രു കുടുംബത്തിന്റെ താളം തെറ്റിക്കുന്ന പ്രധാന വില്ലൻ രോഗമാണ്. കിട്ടുന്ന ശമ്പളവുമായി ഒരുവിധം കുടുംബം ഓടി പോകുന്നതിനിടയിൽ വില്ലനായി രോഗം എത്തിയാൽ കുടുംബ ബഡ്ജറ്റ് താളംതെറ്റും.

രോഗംമൂലം വരുമാനത്തിലുണ്ടാകുന്ന ഇടിവ് മാത്രമല്ല, ചികിത്സക്ക് കണ്ടെത്തേണ്ട അധികച്ചലവും ഈ ദുരന്തത്തിന്റെ ആഴം കൂട്ടും. രോഗം വന്നുകഴിഞ്ഞാൽ മരുന്നുവാങ്ങിയും ചികിത്സിച്ചും മുടിയാൻ മാത്രമായിരിക്കും ഏത് സമ്പന്നന്റെയും വിധി.

മെഡിക്കൽ ഷോപ്പിൽ ചെന്നു ലിസ്റ്റ് കൊടുത്ത് മരുന്ന് വാങ്ങുകയല്ലാതെ ഏന്താണ് അതിന്റെ വില എന്നു പോലും ആരും തിരക്കാറില്ല. കാരണം മരുന്നുകളുടെ വിലയെക്കുറിച്ച് ആർക്കും ധാരണയില്ല. മെഡിക്കൽ സ്‌റ്റോർ ഉടമ പറയുന്ന വില കൊടുത്ത് വാങ്ങുക മാത്രമാണ് രോഗിയുടെ മുമ്പിലുള്ള വഴി.

എന്നാൽ ഈ മരുന്ന് കമ്പനികളാണ് ഏറ്റവും വലിയ കൊള്ളക്കാർ എന്നു അനുഭവങ്ങൾ തെളിയിക്കുന്നു. ഈ കൊള്ളക്കാരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകൾ സാധാരണക്കാരന്റെ കഴുത്ത് അറുക്കുന്നു. ഇരട്ടിയിലേറെ ലാഭം ഉണ്ടാക്കുന്ന അപൂർവ്വ ബിസിനസുകാരിൽ ഒന്നാണ് മെഡിക്കൽ ഷോപ്പുകൾ.

ഈ ദുരന്തം തിരിച്ചറിഞ്ഞ് ആണ് മോദി സർക്കാർ ജന ഔഷധി മെഡിക്കൽ സ്‌റ്റോറുകൾ ആരംഭിച്ചത്. വിലക്കുറവിന്റെ ഈ മഹാത്ഭുതങ്ങൾ ഇവിടെ ഉണ്ടെന്നു പക്ഷേ, ആർക്കും അറിയില്ല എന്നതാണ് സത്യം.

ആറുരൂപയ്ക്ക് പാരസെറ്റമോൾ; വൈറ്റമിൻ ഗുളികകൾ രണ്ടുരൂപ മുതൽ

ചുമമാറാനുള്ള കഫ് സിറപ്പിന് 27 രൂപ, പനിച്ചു കിടക്കുമ്പോൾ കഴിക്കുന്ന പാരസെറ്റമോൾ ഗുളികയ്ക്ക് പത്തെണ്ണത്തിന് ആറു രൂപ, പനിക്കും മേലുവേദനയ്ക്കുമെല്ലാം ഡോക്ടർമാർ എഴുതിത്ത്ത്തരുന്ന ഐബുപ്രോഫെൻ പത്തെണ്ണത്തിന് 14 രൂപ, ജലദോഷത്തിനുള്ള ഗുളികയുടെ വില പത്തെണ്ണത്തിന് 12 രൂപ, അനാൾജെസിക് ഗുളികകൾക്ക് പത്തെണ്ണത്തിന് എട്ടുരൂപ.

