കൊച്ചി: സീറോ മലബാർ സഭയിൽ വിവാദം ആളിക്കത്തുകയാണ്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുൻകൈയെടുത്ത് നടത്തിയെന്ന് പറയപ്പെടുന്ന ഭൂമി ഇടപാടുകളാണ് വിവാദം ചൂടുപിടിപ്പിക്കുന്നത്. ഈ വിഷയത്തെ ചൊല്ലി സഭയ്ക്കുള്ളിൽ രണ്ട് ചേരി ഉയർന്നു കഴിഞ്ഞു. ഭൂമി ഇടപാടിൽ കർദിനാളിനെ കുറ്റപ്പെടുത്തി കൊണ്ട് പരാതിയുമായി ഒരു വിഭാഗം രംഗത്തിറങ്ങിയപ്പോൾ മറുവശത്ത് ഇതിനെ പ്രതിരോധിക്കാൻ വേണ്ടി ഒരുക്കങ്ങളുമായി മറുവിഭാഗവും ശക്തമായി രംഗത്തുണ്ട്. കർദിനാളിനെ കരുവാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപെടാൻ ശ്രമിക്കുകയാണ് എsന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം. എന്തായാലും അധികാര വടംവലിയുടെ ഭാഗമായാണ് ഈ വിവാദം ഉയർന്നുവന്നത് എന്നത് വ്യക്തമാണ്.

അതേസമയം വിവാദമായ ഇടപാടിൽ പൊലീസ് അന്വേഷണം തുടങ്ങയിട്ടുണ്ട്. ഇടപാടിലെ ദല്ലാൾ സജി വർഗീസിനെ പ്രതിയാക്കി മാർട്ടിൻ പയ്യപ്പിള്ളി ഐജിക്കു നൽകിയ പരാതിയാണ് അന്വേഷണത്തിനായി എസിപി കെ ലാൽജിക്ക് കൈമാറിയത്. തുടർന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി. സഭാവിശ്വാസി എന്ന പേരിലാണ് മാർട്ടിൻ പയ്യപ്പിള്ളി പരാതിനൽകിയത്. അതേസമയം, ഇയാൾക്ക് സഭയുമായി ബന്ധമില്ലെന്ന വിവരത്തെത്തുടർന്ന് നിയമോപദേശംകൂടി തേടിയശേഷമാകും തുടരന്വേഷണം നടത്തുക. എന്നാൽ, മാർട്ടിൻ പയ്യപ്പിള്ളി കർദിനാൾ അനുകൂലിയാണെന്നും അന്വേഷണം ദല്ലാളിൽ മാത്രമൊതുക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെന്നും മറുവിഭാഗം ആരോപിക്കുന്നു.

അതിവിടെ, വൈദികർക്കും മെത്രാന്മാർക്കുമിടയിലെ ഭിന്നത വ്യക്തമാക്കുന്ന ആരോപണങ്ങളും പുറത്തുവരുന്നുണ്ട്. വൈദികസമിതി യോഗത്തിൽ കർദിനാളിനെ രൂക്ഷമായി വിമർശിക്കുന്ന സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ സംഭാഷണം മറുനാടൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഭൂമിയിടപാടിനെതിരെ സംസാരിച്ചപ്പോൾ തന്റെ വൈദികജീവിതത്തെപ്പോലും ചോദ്യംചെയ്യുന്ന നീക്കമുണ്ടായെന്നും കഴിഞ്ഞ നാലുവർഷമായി തന്നെ പേടിപ്പിച്ച് കാര്യങ്ങൾ കാണുകയാണെന്നുമാണ് സംഭാഷണത്തിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറയുന്നത്. മറ്റ് വൈദികരെ എരികേറ്റാൻ സഹായമെത്രാൻ ശ്രമിച്ച ശബ്ദരേഖയാണ് മറുനാടൻ പുറത്തുവിട്ടതും.

അതേസമയം വിവാദം കൊഴുക്കുമ്പോൾ സഭയിലെ ഒരു മെത്രാന് കാനഡയിൽ ഭാര്യയും മക്കളമുണ്ടെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. വിദേശത്തു നിന്നും ഫണ്ട് പിരിക്കാൻ മിടുക്കനാണ് ഈ മെത്രാനെന്നു ഇക്കൂട്ടർ ആരോപിക്കുന്നു. ആരോപണ വിധേയനായ മെത്രാൻ ഇടക്കിടെ കാനഡയിൽ രഹസ്യമായി യാത്ര നടത്തുന്നുണ്ട്. കേരളത്തിലേക്ക് കാനഡയിൽ നിന്നൊഴുകുന്ന പണത്തിന്റെ വിനയോഗവുമായി ബന്ധപ്പെട്ട നിരവധി ദുരൂഹതകളും നിലനിൽക്കുന്നതായും ആരോപണമുണ്ട്.

