- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാർ പിറകോട്ട് വലിഞ്ഞപ്പോൾ പൊലീസുകാർ അത്യാവേശത്തിൽ; നിസാമിനെ രക്ഷിക്കാൻ ഡിജിപി പോലും രംഗത്തിറങ്ങി; കള്ളന്മാരുടെ രാജാവായ പേരമംഗലം സിഐയെ തൊടാൻ എല്ലാവർക്കും പേടി; പൊലീസിന്റെ അട്ടിമറി ശ്രമത്തിന് അനേകം തെളിവുകൾ
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ പൊലീസിലെ തന്നെ ഉന്നതർ ശ്രമിച്ചതായി സൂചന. പേരാമംഗലം സിഐയുടെ നേതൃത്വത്തിൽ ഇതിനായി ഗൂഡാലോചന നടന്നുവെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്. ചന്ദ്രബോസിനെ കൊന്ന നിസാമുമായി തൃശൂരിലെ മുഴുവൻ പൊലീസുകാർക്കും അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരെല്ലാം നിസാമിൽ നിന്ന് മാസപ്പടി വാങ്ങുന്നവരായിരുന്നു
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാൻ പൊലീസിലെ തന്നെ ഉന്നതർ ശ്രമിച്ചതായി സൂചന. പേരാമംഗലം സിഐയുടെ നേതൃത്വത്തിൽ ഇതിനായി ഗൂഡാലോചന നടന്നുവെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്. ചന്ദ്രബോസിനെ കൊന്ന നിസാമുമായി തൃശൂരിലെ മുഴുവൻ പൊലീസുകാർക്കും അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരെല്ലാം നിസാമിൽ നിന്ന് മാസപ്പടി വാങ്ങുന്നവരായിരുന്നുവെന്ന സൂചനയുണ്ട്. ഇതിനൊപ്പം ഇളാപ്പയടക്കമുള്ളവരുടെ സ്വാധീനം കൂടിയായപ്പോൾ പൊലീസുകാർ നിസാമിനായി ഒന്നിച്ചു. ഡിജിപിക്ക് എതിരെ പോലും ആരോപണങ്ങൾ ഉയരുന്നുണ്ട്.
നിസാമിന്റെ ഭാര്യയെ കേസിൽ പ്രതിയാക്കത്തതും ഉന്നത തല സ്വാധീനം കൊണ്ട് കൂടിയാണ്. ചന്ദ്രബോസിനെ നിസാം കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന അമല അത് തടയാൻ ശ്രമിച്ചില്ല. മറിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. എന്നിട്ടും അമലയെ കേസിൽ പ്രതിയാക്കിയില്ല. സാക്ഷി മാത്രമാക്കി. ഇതിനെല്ലാം പിന്നിൽ കരുക്കൾ നീക്കിയത് പൊലീസുകാർ തന്നെയാണെന്നാണ് സൂചന.
നിസാമിന് അനുകൂലമായി കേസ് അട്ടിമറിക്കാൻ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി സർക്കാർ ചീഫ് വിപ്പ് പി സി ജോർജ് രംഗത്തെത്തി. കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാൻ ഡിജിപി ശ്രമിച്ചു. നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കാനും ഡിജിപി ഇടപെട്ടു. കൊള്ളക്കാർക്ക് കൂട്ടു നിൽക്കുന്നത് ഡിജിപിയാണെന്നും പി സി ജോർജ്ജ് ആരോപിച്ചു. ഇതോടെ ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന ആരോപണങ്ങൾ പുതിയ തലത്തിലെത്തും.
രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും നിസാമിന്റെ പണം കൈപ്പറ്റിയിട്ടുണ്ട്. തെളിവുകൾ തന്റെ കൈപ്പക്കലുണ്ടെന്ന് പിസി ജോർജ്ജ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ താൻ ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ തെളിവുകളും ആറാം തിയതി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകുമെന്ന് പി സി ജോർജ്ജ് പറഞ്ഞു. രണ്ട് നേതാക്കളും കേസിൽ ഇടപെട്ട് പണം വാങ്ങിയെന്ന് പിസി ജോർജ്ജ് ആരോപിച്ചു. ആറു കോടി രൂപ ഈ നേതാക്കൾ വാങ്ങിയെന്നും പിസി ജോർജ്ജ് പറഞ്ഞു. പി സി ജോർജ്ജിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് ടിഎൻ പ്രതാപൻ എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ ജോർജിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി വ്യക്തമാക്കി.
പേരാമംഗലം സിഐയുടെ നേരെയാണ് ഈ ഘട്ടത്തിൽ ആരോപണങ്ങൾ നീങ്ങുന്നത്. തൃശൂർ എസ്പിയായിരുന്ന ജേക്കബ് ജോബിന്റെ സസ്പെൻഷൻ വരെയെത്തിയ കാര്യങ്ങൾ പുതിയ തലത്തിലുമെത്തുന്നു. ജേക്കബ് ജോബിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ജോർജ്ജിന്റെ സംസാരം. ജേക്കബ് ജോബിന്റെ സസ്പെൻഷൻപോലും കേസ് അട്ടമറിക്കാനാണെന്ന് ജോർജ്ജ് പറയുന്നു. ഏതായാലും ജോർജ്ജിന്റെ ആരോപണങ്ങൾ പൊലീസിനെ പ്രതിക്കൂട്ടിലാക്കും. രാഷ്ട്രീയക്കാർ നിസാമിനെ കൈവിട്ടെങ്കിലും ഇപ്പോഴും പൊലീസുകാർ നിസാമിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ജോർജ്ജിന്റെ വിമർശനം. ഡിജിപിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ആരോപണങ്ങൾക്ക് പുതിയ തലം വരികയും ചെയ്യുന്നു.
