ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരം.

രാഹുൽ ഗാന്ധിക്കു വേണ്ടി മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, മുതിർന്ന നേതാവ് എ.കെ. ആന്റണി എന്നിവരടക്കമുള്ള ഹൈക്കമാൻഡ് നേതാക്കളിൽ നിന്നു നാലോ അതിലധികമോ, വിവിധ സംസ്ഥാന പിസിസികളിൽ നിന്നു ഒന്നും അതിലധികമോ നാമനിർദേശ പത്രികകൾ സമർപ്പിക്കുമെന്നാണ് സൂചന. ഇതിനായി കേരളത്തിൽ നിന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഞായറാഴ്ച ഡൽഹിയിലെത്തി.

തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചാൽ ചൊവ്വാഴ്ച പത്രികകളിൽ സൂക്ഷ്മ പരിശോധന നടക്കും. സൂക്ഷ്മ പരിശോധന പൂർത്തിയായാൽ സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തും. പത്രിക പിൻവലിക്കാനുള്ള സമയ പരിധി 11 വരെയാണ്.