ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് എസ്എൻ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിലെയെല്ലാം നിയമനം നടത്തുന്നതും അത് വഴി കോടികൾ സമ്പാദിക്കുന്നതെന്നുമുള്ള കാര്യം അറിയാത്തവരായി കേരളത്തിൽ ആരും ഉണ്ടെന്ന് തോന്നുന്നില്ല. എംഎഎസും കത്തോലിക്കാ സഭയും എൻഎസ്എസുമെല്ലാം ഇങ്ങനെ നിയമനത്തിന്റെ പേരിൽ കോഴ വാങ്ങുന്നത് പതിവാക്കിയവരാണ്. എന്നാൽ, എസ്എൻ ട്രസ്റ്റ് എന്ന പ്രസ്ഥാനത്തെ വെള്ളാപ്പള്ളി കുടുംബ സ്വത്താക്കി വച്ച് നിയമത്തിനായി ലഭിക്കുന്ന പണമെല്ലാം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണമാണ് കുറച്ചു കാലങ്ങളായി ഉയർന്നു കേട്ടത്. വോട്ടു ബാങ്കിനെ പേടിച്ച് മറ്റ് നേതാക്കളെല്ലാം തുറന്നു പറയാൻ മടിച്ച കാര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തുറന്നടിച്ച് പറഞ്ഞതോടെ പുറത്തുവരുന്നത് അദ്ധ്യാപക നിയമത്തിന്റെ മറവിൽ വെള്ളാപ്പള്ളി നടത്തിയ വമ്പൻ കോഴയുടെ ഇടപാടുകളെ കുറിച്ചാണ്.

നാല് വർഷത്തിനിടെ നിയമനങ്ങൾ വഴി 100 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴ വാങ്ങിയെന്നും ഈ പണം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു വിഎസിന്റെ വിമർശനം. ഈ പണം സ്വിസ് ബാങ്കിൽ നിക്ഷേപിച്ചോ എന്നുമാണ് വിഎസിന്റെ ചോദ്യം. വി എസ് ഇക്കാര്യത്തിൽ വെറും വാക്ക് പറഞ്ഞതല്ലെന്ന കാര്യം വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വെള്ളാപ്പള്ളിക്ക് സാധിച്ചിരുന്നില്ല. മാത്രവുമല്ല മുമ്പ് സി കെ വിദ്യാസാഗറും, ഗോകുലം ഗോപാലനും അടക്കം ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

വി എസ്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായെത്തിയ വെള്ളാപള്ളിക്ക് വ്യക്തമായ മറുപടി പറയാൻ കഴിയാതിരുന്നതോടെ വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇന്നലെ വൈകിയും വി എസ് വെള്ളാപ്പള്ളിക്കെതിരെ പാതിരാപ്പള്ളിയിൽ ആഞ്ഞടിച്ചു. നടേശന്റെ മറുപടിയിൽ വ്യക്തതയില്ലെന്നാണ് വി എസ് പറഞ്ഞത്. അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന മൊഴിയാണിപ്പോൾ നടേശന്റെ പല്ലവിയെന്നും വി എസ്. താൻ ആരോപിച്ച കോഴ കേസിന്റെ ഒരംശം മാത്രം അടർത്തിയെടുത്തു രംഗവിടുമെന്ന് പറഞ്ഞ വെള്ളാപള്ളി ഒളിച്ചോടുകയാണ് ചെയ്ത്. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തെ ഇപ്പോൾ നടേശധർമ്മ പരിപാലനയോഗമാക്കി മാറ്റിയെന്നു വി എസ് ആരോപിച്ചു.

