അറവുശാലകൾക്ക് ലൈസൻസ് നിഷേധിച്ച ഉത്തർപ്രദേശ് സർക്കാർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ . അലഹബാദ് ഹൈക്കോടതിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ പ്രധാന തീരുമാനങ്ങളിൽ ഒന്നായ അറവുശാലകൾക്ക് ലൈസൻസ് നൽകില്ലെന്ന ഉത്തരവിനെ റദ്ദാക്കിയത്. മാംസാഹാരം കഴിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ സർക്കാരിന് നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അറവുശാലകൾക്ക് ഉടൻതന്നെ ലൈസൻസ് നൽകണമെന്നും അലഹബാദ് ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അറവുശാലകൾ നിരോധിച്ച സർക്കാർ നടപടിക്കെതിരെ കോടതിയിൽ സമർപ്പിച്ച 27ഓളം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും പുതിയവ വേണ്ടവർക്കും ഭക്ഷ്യ വകുപ്പിനെ ലൈസൻസിനായി സമീപിക്കാമെന്നും കോടതി അറിയിച്ചു. ജൂലൈ 19നകം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.