വൈറ്റമിൻ ഗുളികകളുടെ വില രണ്ടുരൂപമുതൽ. ഇത്തരത്തിൽ അവശ്യമരുന്നുകൾ മുതൽ സർജിക്കൽ ഉപകരണങ്ങൾവരെ പൊതുവിപണിയിലെക്കാൾ പകുതിയിൽത്താഴെ വിലയ്ക്ക് കിട്ടുന്ന മരുന്നകടകൾ ഉണ്ടെങ്കിലോ. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി തുടങ്ങിയ ജൻ ഔഷധി സെന്ററുകൾ രാജ്യത്താകെ രോഗികൾക്ക് വൻ ആശ്വാസമായി മാറുന്നു.

മരുന്നുകമ്പനികളുടെ കൊള്ള അവസാനിപ്പിക്കാനും വിലക്കുറവോടെ അവശ്യമരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കാനും പദ്ധതിയിട്ട് തുടങ്ങിയ ജൻ ഔഷധി കേന്ദ്രങ്ങൾ കേരളത്തിൽ ഇതുവരെ ഇത്തരത്തിൽ 22 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങിക്കഴിഞ്ഞു. സഹകരണ സംഘങ്ങളുടെയും മറ്റും നേതൃത്വത്തിൽ കൂടുതൽ കേന്ദങ്ങൾ തുടങ്ങാൻ സംസ്ഥാന ആരോഗ്യവകുപ്പും ഈ കേന്ദ്രപദ്ധതിയുമായി സഹകരിച്ച് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വൈകാതെ സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങൾ തുറന്നേക്കുമെന്നാണ് അറിയുന്നത്.

തൃശൂരിലും എറണാകുളത്തും അഞ്ചുവീതം; തലസ്ഥാനത്ത് മൂന്നിടത്ത്; പാലായിൽ രണ്ടെണ്ണം

കേരളത്തിൽ ഇതുവരെ തുടങ്ങിയ 22 കേന്ദ്രങ്ങളിൽ തൃശൂരിലും എറണാകുളത്തും അഞ്ചുവീതവും തലസ്ഥാന ജില്ലയിൽ രണ്ടിടത്തും ജൻ ഔഷധി കേന്ദ്രങ്ങൾ മരുന്നുകൾക്ക് വൻ വിലക്കുറവുമായി ജനസേവനം തുടങ്ങിക്കഴിഞ്ഞു. തൃശൂരിൽ സെന്റർപോയന്റ്, അശ്വിനി ജംഗ്ഷൻ, കൊടുങ്ങല്ലൂർ ശൃംഗപുരം, മണ്ണുത്തി, അത്താണി എന്നിവടങ്ങളിലും എറണാകുളത്ത് തൃപ്പൂണിത്തുറ ഹിൽപാലസ് റോഡ്, അങ്കമാലി, കലൂർ ബസ് സ്റ്റാൻഡിന് എതിർവശം, പാലാരിവട്ടം, നോർത്ത് പറവൂർ എന്നിവടങ്ങളിലും സ്റ്റോറുകളുണ്ട്.

തിരുവനന്തപുരത്ത് പൊഴിയൂരും നെയ്യാറ്റിൻകരയിലും ആണ് ജൻ ഔഷധി കേന്ദ്രമുള്ളത്. പാലായിൽ രണ്ടിടത്തുണ്ട്. മുരിക്കുംപുഴയിലും ചെത്തിമറ്റത്തും. കോഴിക്കോട് മെഡിക്കൽ കോളേജ്, കൊല്ലത്ത് പുഞ്ചക്കോണം, കൊട്ടിയം, മഞ്ചേരിയിൽ മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രിക്ക് എതിർവശം, കണ്ണൂരിൽ റെയിൽവെ സ്റ്റേഷന് എതിർവശം എന്നിവിടങ്ങളിലും സ്റ്റോറുകൾ തുടങ്ങിക്കഴിഞ്ഞു.

