- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലപ്പുഴയിൽ തുടരക്രമങ്ങൾ ഉണ്ടാകരുത്; സമ്പൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം; അന്വേഷണത്തിൽ വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും ഗൂഢാലോചനക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും മന്ത്രി
ആലപ്പുഴ: ജില്ലയിൽ പരിപൂർണമായ സമാധാനവും ശാന്തിയും നിലനിർത്താൻ സർവകക്ഷി യോഗം ആഹ്വാനംചെയ്തു. തുടർച്ചയായി നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെയും സംഘർഷങ്ങളെയും തുടർന്നാണ് സർവകക്ഷി യോഗം ചേർന്നത്. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ സർവകക്ഷി യോഗത്തിന് നേതൃത്വം നൽകി.
ഇപ്പോൾ നടന്ന കൊലപാതകങ്ങളുടെ തുടർച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിലുണ്ടാകരുതെന്ന് സർവകക്ഷി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സജി ചെറിയാൻ വ്യക്തമാക്കി. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഢാലോചനയിൽ പങ്കാളികളായവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള പ്രചാരണങ്ങൾ നടത്തും.
ഇനിയും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ യോജിച്ച് പ്രവർത്തിക്കും. പരാതികൾ പരസ്പരം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാതെ മന്ത്രിമാരുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയിൽ എത്തിക്കണം. സമാധാനം നിലനിർത്താൻ ജില്ലയിലെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രംഗത്തിറങ്ങണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. ആർഎസ്എസിനെയും പങ്കെടുപ്പിക്കണം. രൺജീത് വധക്കേസ് അന്വേഷണത്തിലെ മെല്ലപ്പോക്ക് സർക്കാരിനു വേണ്ടിയാണെന്നും ബിജെപി ആരോപിച്ചു.ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷിയോഗം ചേർന്നത്. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എംപിമാർ, എംഎൽഎമാർ, വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
തിങ്കളാഴ്ച യോഗം ചേരാനായിരുന്നു ആദ്യ തീരുമാനം. രൺജീതിന്റെ സംസ്കാരം നടക്കുന്നതിനാൽ പങ്കെടുക്കില്ലെന്നു ബിജെപി നേതാക്കൾ അറിയിച്ചതിനാലാണ് ഇന്നത്തേയ്ക്കു മാറ്റിയത്.അതേസമയം, ആലപ്പുഴയിൽ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ 6 വരെ നീട്ടി
മറുനാടന് മലയാളി ബ്യൂറോ