സഭാ വിശ്വാസികളുടെ കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയുടെ ചുമതലക്കാരനായ അദ്ദേഹം കാനഡയിൽ എത്തി സ്വന്തം കുടുംബം ഉണ്ടാക്കിയെന്നാണ് ആരോപണം. അതസമയം തനിക്കെതിരെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് മെത്രാന്റെ പക്ഷം. കർദിനാളിന്റെ ശിൽപ്പന്തികളാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം മറുപടി പറയുന്നു. അതേസമയം ഭൂമി വിവാദത്തിൽ കർദിനാളിനെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രസ്തുത മെത്രാൻ തീവ്ര ശ്രമം നടത്തിയെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങൾ തെളിയുകയാണെങ്കിൽ സഭാ നിയമം അനുസരിച്ച് അദ്ദേഹത്തെ മെത്രാൻ സ്ഥാനത്തു നിന്നും വൈദികവൃത്തിയൽ നിന്നും മാറി നിൽക്കേണ്ടി വരും.

അതിനിടെ സഭയുടെ ഭൂമിയിടപാടിൽ വീഴ്ചപറ്റി എന്ന് കുറ്റസമ്മതം നടത്തി കർദിനാൾ ഭൂമിടപാടിനെക്കുറിച്ച് അന്വേഷിച്ച കമീഷനു എഴുതിനൽകിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭൂമി ഇടപാടിൽ കർദിനാളിനു വീഴ്ചപറ്റിയതായി അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. അതേസമയം, സംഭവം കൂടുതൽ വിവാദമാകുന്ന സാഹചര്യത്തിൽ തുടർനടപടികളെക്കുറിച്ച് ആലോചിക്കാൻ കർദിനാൾ അനുകൂലികൾ വ്യാഴാഴ്ച യോഗം ചേരുമെന്ന് അറിയുന്നു.

അതിനിടെ രൂപതയുടെ സ്ഥാപനങ്ങളുടെ ഭരണച്ചുമതല വീതിച്ചു നൽകിയതോടെ പ്രശ്‌നങ്ങൾക്ക് താൽക്കാലികമായി പരിഹാരം ഉണ്ടായെന്ന സൂചനയുമുണ്ട്. ഭരണച്ചുമതല മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനായിരിക്കും. പള്ളികളുടെ ഭരണപരമായ അധികാരങ്ങളും വൈദികരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളുടെ ചുമതലയും മാർ ജോസ് പുത്തൻവീട്ടിലിനായിരിക്കും. ഇതോടെ രൂപതയുടെ കൂരിയ സംവിധാനം അപ്രസക്തമാകുകയും എറണാകുളം രൂപതാംഗങ്ങളായ സഹായമെത്രാന്മാർക്ക് രൂപതയുടെ ഭരണ നിയന്ത്രണം ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കലാപമുയർത്തിയ രൂപതയിലെ വൈദികസമിതിയിലെ അംഗങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു രൂപതയുടെ ഭരണം സഹായമെത്രാന്മാർക്ക് കൈമാറുക എന്നത്. ഇത് അംഗീകരിക്കപ്പെട്ടതോടെ വിവാദത്തിന് താൽക്കാലികമായ വെടിനിർത്തൽ ഉണ്ടായത്.

നേരത്തെ ഭൂമി കച്ചവട വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സഭയിലെ മെത്രാന്മാരുടെ സിനഡിൽ രൂപതാ ഭരണം മേജർ ആർച്ച്ബിഷപ്പായ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാന്മാർക്ക് നൽകണമെന്ന് നിർദേശമുയർന്നിരുന്നു. ഈ നിർദ്ദേശം അംഗീകരിച്ചാണ് മാർ ആലഞ്ചേരി സഹായമെത്രാന്മാർക്ക് അധികാരം കൈമാറിയത്. ഇതുകൂടാതെ പുതിയ ഒരു സമിതി ഭൂമി കച്ചവടവിവാദത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും സിനഡ് നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ ചേർന്ന വൈദിക സമിതിയോഗത്തിൽ രൂപതയിലെ 47 വൈദികരാണ് പങ്കെടുത്തത്. യോഗത്തിൽ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വൈദിക സമിതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഫാദർ ബെന്നി മാരാംവിട്ടിൽ അധ്യക്ഷനായുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണ രൂപം അവതരിപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാനാകില്ലെന്നും സഭാ സിനഡ് നിർദേശപ്രകാരം രൂപംകൊടുത്തിട്ടുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ട് മാത്രമേ അംഗീകരിക്കാനാകൂവെന്നും വൈദിക സമിതി യോഗത്തിൽ മാർ ആലഞ്ചേരി നിലപാട് സ്വീകരിച്ചു. ഇത് യോഗം അംഗീകരിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്.