പെരുമ്പാവൂർ :പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷകസംഘത്തിലെ ഡിവൈ എസ് പി വഴിവിട്ട പ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ. അന്വേഷകസംഘത്തിലെ ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ എസ് പി ജിജി മോനെതിരെയാണ് വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്. മൂവാറ്റുപുഴയിൽ ജോലി ചെയ്യവേ മാവേലിക്കരക്കാരായ ദമ്പതികളുമായിച്ചേർന്ന് മുംബൈ സ്വദേശിയായ വ്യവസായിയിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തിൽ ജിജിമോൻ വകുപ്പുതല നടപടി നേരിട്ടതായുള്ള വിവരാവകാശരേഖ മറുനാടന് ലഭിച്ചു.

കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറി കെ ജി പുരുഷോത്തമൻ സംഭവം സംബന്ധിച്ച് ഡി ജി പിക്ക് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഈ കേസ്സിൽ ജിജി മോനെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. നടപടിക്ക് ആധാരമായ സംഭവത്തെക്കുറിച്ചും പരാതിക്കാരന്റെ പേരുവിവരങ്ങളും ഇയാൾ കോടതിയിൽ നൽകിയ ഹർജിയുടെ പകർപ്പും പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് ആർ കൃഷ്ണദാസ് 2014 ഓഗസ്റ്റ് 26-ന് ഒപ്പുവച്ച് നൽകിയ മറുപിടിക്കൊപ്പെം ചേർത്തിട്ടുണ്ട്.

പരാതിക്കാരനായ മുംബൈയിലെ വ്യവസായി നീലേഷ് ജെ ഷായെ റിട്ടയേഡ് എസ് പി ഗോപാലകൃഷ്ണപിള്ളയുടെ സമ്മർദ്ദത്താൽ മൂവാറ്റുപുഴ പൊലീസ്‌റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നും ഡിവൈ എസ് പി ജിജിമോൻ, സി ഐ യൂനസ,് എസ് ഐ ശിവകുമാർ എന്നിവർ ചേർന്ന് പണവും ചെക്കും വാങ്ങിയെന്നുമാണ് പരാതിയുടെ ഉള്ളടക്കമെന്നും വിവവരാവകാശ നിയമപ്രകാരം പുരുഷോത്തമന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീലേഷ് ഷാ കോടതിയിൽ നൽകിയ ഹർജിയിൽ ജിജിമോനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അടിവസ്ത്രത്തിൽ നിർത്തിയിരുന്ന തന്നെ റോഡിൽക്കൂടി നടത്തിച്ചെന്നും കാറിൽനിന്നും പണവും ചെക്ക് ബുക്കും മറ്റും എടുപ്പിച്ചെന്നും കൈവശമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ ഊരിവാങ്ങിയെന്നൂമാണ് നീലേഷ് ഷാ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

മാവേലിക്കരക്കാരായ ദമ്പതികളുമായി നീലേഷ് ഷാക്ക് വ്യാപാര ഇടപാടുകളുണ്ടായിരുന്നു. ഈ വകയിൽ ഇവർ ഷാക്ക് 20 ലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നു. ഈ തുക കിട്ടുന്നതിനായി ഷാ നിയമനടപടികളുമായി നീങ്ങുകയും തുക ഇവരിൽ നിന്നും ഈടാക്കുന്നതിന് അനുകൂലമായ കോടതിവിധി നേടുകയും ചെയ്തിരുന്നു. ഇതുപ്രകാരമുള്ള അറിയിപ്പ് മൂവാറ്റുപുഴ ഡിവൈ എസ് പിക്ക് നേരിൽ നൽകുന്നതിനും വിവരങ്ങൾ ധരിപ്പിക്കുന്നതിനുമാണ് നീലേഷ് ഷാ മൂവാറ്റുപുഴയിലെത്തിയത്.

വിവരങ്ങൾ മനസ്സിലാക്കിയ ഡിവൈ എസ ്പി ദമ്പതികളെ വിളിച്ചുവരുത്തി പരാതി തീർപ്പാക്കി. 20ലക്ഷം രൂപ ദമ്പതികൾ നീലേഷ് ഷാക്ക് നൽകിയാണ് പരാതി ഒത്തുതീർപ്പാക്കിയതെന്നാണ് പുറത്തായ വിവരം. ഇതിനുശേഷമാണ് സംഭവത്തിൽ ജിജി മോൻ പ്രതിസ്ഥാനത്തെത്തിയ ട്വിസ്റ്റ്. പണം കൈപ്പറ്റി താൻ സ്ഥലം വിടുന്നതിന് മുമ്പുതന്നെ ദമ്പതികളിലെ സ്ത്രി നൽകിയ വ്യാജപരാതിയുടെ പേരിൽ തന്നെ അറസ്റ്റുചെയ്യുമെന്ന് ഭീഷിണിപ്പെടുത്തി ജിജിമോനും സഹപ്രവർത്തകരും കൈയിലുണ്ടായിരുന്ന തുകയും സ്വർണ്ണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും മാനംകെടുത്തിയെന്നും കാണിച്ച് നീലേഷ് ഷാ കോടതിയെ സമീപിക്കുകയും തുടർന്ന് കോടതി നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് അറിയുന്നത്.

മകനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ചെയ്തതിനെതിരെ നെല്ലിമറ്റം സ്വദേശി ഫാ. പൗലോസ് ചിറ്റായത്ത് നൽകിയ സ്വകാര്യ ഹർജിയിലും ജിജിമോനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പുറമേ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം തന്നെ ഈ ഉദ്യോഗസ്ഥനെതിരെ നിരവധി അഴിമതി ആരോപണങ്ങളുയർന്നിട്ടുണ്ട്. കോതമംഗലത്ത് സി ഐ ആയിരിക്കേ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഇരയെ രഹസ്യമായി പാർപ്പിച്ച് വിവരങ്ങൾ പുറത്തുവിടാതെ ഒതുക്കി തീർത്തെന്നുമുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.