- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സേനയ്ക്ക് കൂടുതൽ ചെറുപ്പം; പ്രതിരോധമേഖലയ്ക്ക് കരുത്തായി 'അഗ്നിവീരന്മാർ' ഒരുങ്ങുന്നു; യുവശക്തിയെ സൈനിക സേവനത്തിലേയ്ക്ക് എത്തിക്കുന്ന ഇന്ത്യയുടെ സമഗ്രപദ്ധതി അഗ്‌നിപഥ് തുടങ്ങി; പ്രവേശനം എങ്ങിനെ, യോഗ്യതകൾ എന്തൊക്കെ; ഹ്രസ്വകാല സൈനിക സേവനം അഗ്നിപഥിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ന്യൂഡൽഹി: യുവശക്തിയെ സൈനിക സേവനത്തിലേയ്ക്ക് എത്തിക്കുന്ന ഇന്ത്യയുടെ സമഗ്രപദ്ധതിക്ക് തുടക്കം. കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന അഗ്‌നിപഥ് പദ്ധതിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്‌മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വി.ആർ. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.അഗ്‌നിവീർ എന്നാണ് കൗമാര സേനയ്ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും മുന്നിൽ രണ്ടാഴ്ച മുന്നേ സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥർ അവതരിപ്പിച്ചി
രുന്നു.ഡിപ്പാർട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സാണ് പുതുതായി ചേരുന്ന സൈനികരുടെ കാര്യങ്ങൾ നോക്കുക. സൈന്യത്തിലെ സേവനരംഗത്ത് യുവനിരയുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താനും രാജ്യത്തെ യുവനിരയ്ക്ക് സൈനിക സേവന പരിചയം ലഭിക്കാനുമാണ് അഗ്‌നിപഥിലൂടെ ഉദ്ദേശിക്കുന്നത്.
നാലു വർഷത്തെ സേവനം പൂർത്തിയാക്കുന്നവരിൽ 80 ശതമാനം പേരേയും സേവാ മുക്തരാക്കുമെന്നും എന്നാൽ അവർക്ക് മറ്റ് മേഖലകളിൽ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് നൽകുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.സൈനിക രംഗത്ത് നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും യുവാക്കളെ നിയോഗിക്കും. നാലുവർഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കുമെന്നും സേനാ മേധാവികൾ ഉറപ്പുനൽകുകയാണ്.
മികവു തെളിയിക്കുന്ന 25% പേർക്കാണു പിന്നീടു സ്ഥിര നിയമനം നൽകുക. ഹ്രസ്വകാല നിയമനം ലഭിക്കുന്ന അഗ്‌നിവീർ സേനാംഗത്തിനു പെൻഷൻ ലഭിക്കില്ല.യുവാക്കൾ വരുന്നത് സേനകൾ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ ചൂണ്ടിക്കാട്ടുന്നു. 17.5 വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അവസരം ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതിപ്രകാരം നിയമിക്കും.
സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും. യോണിഫോം സേനകളിൽ താത്പര്യമുള്ള, എന്നാൽ അധിക കാലം ജോലി ചെയ്യാൻ താത്പര്യമില്ലാത്ത യുവാക്കൾക്ക് അഗ്‌നിപഥ് ഗുണം ചെയ്യും.ഈ വർഷത്തെ റിക്രൂട്ട്മെന്റ് റാലി അടുത്ത 90 ദിവസത്തിനകം നടത്തും. 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. ജൂലായ് 2023-ഓടെ ആദ്യ ബാച്ച് സജ്ജമാകും. പെൻഷനില്ലെങ്കിലും മികച്ച ശമ്പളവും ഇൻഷുറൻസ് പരിരക്ഷയും ഇവർക്കുണ്ടായിരിക്കും.
പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.നിലവിൽ നേരിട്ട് സൈന്യത്തിലേക്കുള്ള സേവനത്തിനായി എടുക്കേണ്ടവർക്ക് നൽകേണ്ട ശമ്പളം മറ്റ് ആനുകൂല്യങ്ങൾ എന്നിവ വെട്ടികുറയ്ക്കാനും ദൈനദിന സൈനിക മേഖല യിൽ യുവനിരയെ ഭേദപ്പെട്ട ശമ്പളത്തിൽ ഉപയോഗിക്കാനാകുമെന്നതുമാണ് മെച്ചം.
യോഗ്യത
പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവർക്ക് അപേക്ഷിക്കാം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിർദിഷ്ട യോഗ്യത ഉണ്ടായിരിക്കണം. സേനകളിലേക്ക് നിലവിൽ സ്വീകരിക്കുന്ന യോഗ്യതാമാനദണ്ഡങ്ങളായിരിക്കും അഗ്‌നിപഥിനും ഉണ്ടായിരിക്കുക.
പരിശീലനം
സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന അതേ പരിശീലന്ം അഗ്‌നിവീരന്മാർക്കും നൽകും. പരിശീലന മാനദണ്ഡങ്ങൾ സായുധ സേനയിലെ ഉദ്യോഗസ്ഥർ വ്യക്തമായി നിരീക്ഷിക്കും. പത്ത് ആഴ്ച മുതൽ ആറ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷം നിലവിലുള്ള റാങ്കുകളിൽ നിന്ന് വ്യത്യസ്ത റാങ്കുകളിലായി നിയമനം നൽകും
നിയമനം
ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളിൽ നിയമിതരാവുന്ന ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. ബാക്കി 75% പേർക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നൽകും. ഇവർക്ക് പിരിഞ്ഞുപോയി സാധാരണജോലികളിൽ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അഗ്‌നിവീരന്മാർക്ക് തുടർ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നൽകും.
ശമ്പളം
തുടക്കത്തിൽ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോൾ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവൻസുകളും നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെൻഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം പിരിയുമ്പോൾ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി 'സേവാനിധി' പാക്കേജ്' എന്ന പേരിൽ 11.7 ലക്ഷം രൂപ നൽകും. ഇതിന് ആദായനികുതി അടയ്ക്കേണ്ടതില്ല.
ഇൻഷുറൻസ്, നഷ്ടപരിഹാരം
സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ. സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും. സേവനത്തിനിടയിൽ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്‌നങ്ങളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശ പ്രകാരം ശാരീരിക പ്രശ്‌നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും. 50 ശതമാനം ശാരീരിക പ്രശ്‌നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്‌നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം.
അതേസമയം, ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മുൻ സേനാംഗങ്ങളിൽ ചിലർ ഉന്നയിക്കുന്നു. സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം 4 വർഷത്തേക്കു മാത്രമായി സേവനത്തിനെത്തുന്നവരിൽ നിന്ന് പ്രതീക്ഷിക്കാമോ എന്ന് ഇവർ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