രണ്ട് പതിറ്റാണ്ടോളമായി എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും മേധാവിയാണ് വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റിന്റെ കീഴിൽ 13 കോളേജുകളും എസ്എൻഡിപി യോഗത്തിന്റെ കീഴിൽ രണ്ട് കോളേജുകളുമുണ്ട്. ഇവയിലെല്ലാം വിരാജിച്ച നടേശൻ ഇക്കാലയളവിൽ 2200 ൽ അധികം അദ്ധ്യാപക അനധ്യാപക നിയമനങ്ങൾ നടത്തിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവർഷക്കാലത്ത് മാത്രം 322 നിയമനങ്ങളാണ് വെള്ളാപ്പള്ളി നടത്തിയത്. 25 ലക്ഷം മുതൽ 40 ലക്ഷം രൂപവരെയാണ് ഓരോ നിയമനത്തിനും വാങ്ങുന്നത്. ഇങ്ങനെ കോടിക്കണക്കിന് രൂപ വെള്ളാപ്പള്ളി കുടുംബ സ്വത്താക്കി മാറ്റുകയാണ് ഉണ്ടായത്.

കണക്കുകൾ പ്രകാരമാണെങ്കിൽ വി എസ് ആരോപിച്ചതിനേക്കാൾ കൂടുതൽ കോടികൾ വെള്ളാപ്പള്ളി പോക്കറ്റിലാക്കിയിട്ടുണ്ട്. അത് ട്രസ്റ്റിന് ലഭിച്ച വരുമാനത്തിന്റെ വിവരങ്ങളുമായി ബന്ധപ്പെടുത്തി വായിച്ചാൽ വ്യക്തമാകുകയും ചെയ്യും. എസ്എൻ ട്രസ്റ്റിന് കീഴിൽ അനുവദിച്ച എൻജിനീയറിങ് കോളേജ് വെള്ളാപ്പള്ളി സ്വന്തമാക്കിയെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.

ആർ ശങ്കർ എസ്എൻഡിപി യുടെ നായകനായിരുന്നപ്പോൾ സ്ഥാപിച്ച സ്‌കൂളുകളും കോളേജുകളും മറ്റും തന്നെയാണ് ഇപ്പോഴും സമുദായത്തിന്റെ പേരിൽ അവശേഷിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളി നടേശൻ ആ കസേരയിൽ വന്നപ്പോൾ ലഭിക്കുന്ന സ്ഥാപനങ്ങൾ എല്ലാം നടേശൻ സ്മാരകങ്ങൾ ആയിമാറുകയാണെന്നാണ് വിഎസിന്റെ ആരോപണം.

ബിജെപിയുമായി ധാരണയുണ്ടാക്കാൻ പോയി വെള്ളാപള്ളി കേരളത്തിൽ തിരിച്ചെത്തിയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ തടയിടാൻ പാർട്ടി തലപുകയക്കുന്നതിന് ഇടെ വി എസ് നടത്തിയ കടന്നാക്രമണം സ്വന്തം പാർട്ടിക്കാരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. നേരത്തെ പി ബിയുടെ അനുമതിയുമായി എസ്എൻഡിപിയുമായി അനുരജ്ഞനത്തിന് ശ്രമം നടത്തിയ പാർട്ടിക്ക് ഇപ്പോൾ വി എസ്സിന്റെ നീക്കങ്ങൾ തിരിച്ചടിയായെന്ന വിലയിരുത്തലും ചില കോണുകളിൽ നിന്നുണ്ട്. മാത്രമല്ല യോഗം വൈസ് പ്രസിഡന്റ് സി പി എമ്മുമായി ചങ്ങാത്തത്തിലെത്താൻ അനുകൂല നിലപാടെടുത്തു വരികയായിരുന്നു. എന്നാൽ വിഎസിന്റെ കടന്നാക്രമണം വെള്ളാപ്പള്ളിയുടെ വിലപേശൽ ശേഷിയെ തകർക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഈഴവ സമുദായത്തിലെ വെള്ളാപ്പള്ളി വിരുദ്ധരെ സന്തോഷിപ്പിക്കുന്നാണ് വിഎസിന്റെ അഭിപ്രായ പ്രകടനങ്ങൾ.