പാലക്കാട്: എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ടുണ്ട്. സർക്കാർ സ്ബ്‌സിഡികളും മറ്റും ബാങ്കിലൂടെയേ നൽകൂ. ഈ ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കുടുംബങ്ങളേയും ബാങ്ക് അക്കൗണ്ട് ഉടമകളാക്കിയത്. പക്ഷേ എല്ലാവർക്കും പണികിട്ടിയെന്ന് മാത്രം പറഞ്ഞാൽ മതി.

ദേശസാത്കൃത ബാങ്കായാലും എല്ലാ സേവനത്തിനും ഇനി സർവീസ് ചാർജ് നൽകണം. എ.ടി.എം, ഇടപാടുകൾ നടന്നാൽ ലഭിക്കുന്ന എസ്.എം.എസ്, ഓൺലൈൻ വഴി പണമടയ്ക്കൽ, പിൻവലിക്കൽ, മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമയയ്ക്കൽ തുടങ്ങി എല്ലാ ഇടപാടിനും സർവീസ് ചാർജ് നിർബന്ധമാക്കി.

നേരത്തെ എ.ടി.എം. വഴി സ്വന്തം അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിന് പണച്ചെലവുണ്ടായിരുന്നില്ല. ഇപ്പോൾ അക്കൗണ്ടുള്ള സ്വന്തം ബ്രാഞ്ചിൽനിന്നു പണം പിൻവലിച്ചാലും സർവീസ് ചാർജ് നൽകണം. ഈ സാമ്പത്തിക വർഷാവസാനത്തോടെ എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജ് എന്ന പേരിൽ അക്കൗണ്ടിൽനിന്നു ബാങ്കുകൾ തുക പിടിത്തം തുടങ്ങി.

ഈ സർവീസ് ചാർജുകൾ ഓരോ ബാങ്കിലും ഓരോ നിരക്കിലാണ്. ഓരോ ഇടപാടിനും ഇത്ര തുകയാണ് സർവീസ് ചാർജെന്ന് എ.ടി.എം. കൗണ്ടറിലോ ബാങ്കിനകത്തോ ബോർഡുകൾ എഴുതി പ്രദർശിപ്പിക്കുന്നുമില്ല. വ്യക്തികളുടെ അക്കൗണ്ട് ബാലൻസ് അനുസരിച്ച് സർവീസ് ചാർജ് വ്യത്യാസപ്പെട്ടിരിക്കും.

പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം വീടുകൾ തോറും അക്കൗണ്ടുകൾ തുടങ്ങിയവർക്കും സർവീസ് ചാർജ്് നിർബന്ധമാണ്. പൂജ്യം ബാലൻസിൽ അക്കൗണ്ട് തുടങ്ങിയ, പുതുതായി ആരംഭിച്ച ഡെബിറ്റ് കാർഡായ റുപേ കാർഡ് ലഭിച്ചവർക്കും പണം പിൻവലിക്കാൻ സർവീസ് ചാർജ് നൽകണം. വിവിധ സബ്‌സിഡിയും, പെൻഷനും, തൊഴിലുറപ്പ് വേതനവും അക്കൗണ്ട് വഴിയാക്കിയതിന്റെ ഗുണം ലഭിക്കുന്നത് ബാങ്കുകാർക്കാണ്. മുമ്പ് പോസ്റ്റ്മാൻ വീട്ടിൽ കൊണ്ടു വന്നിരുന്ന പെൻഷനും മറ്റും ബാങ്കുകൾ കയറിയിറങ്ങുതിനു പുറമെ സർവീസ് ചാർജും നൽകേണ്ട അവസ്ഥയായി. തപാൽ വകുപ്പിൽ ഇടപാടുകൾ കുറയാൻ ഇതൊരു കാരണവുമായി.

അക്കൗണ്ടുള്ള ബാങ്കിൽനിന്ന് അഞ്ചുതവണയിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ എ.ടി.എം. ചാർജ് നൽകേണ്ട അവസ്ഥ നേരത്തെയുണ്ട്. എന്നാൽ ഇതിനുപുറമെ എ.ടി.എം. ഉപയോഗിക്കുന്നതിന് വാർഷിക ഫീസായി 110 രൂപ ഈടാക്കുന്ന ബാങ്കുകൾ ഉണ്ട്. മറ്റൊരു ബാങ്കിന്റെ എ.ടി.എമ്മിൽ ഇടപാട് നടത്തുന്നതിന് ഓരോ ബാങ്കും ഓരോ നിരക്കാണ് സർവീസ് ചാർജായി ഈടാക്കുന്നത്. ഇതിന് ഒരു ഏകീകൃതസ്വഭാവം ഇല്ല.

മൊബൈലിലേക്ക് മെസേജ് വരണമെങ്കിലും സർവീസ് ചാർജ് നൽകണം. ബാലൻസ് അറിയാൻ എ.ടി.എം. ഉപയോഗിച്ചാലും സർവീസ് ചാർജ് പോകും. എന്നാൽ ഇതൊക്കെ പാവപ്പെട്ട സാധാരണക്കാർക്കു മാത്രമാണ്. 25,000 രൂപയിൽ കൂടുതൽ അക്കൗണ്ടിൽ ഉണ്ടെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ സേവനം സൗജന്യമാണ്. ഈ ബാങ്കിൽനിന്ന് സമീപത്തുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് പണമയയ്ക്കാനും സർവീസ് ചാർജ് നൽകണം. പൂർണമായും സൗജന്യമാണ് എന്നവകാശപ്പെടുന്ന ഗ്രീൻ ചാനൽ വഴി പണം എടുക്കാനും അയയ്ക്കാനും സർവീസ് ചാർജ് നൽകണം.

പൂർണമായും സൗജന്യമെന്ന നിലയിൽ തുടങ്ങിയ എ.ടി.എമ്മുകൾ തന്നെ സർവീസ് ചാർജുകൾ മോശമല്ലാത്ത വിധത്തിൽ ഈടാക്കുന്നുണ്ട്. മുമ്പ് സ്വകാര്യ ബാങ്കുകൾ നടത്തിയ പല സർവീസ് ചാർജുകളും ദേശസാൽകൃത ബാങ്കുകളും അതേപടി തുടങ്ങിയിരിക്കുകയാണ്. ഭാവിയിൽ ബാങ്കുകളിൽ ഇടപാടുകൾക്ക് സർവീസ് വലിയ തോതിൽ വർദ്ധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.