കൊല്ലം: ഗൾഫിലേക്ക് പച്ചക്കറി കയറ്റി അയക്കുന്ന ബിസിനസുകരനായിരുന്നു കൊല്ലം കരിക്കോട് ചാത്തിനാംകുളം സ്വദേശി ഷാജുമോൻ. 18 വർഷം പ്രവാസ ജീവിതം നയിച്ച ഷാജുവിന് 89 ദിവസം ദുബായ് ജയിലിലും കിടക്കേണ്ടി വന്നു അവസാനം രാജ്യത്ത് നിന്നും പുറത്താക്കുകയും ചെയ്തു. മാന്യമായി ജോലി ചെയ്ത് വന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ദുരന്തമായി മാറുകയായിരുന്നു കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയും ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ, സൗത്ത് കേരള കാഷ്യു എക്‌സ്‌പോർട്ടേഴ്‌സ് ഉടമയുമായ അബ്ദുൽസലാമുമായുള്ള കശുവണ്ടി ബിസിനസിൽ ഇടനിലക്കാരനായി നിന്നത്.

2020 ഫെബ്രുവരിയിൽ ഷാജു ദുബായിൽ ജോലി ചെയ്തിരുന്ന സമയത്ത് കോഴിക്കോട് സ്വദേശിയായ അൽ-വാദി അൽ- സെയ്ൻ ജനറൽ ട്രേഡിംഗിന്റെ മാനേജർ റഫീക്ക് അഹമ്മദ് രണ്ട് കണ്ടെയ്‌നർ കശുവണ്ടി പരിപ്പ് ആവശ്യപ്പെട്ടിരുന്നു. (ഒരു കോടി എൻപത്തിയെട്ട് ലക്ഷം രൂപയുടെ കശുവണ്ടി പരിപ്പ്) തുടർന്ന് ഷാജു തന്റെ നാട്ടുകാരനായ സൗത്ത് കേരള കാഷ്യു എക്‌സ്‌പോർട്ടേഴ്‌സ് ഉടമ അബ്ദുൽ സലാമിനെ സമീപിച്ചു. കച്ചവടത്തിൽ ഇടനിലക്കാരൻ മാത്രമാണ് ഷാജു. അബ്ദുൽ സലാമും അൽവാദി കമ്പനിയുമായിട്ടാണ് കരാറിൽ ഒപ്പിട്ടത്.

സൗത്ത് കേരള ഉടമ അബ്ദുൽ സലാം കൊടുത്ത പെർഫോമ ഇൻവോയിസ് പ്രകാരം അൽവാദി കമ്പനിയുടെ ആപ്ലിക്കന്റായ കമ്പനി സൗത്ത് കേരളയുടെ ബാങ്കായ കൊല്ലം ഇരുമ്പ്പാലത്തെ ഫെഡറൽ ബാങ്കിന് ലെറ്റർ ഓഫ് ക്രഡിറ്റിന്റെ ഡ്രാഫ്റ്റ് നൽകുകയും ചെയ്തു. എൽ.സി കരാർ പ്രകാരം കശുവണ്ടിപരിപ്പ് ദുബായ് ജുബേൽ അലി പോർട്ടിലേക്ക് അൽവാദി കമ്പനിക്ക് അയച്ച് കൊടുത്തു.

പേമെന്റ് പ്രശ്‌നത്തെ തുടർന്ന് അബ്ദുൽ സലാമിന്റെ നിർദ്ദേശ പ്രകാരം തൊടിയൂർ സ്വദേശിയായ ഷാജഹാന് പവർ ഓഫ് അറ്റോർണി കൊടുത്ത് ചുമതലപ്പെടുത്തി സലാമിന്റെ നിർദ്ദേശ പ്രകാരം സ്റ്റേറ്റ്‌മെന്റ് കൊടുക്കാൻ പോയ ഇടനിലക്കാരനായ ഷാജുവിനെ ദുബായിൽ വച്ച് ചതിയിൽപ്പെടുത്തി 93 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. ചീറ്റിങ് കേസിനായിരുന്നു ഷാജു ജയിലിലടയ്ക്കപ്പെട്ടത്. പൊലീസിന്റെ ഭാഗത്ത് നിന്നും ക്രൂരമായ സമീപനമാണ് ഉണ്ടായതെന്ന് ഷാജു മറുനാടനോട് പറഞ്ഞു.

 

കൊറോണ പിടിപ്പെട്ടതോടെ ജയിൽ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകുകയായിരുന്നു. പലരിൽ നിന്നും കടം വാങ്ങി ചെയ്ത തന്റെ പച്ചക്കറി ബിസിനസിലും മറ്റുമായി ഷാജുവിന് 96 ലക്ഷത്തിന്റെ നഷ്ടമാണ് ദുബായിലെ ജയിൽ ജീവിതം മൂലം ഉണ്ടായത്. നിയമപരമായി യാതൊരുവിധ കരാറുകളൊ അൽവാദി കമ്പനി, സൗത്ത് കേരള എക്‌സ്‌പോർട്ടിങ് ഉടമ അബ്ദുൽ സലാമുമായോ ഷാജുവിന് ഉണ്ടായിരുന്നില്ല.

നാട്ടിലെത്തിയ ഷാജുവിനെ കാത്തിരുന്നത് വലിയ ദുരന്തങ്ങളായിരുന്നു. അബ്ദുൽ സലാമിന്റെ ബന്ധുക്കളുടെ വധഭീഷണി. ഷാജുവും കുടുംബവും സിറ്റി പൊലീസ് കമ്മീഷണർക്ക് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഉൾപ്പെടെ രേഖാമൂലം പരാതി നൽകി. ബിസിനസ് തകർന്നതോടെ വീട്ടിൽ എന്നും പൈസ കൊടുക്കാനുള്ളവരുടെ നീണ്ട നിര. ഷാജുവിന് രാത്രി കിടക്കാൻ പോലും വീട്ടിൽ കയറാൻ കഴിയാത്ത അവസ്ഥയിലാണ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസ ലോകത്ത് ചെലവൊഴിച്ച ഷാജു. ഈ വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ട് മറുനാടൻ റിപ്പോർട്ടർ സൗത്ത് കേരള എക്‌സ്‌പോർട്ടിങ് ഉടമ അബ്ദുൽ സലാമിനെ ബന്ധപ്പെട്ടപ്പോൾ ഈ വിഷയത്തിൽ എനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.