ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രകൾക്ക്. അമേരിക്കൻ സന്ദർശനമാണ് ഇതിൽ പ്രധാനം. കൂടാതെ പോർച്ചുഗൽ, നെതർലൻഡ്‌സ് രാജ്യങ്ങളിലും സന്ദർശനം നടത്തും.

ജൂൺ 24ന് പോർച്ചുഗലിൽ എത്തുന്ന മോദി 25, 26 തീയതികളിൽ യുഎസിലായിരിക്കും. 27ന് നെതർലൻഡിലെത്തും. 26 നായിരിക്കും ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ആദ്യമായാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരു നേതാക്കളും മുമ്പ് പലവട്ടം ഫോണിൽ സംസാരിച്ചിരുന്നു.

പാരിസ് ഉച്ചകോടിയിൽനിന്നു യുഎസ് പിന്മാറിയതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ മോശമായി പരാമർശിച്ചതും നിലനിൽക്കെയാണു മോദിയുടെ യുഎസ് സന്ദർശനം. കാലാവസ്ഥ സംരക്ഷണം ഇന്ത്യയുടെ പാരമ്പര്യവും ധർമ്മവുമാണെന്നും പാരിസ് ഉച്ചകോടി നടപ്പാക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ യുഎസ് വീസ, ചൈന, പാക്കിസ്ഥാൻ, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും ചർച്ച നടത്തിയേക്കും.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുമായി മോദി എട്ടുവട്ടം ചർച്ച നടത്തിയിട്ടുണ്ട്. മോദി മൂന്നുവട്ടം വാഷിങ്ടൻ സന്ദർശിച്ചു. 2015ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഒബാമ പങ്കെടുക്കുകയും ചെയ്തിരുന്നു.