രാജ്യത്ത് ഇതുവരെ 378 സ്‌റ്റോറുകൾ; 108 സ്‌റ്റോറുകൾ ഛത്തീസ് ഗഡിൽ

മോദി സർക്കാരിന്റെ ഒന്നാം വാർഷിക സമ്മാനമായാണ് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് ജൻ ഔഷധി കേന്ദ്ര പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് ജില്ലാ, താലൂക്ക് ആശുപത്രികളിലെല്ലാം സെന്റർ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും അത് നടപ്പായില്ല. സന്നദ്ധ സംഘടനകൾക്കും ട്രസ്റ്റുകൾക്കും കീഴിലുള്ള ആശുപത്രികളിലും സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടും പദ്ധതി തുടങ്ങാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഈ സംരംഭം തുടങ്ങാൻ രാജ്യത്താകെ നിരവധിപേർക്ക് അവസരം ലഭിക്കും. ആകെ 5000 കേന്ദ്രങ്ങൾ തുടങ്ങാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്.

അറുപതു ശതമാനംവരെ വിലക്കുറവിൽ കേന്ദ്രസർക്കാർതന്നെ മരുന്നുകൾ ലഭ്യമാക്കും. 512 മരുന്നുകൾ വിലക്കുറവിൽ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി പ്രകാരം ഇപ്പോൾ 615 ഉൽപന്നങ്ങൾ വിൽക്കുന്നു. സെന്ററുകൾ ആരംഭിക്കാൻ സ്ഥലം ഉണ്ടെങ്കിൽ അതിനായി രണ്ടുലക്ഷം രൂപയുടെ പ്രാരംഭ സഹായവും കേന്ദ്രസർക്കാർ നൽകും.

രാജ്യത്ത് ഇതുവരെ ഏറ്റവുമധികം സ്റ്റോറുകൾ തുടങ്ങിയിട്ടുള്ളത് ഛത്തീസ് ഗഡിലാണ്. 108 സെന്ററുകൾ. പഞ്ചാബിൽ 22, ഡൽഹിയിലും ഹരിയാനയിലും 11 വീതം, യുപിയിൽ 41, ഉത്തരാഖണ്ഡിൽ എട്ട്, മധ്യപ്രദേശിൽ 12, തൃപുരയിൽ ഏഴ്, മിസോറമിലും ബീഹാറിലും ഒന്നുവീതം, ആന്്ധ്രയിലും തമിഴ്‌നാട്ടിലും മൂന്നുവീതം, ഗുജറാത്തിൽ 16, കർണാടകത്തിലും രാജസ്ഥാനിലും രണ്ടുവീതം, മഹാരാഷ്ട്രയിൽ 31, ഒഡീഷയിൽ 25, ചണ്ടിഗഡിൽ നാല്, ജമ്മുവിലും ഹിമാചലിലും 13 വീതം, ഝാർഖണ്ഡിൽ 12, അരുണാചലിൽ രണ്ട്, തെലങ്കാനയിൽ എട്ട് എന്നിങ്ങനെയാണ് ഇതുവരെ തുടങ്ങിയ ജൻ ഔഷധ കേന്ദ്രങ്ങളുടെ എണ്ണം.

ഇന്ത്യയിലെ ഏറ്റവുമധികം പകൽക്കൊള്ള നടക്കുന്ന വിപണി

ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് മരുന്നുവിൽപന രംഗത്താണ് രാജ്യത്ത് ഏറ്റവുമധികം പകൽക്കൊള്ള നടക്കുന്നത്. 1980 കാലത്തുതന്നെ ജനിറിക് മരുന്നുകളുടെ വിറ്റുവരവ് രാജ്യത്ത് 1500 കോടിയായിരുന്നു. 2012 വരെ ആയപ്പോഴേക്കും ഇത് 1,19,000 കോടിയായി വളർന്നുവെന്ന് പറയുമ്പോൾത്തന്നെ രാജ്യം മരുന്നിനുവേണ്ടി ചെലവാക്കുന്ന ഭീമമായ തുകയെപ്പറ്റിയുള്ള ചിത്രം വ്യക്തമാകും.

കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാവുന്ന മരുന്നുകൾ പേറ്റന്റിന്റെ പേരിലും മറ്റു ബിസിനസ് താൽപര്യങ്ങളുടെ പേരിലും ബ്രാൻഡുചെയ്തും ചെറിയ പേരുമാറ്റം വരുത്തിയും വൻ വിലയ്ക്കാണ് വിപണിയിൽ വിൽപനയ്‌ക്കെത്തിക്കുന്നത്. ശതകോടികളുടെ ലാഭം ഈയിനത്തിൽ കമ്പനികൾക്ക് ലഭിക്കുന്നു. ഇതിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്തുതന്നെ ജൻ ഔഷധി കേന്ദ്രങ്ങൾക്കായി നടപടികൾ തുടങ്ങിയെങ്കിലും ഫലം കണ്ടിരുന്നില്ല.

പതിനൊന്നാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 2008ൽ തുടങ്ങിയ പദ്ധതിക്ക് 24.25 കോടി വകയിരുത്താൻ തീരുമാനിച്ചെങ്കിലും നൽകിയത് വെറും ആറരക്കോടിയോളം മാത്രമാണ്. ഇതോടെ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് പോയില്ല. പാളംതെറ്റിയ പദ്ധതിയെ 12-ാം പദ്ധതി കാലയളവിൽ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. വർഷംതോറും ഏതാണ്ട് ആയിരം പുതിയ സ്റ്റോറുകൾ ആരംഭിക്കാനും അങ്ങനെ ഈ ശൃംഖല വിപുലപ്പെടുത്തി കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്രദമാക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.

മോദി സർക്കാർ പുനരുജ്ജീവിപ്പിച്ച പദ്ധതി താങ്ങാവുന്ന വിലയ്ക്ക് എല്ലാവർക്കും മരുന്ന് എന്ന ലക്ഷ്യവുമായി ഇപ്പോൾ പതിയെപ്പതിയെ രാജ്യത്ത് പടർന്നുതുടങ്ങുകയാണ്. മരുന്നുകമ്പനികളുടെ അഴിഞ്ഞാട്ടങ്ങൾക്കും തോന്നുംപടി ഉൽപ്പന്നങ്ങളുടെ പേരുമാറ്റി വിലകൂട്ടുന്ന നടപടിക്കും കടിഞ്ഞാണിടാൻ ഉദ്ദേശിച്ചാണ് പദ്ധതി സജീവമാക്കുന്നത്.

ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങാൻ സംരംഭകർക്കും അവസരം

മരുന്നുവിൽപനയിലൂടെ ലാഭംകൊയ്യുന്നതിലുപരി ഒരു ജനസേവന പ്രവർത്തനമെന്ന നിലയിൽ മരുന്നുകടകൾ ആർക്കും ആരംഭിക്കാൻ സർക്കാർ അവസരമൊരുക്കുന്നു. സാമ്പത്തിക സഹായം നൽകിയും കുറഞ്ഞനിരക്കിൽ മരുന്നുകൾ എത്തിച്ചുമാണ് കേന്ദ്രസർക്കാർ സഹായമെത്തിക്കുക. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ഡോക്ടർമാർക്കും ചാരിറ്റബിൾ ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും സംസ്ഥാന, കേന്ദ്ര സർക്കാർ ഏജൻസികൾക്കും പദ്ധതി തുടങ്ങാനാകും. മൊബൈൽ ജൻ ഔഷധി സ്റ്റോർ എന്ന പുതിയ പദ്ധതിയും പുതുതായി ഇതോടൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്.

ജൻ ഔഷധിയിൽ മരുന്നുവാങ്ങി ഞെട്ടിപ്പോയ അനൂപിന്റെ അനുഭവക്കുറിപ്പ്

ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി. അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കൊട്ടിയം (കൊല്ലം) വഴി വരുമ്പോൾ മയ്യനാട് റോഡിലുള്ള ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെരുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ച. ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി.

ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ സ്ലിപ്പ് കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ....സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു. ഞാൻ അവരോട് അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പോയി. വെറും 13 രൂപ.... ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി.... പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് കൊട്ടിയം ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറി ലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി....പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ.