ന്യൂഡൽഹി: പാചകവാതക സിലിണ്ടർ സമ്പന്നരുടേയും ഇടത്തരക്കാരുടേയും സാധാരണക്കാരിൽ തന്നെ അൽപസ്വൽപം സാമ്പത്തികമുള്ളവരുടേയും ഒക്കെ അടുക്കളയിൽ എത്തിയിട്ട് ഏറെക്കാലമായി. പത്തുപതിനഞ്ച് കൊല്ലം മുമ്പൊക്കെ പാചകവാതക കണക്ഷൻ കിട്ടാൻ അപേക്ഷിച്ച് ഏറെക്കാലം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു ഇന്ത്യയിൽ.

കാശുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ കണക്ഷൻ കിട്ടുന്ന സാഹചര്യമുണ്ടാക്കി തത്കാൽ കണക്ഷനൊക്കെ വന്നതോടെ ഗ്യാസ് കണക്ഷനെടുക്കാൻ ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ, അപ്പോഴും പാചകവാതകം വാങ്ങാൻ പാങ്ങില്ലാത്ത എത്ര കുടുംബങ്ങളുണ്ടാകും. വിറകും ചാണകവരളിയുമെല്ലാം കത്തിച്ച് അന്നന്നത്തെ അന്നം പാകംചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട് ഇപ്പോഴും ഇന്ത്യയിൽ.

അധികാരത്തിലേറിയതിന് പിന്നാലെ തന്നെ പാചകവാതക സബ്‌സിഡി ആവശ്യമില്ലാത്തവർ, അല്ലെങ്കിൽ സബ്‌സിഡി ഇല്ലാതെതന്നെ പാചകവാതകം വാങ്ങാൻ കെൽപുള്ള സമ്പന്നർ അത് ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. അന്ന് അതിനെതിരെ വലിയ വിമർശനവുമുണ്ടായി. ഇപ്പോഴും പാചകവാതകം ബുക്ക് ചെയ്യാനുള്ള നമ്പരിൽ വിളിച്ചാൽ ആ അറിയിപ്പു കേൾക്കാം. നിങ്ങൾക്ക് സബ്‌സിഡി ആവശ്യമില്ലെങ്കിൽ അത് ഉപേക്ഷിക്കൂ എന്നും പാവപ്പെട്ടവന്റെ അടുക്കളയിൽ തീപകരാൻ അത് സഹായിക്കുമെന്നും വ്യക്തമാക്കുന്ന അറിയിപ്പ്.

പക്ഷേ, അധികമാരും സബ്‌സിഡി ഉപേക്ഷിച്ചില്ല. എന്നാൽ താൻ പ്രഖ്യാപിച്ച ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി കഴിഞ്ഞ എട്ടുമാസം കൊണ്ട് ഒന്നരക്കോടി പേർക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി ഉജ്വല യോജനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കാണ് ഇത്രയും കണക്ഷൻ നൽകിയതെന്നറിയുമ്പോൾ എല്ലാ വീട്ടിലും പാചകവാതകമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ് രാജ്യം. ഇതുസംബന്ധിച്ച വാർത്തകൾ ഡിസംബർ 30ന് പുറത്തുവന്നെങ്കിലും നോട്ടുനിരോധന കാലാവധി അവസാനിച്ച ദിവസമായതിനാൽ അതിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ കേന്ദ്രസർക്കാർ കൈവരിച്ച ഈ നേട്ടത്തിന്റെ വാർത്ത ഒതുങ്ങിപ്പോയി.

കഴിഞ്ഞവർഷം മെയ് ഒന്നിനാണ്, ലോക തൊഴിലാളി ദിനത്തിൽ നരേന്ദ്ര മോദി ഉജ്വല യോജനയുടെ പ്രഖ്യാപനം യുപിയിലെ ബല്ലിയ ജില്ലയിൽ നിർവഹിച്ചത്. എട്ടുമാസം പിന്നിടും മുമ്പുതന്നെ കഴിഞ്ഞവർഷം ഉദ്ദേശിച്ച ലക്ഷ്യം നേടിയാണ് പദ്ധതി മുന്നേറുന്നത്. രാജ്യത്തെ പുരോഗതി എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പുരോഗമിക്കുന്നത്.

നിലവിൽ മണ്ണെണ്ണയും വിറകും ചാണകം ഉണക്കിയുണ്ടാക്കുന്ന ചാണകവരളിയും കൃഷിയിടങ്ങളിൽ നിന്ന് ലഭിക്കുന്ന കരിമ്പിന്റേയും ചോളത്തിന്റെയുമെല്ലാം തണ്ടും മറ്റുമാണ് ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാർ അടുപ്പുകത്തിക്കാൻ ഉപയോഗിക്കുന്നത്. ഇതിന് പുകശ്വസിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്ന പാവപ്പെട്ട വീട്ടമ്മമാർക്ക് ആശ്വാസം പകരുകയെന്ന മുദ്രാവാക്യമുയർത്തിയാണ് ഉജ്വല യോജന പ്രഖ്യാപിച്ചത്.

പദ്ധതി പൂർണമായും ബിപിഎല്ലുകാരായ വനിതകൾക്ക് മാത്രം

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യത്തെ കുടുംബങ്ങൾക്കാണ് ഈ പദ്ധതിപ്രകാരം പാചകവാതക കണക്ഷൻ നേടാനാവുക. രാജ്യത്താകമാനം സ്ത്രീകളുടെ പേരിൽ അഞ്ചുകോടി എൽപിജി കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. സ്ത്രീകളെ ശക്തിപ്പെടുത്തുകയും അവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം മൂലം അവർ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കുക, മലിനമായ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന മരണം കുറയ്ക്കുക, വീട്ടിൽ പുക ഉയരുന്നതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളിൽ നിന്ന് അവർക്ക് മുക്തിനൽകുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഉജ്വല യോജനയിലേക്ക് അപേക്ഷിക്കേണ്ട വിധം

ബിപിഎൽ കുടുംബത്തിലെ സ്ത്രീകൾ ഉജ്വല യോജനയുടെ കെവൈസി ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിന് രണ്ടുപേജുള്ള അപേക്ഷാ ഫോമാണ് ഉള്ളത്. പേര്, വിലാസം, ജൻധൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി പൂരിപ്പിക്കണം 14.2 കിലോ സിലിണ്ടറാണോ അഞ്ചുകിലോയുടെ സിലിണ്ടറാണോ വേണ്ടതെന്നും രേഖപ്പെടുത്തണം. ഫോം പൂരിപ്പിച്ച ശേഷം തൊട്ടടുത്ത എൽപിജി ഔട്ട്‌ലെറ്റിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നൽകണം.

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • ഉജ്വല യോജനയിലേക്ക് എസ്ഇസിസി-2011 ഡാറ്റ പ്രകാരം ബിപിഎൽ കുടുംബത്തിൽ ഉൾപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം.
  • 18 വയസ്സു തികഞ്ഞ സ്ത്രീയായിരിക്കണം അപേക്ഷക
  • ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ സേവിങ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കണം
  • വീട്ടിൽ നിലവിൽ സ്വന്തംപേരിലോ മറ്റ് ആരുടേയെങ്കിലും പേരിലോ എൽപിജി കണക്ഷൻ ഉണ്ടായിരിക്കരുത്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  • പഞ്ചായത്ത് പ്രസിഡന്റിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ഉള്ള ബിപിഎൽ സർട്ടിഫിക്കറ്റ്
  • ബിപിഎൽ റേഷൻ കാർഡിന്റെ കോപ്പി
  • ഫോട്ടോ ഐഡി കാർഡിന്റെ കോപ്പി (ആധാർ, വോട്ടേഴ്‌സ് ഐഡി)
  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ

പദ്ധതിക്കായി സർക്കാർ വകയിരുത്തുന്നത് 8000 കോടി

നടപ്പുസാമ്പത്തികവർഷത്തിൽ ഒന്നരക്കോടി കണക്ഷനുകൾക്കായി 2000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയത്. വരും വർഷങ്ങളിലും ഇതിനായി കൂടുതൽ തുക വകയിരുത്തും. ആകെ എണ്ണായിരം കോടിരൂപയാണ് പദ്ധതിക്ക് നീക്കിവയ്ക്കാൻ ഉദ്ദേശിക്കുന്നത്. ഓരോ എൽപിജി കണക്ഷനും 1600 രൂപയുടെ സാമ്പത്തിക സഹായമാണ് ബിപിഎൽ കുടുംബത്തിനായി സർക്കാർ ലഭ്യമാക്കുക.

സ്റ്റൗവിനും റീഫില്ലിംഗിനുമെല്ലാം ഇൻസ്റ്റാൾമെന്റ് സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല. 2016-17 സാമ്പത്തിക വർഷം മുതൽ 2018-19 വർഷംവരെ മൂന്നു സാമ്പത്തിക വർഷങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്‌സൈറ്റ് : http://www.pmujjwalayojana.in/

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ: 1800 266 6696