പേരാമംഗലം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നിസാമിനായി വലിയ കളികൾ തന്നെ നടന്നു. 5000 രൂപ കൈക്കൂലി കിട്ടുന്ന പൊലീസിന് നിസാമിനെ സഹായിച്ചാൽ 50000രൂപ വരെ കിട്ടും. അതുകൊണ്ട് തന്നെ കേസിന്റെ ഗുരതര സ്വഭാവവും നിസാമിന്റെ ക്രിമിനൽ ബന്ധങ്ങളും പരിഗണിക്കാതെ പൊലീസ് നീങ്ങി. മാദ്ധ്യമ വിമർശനങ്ങൾക്കുള്ള സാധ്യതയുണ്ടായിട്ട് പോലും വിവാദ വ്യവസായിക്കായി ഒത്തുകളിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്വാധീനം തന്നെയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ഇതിനെല്ലാം കൂട്ടുനിന്ന് പേരാമംഗലം സിഐയ്ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ഈ ഉദ്യോഗസ്ഥനെ തൊട്ടാൽ പലതും പുറത്തുവരുമെന്ന ഭയം പലർക്കുമുണ്ട്.
അതിനിടെ നിസാമിനു ജാമ്യം ലഭിക്കാനായി ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നു സൂചന. കാപ്പാ ചുമത്താനുള്ള നടപടി വൈകിച്ചതിനു പുറമെ ജാമ്യത്തെ എതിർക്കാൻ തയാറാക്കിയ റിപ്പോർട്ടിലും കള്ളത്തരം കാട്ടി കൃത്യസമയത്തു കണ്ടെത്തിയതിനാലാണു ഇതു പൊളിഞ്ഞത്. കാപ്പാ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ വാക്കാൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പേരാമംഗലം സിഐ നൽകിയില്ല. പിന്നീടു രേഖാമൂലം ആവശ്യപ്പെട്ടു. എന്നിട്ടും റിപ്പോർട്ട് കിട്ടിയില്ല. ഇതുകൊണ്ടുതന്നെ കാപ്പാ നടപടി ഒരു മാസം വൈകി. ഇക്കാര്യം കോടതിയിൽ പറയാനും കാലതാമസമുണ്ടായി. കമ്മിഷണറുടെ കത്ത് പുറത്തുവന്നതോടെ കള്ളം പൊളിഞ്ഞു. എന്നാൽ ഈ കത്ത് വ്യാജമാണെന്നു വാദമെത്തി. ഐജി ടി.ജെ. ജോസ് അടിയന്തരമായി ഇതു പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കു നിർദ്ദേശം നൽകി. മണിക്കൂറുകൾക്കകംതന്നെ ഇതു യഥാർഥ രേഖയാണെന്നു കണ്ടെത്തി.
ചന്ദ്രബോസ് ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴായിരുന്നു ജാമ്യാപേക്ഷയ്ക്കു മറുപടി തയാറാക്കിയത്. ഇതിനു വേണ്ടി ആദ്യം തയാറാക്കിയ പൊലീസ് രേഖയിൽ വധശ്രമക്കേസിലെ പ്രതിയെന്നു മാത്രമാണു പറഞ്ഞിരുന്നത്. ചന്ദ്രബോസ് അതീവ ഗുരുതരാവസ്ഥയിലാണെന്നോ മരിക്കാൻ സാധ്യതയുണ്ടെന്നോ പറഞ്ഞിരുന്നില്ല. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആർ. ജയചന്ദ്രൻ പിള്ള ഇടപെട്ടു കൂടുതൽ വിവരങ്ങൾ ചേർത്തു നൽകി. ചന്ദ്രബോസ് മരിക്കാൻ സാധ്യതയുണ്ടെന്നും വെന്റിലേറ്ററിലാണെന്നും പ്രതി പല ക്രിമിനൽ കേസുകളിലും ഉൾപ്പട്ടിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ കൂടി കൂട്ടിച്ചേർത്ത് വെളുപ്പിനു പുതിയ റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂട്ടർക്കു നൽകുകയായിരുന്നു. ആദ്യം നൽകിയ റിപ്പോർട്ട് അനുസരിച്ചു മുന്നോട്ടു പോയിരുന്നെങ്കിൽ നിസാമിന് ജാമ്യം ലഭിക്കുമായിരുന്നു.
ചന്ദ്രബോസ് മരിച്ചതോടെ അടിയന്തരമായി ആ വിവരവും കോടതിയെ അറിയിച്ചു. രണ്ടു കാര്യങ്ങളാണ് ഇപ്പോൾ പൊലീസ് സംഘത്തെക്കുറിച്ചു സംശയങ്ങൾക്കിടയാക്കുന്നത്. ഒന്ന്: എന്തുകൊണ്ടു കാപ്പാ റിപ്പോർട്ട് വൈകിപ്പിച്ചു. രണ്ട്: റിപ്പോർട്ട് ആവശ്യപ്പെട്ട രേഖ വ്യാജമാണെന്ന വാർത്ത എന്തിനു ചാനൽ വഴി പുറത്തുവിട്ടു. ഇതിനിടെയാണ് ഡിജിപിക്ക് എതിരെ ആക്ഷേപവുമായി പിസി ജോർജ്ജും എത്തുന്നത്. നിസാം കാറിടിച്ചു കൊല്ലുമ്പോൾ ചന്ദ്രബോസ് ഇട്ടിരുന്ന വസ്ത്രങ്ങൾ അപ്രത്യക്ഷമായതും ദുരൂഹമാണ്.