തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ച് സർക്കാർ. നാളത്തെ സുപ്രീം കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം എടുക്കാനാണ് തീരുമാനം. മണ്ഡലകാലത്ത് തീർത്ഥാടനം സുഗമമായി നടത്തുന്നത് സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്താനാണ് തീരുമാനം. സെപ്റ്റംബർ 28ന് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള ഭക്തരോഷമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപംകൊണ്ടത്.

നാമജപ ഗോഷയാത്രയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടും സർക്കാർ നിലപാടിൽ ഉറച്ച് നിന്നെങ്കിലും ഇപ്പോൾ പിന്നോട്ട് പോകുന്നുവെന്ന് വേണം മനസ്സിലാക്കാൻ. സ്ത്രീകൾ എത്തിയാൽ വേണ്ട സുരക്ഷയൊരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോൾ മണ്ഡലകാലത്ത് കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന ആശങ്കയാണ് സർക്കാരിനെ മാറ്റിചിന്തിപ്പിക്കുന്നത്. നിലപാടിൽ ഉറച്ച് നിന്നാൽ ശബരിമലയിൽ പ്രക്ഷോഭം നടത്തുന്നവരെ നേരിടുന്നത് സംഘർഷത്തിലേക്ക് പോലും എത്തിക്കുമെന്നും അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും എന്നും സർക്കാർ തിരിച്ചറിയിന്നു.

ശബരിമല ആചാരങ്ങളിൽ ഇടപെടില്ലെന്നു സർക്കാർ നേരത്തെ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സുരക്ഷാ കാര്യങ്ങളിൽ മാത്രമെ ഇടപെടുകയുള്ളു. ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തരെ തടയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സുഗമമായ തീർത്ഥാടനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളിൽ മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനും സർക്കാരിന് ഉത്തരവാദിത്വമുണ്ട്.