവുന്നു.
തീർത്ഥാടകർക്കുമുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിക്കാറ്. 2014 ലെ അലഹബാദ് കുംഭമേളയിൽ മാത്രമായി 1150 കോടിയാണ് കേന്ദ്രം ചിലവഴിച്ചത്. ഉത്തർ പ്രദേശ് സർക്കാറാവട്ടെ 11 കോടിയും. ഈ മേളയുമായി ബന്ധപ്പെട്ട് 800 കോടിയോളം രൂപ സർക്കാർ ദുരുപയോഗം ചെയ്തതെന്ന് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുകയുണ്ടായി. 12 വർഷത്തിലൊരിക്കൽ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നടക്കുന്ന സിംഹസ്ത മഹാ കുംഭ മേളയുടെ നടത്തിപ്പിനായി 100 കോടിയാണ് മധ്യപ്രദേശ് സർക്കാറിന് കഴിഞ്ഞ വർഷം കേന്ദ്രം അനുവദിച്ചത്്. 3,400 കോടിയോളം രൂപ മധ്യപ്രപദേശ് സർക്കാറും ചിലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഉത്തരേന്ത്യയിൽ നിന്നും ടിബറ്റിലെ കെലാസ മാനസ സരോവരിലേക്ക് നടത്തുന്ന തീർത്ഥാടനമാണ് ഗവൺമെന്റ് ഫണ്ടു ചിലവഴിക്കുന്ന മറ്റൊരു പ്രധാന മേഖല. ഛത്തീസ്‌ഗഢ്, ഡൽഹി, ഗുജറാത്ത്, കർണ്ണാടക മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഒന്നര ലക്ഷം വീതം ഇതിനായി ചിലവഴിക്കുന്നുണ്ട്. മധ്യപ്രദേശ് സർക്കാറിന്റെ മുഖ്യമന്ത്രി തീർത്ഥ ദർശൻ യോജന എന്ന പദ്ധതിയിലൂടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി മുതിർന്ന തീർത്ഥാടകർക്കും അവരുടെ സഹചാരികൾക്കും യാത്രാ ഇളവ് നൽകുന്നുണ്ട്.
അതുപോലെ ജമ്മുകാശ്മീരിലെ അമർനാഥ് തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വായികൾക്കായി താമസ സൗകര്യങ്ങൾ ഒരുക്കാനും അനുബന്ധ കാര്യങ്ങൾക്കുമായി തുക അനുവദിക്കുന്നുണ്ട്. ഗവൺണ്ണർക്കാണ് ഇതിന്റെ ചുമതല. ജനപങ്കാളിത്തം കൊണ്ട് വളരെയധികം സമ്പന്നമാണ് ഇന്ത്യയിലെ തീർത്ഥാടനങ്ങളൊക്കെയും. അതുകൊണ്ടു തന്നെ തീർത്ഥാടന കേന്ദ്രങ്ങളിൽ വൻ സുരക്ഷ തന്നെ ആവശ്യമായ വരും. ഇത്തരം സന്ദർഭങ്ങളിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ ഒഴിവാക്കാൻ പറ്റാത്തതുമാണ്. അതേസമയം വ്യക്തിഗതമായി തീർത്ഥാടകർക്കു നൽകി വരുന്ന സബ്‌സിഡി ഗവൺമെന്റിന്റെ രാഷ്ട്രീയ താൽപര്യങ്ങളെ മുൻനിർത്തി നിലകൊള്ളുന്നതാണ്.
പൊതുജനത്തിന്റെ പണം ഉപയോഗിച്ചുള്ള ഈ ചിലവഴിക്കലുകളൊക്കെയും 'ഏത് പ്രത്യേക മതവും പരിപാലിക്കാനും പ്രോത്സാഹിപ്പിക്കാനും വിനിയോഗിക്കുന്ന പണം നികുതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനയുടെ 27-ാം വകുപ്പിന്റെ' ലംഘനമാണെ ആക്ഷേപമാണ് ഉയരുന്നത്.