തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വാങ്ങാൻ ശ്രമിച്ച സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവിനെ ആർഎസ്എസ് നേതൃത്വം താക്കീത് ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനാണു താക്കീത് ലഭിച്ചതെന്നാണു സൂചന. കോഴിക്കോട്ടെ പ്രശസ്ത ആശുപത്രിയെ ഭീഷണിപ്പെടുത്തിയാണ് നേതാവ് പണം തട്ടാൻ ശ്രമിച്ചത്.

വൃക്കരോഗിയായ ബിജെപി പ്രവർത്തകനെ ചികിത്സയ്ക്കു കയറ്റിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവ് ഉണ്ടായെന്ന് ആരോപിച്ച് പണം തട്ടിയെടുക്കാനാണ് പ്രമുഖ ബിജെപി നേതാവ് ശ്രമിചിച്ചത്. എന്നാൽ ആശുപത്രി മേധാവിയായ വനിതാ ഡോക്ടർക്ക് ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതാണ് നേതാവിനു വിനയായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖർ അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെടുകയുണ്ടായി. നേതാവിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളുമായി ആശുപത്രി മാനേജ്‌മെന്റ് പരാതിപ്പെട്ടതോടെ നടപടിയെടുക്കാൻ പറ്റാത്ത സാഹചര്യം ആർഎസ്എസിനുണ്ടാകുകയായിരുന്നു.

വൃക്കരോഗിയായ ബിജെപി പ്രവർത്തകനെ കഴിഞ്ഞമാസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സയിൽ പിഴവ് ഉണ്ടായതായി ആരോപിച്ച് പ്രവർത്തകനെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്താണ് സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവ് സംഭവത്തിൽ ഇടപെടുന്നത്. നേതാവ് പ്രശ്‌നത്തിൽ ഇടപെട്ട് ആശുപത്രി മാനേജ്‌മെന്റിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി പ്രവർത്തകന് നൽകുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് നേതാവ് പണം ആവശ്യപ്പെട്ട് വീണ്ടും ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. നേതാവ് ആശുപത്രി അധികൃതരെ വിളിച്ച് അഞ്ചു ലക്ഷം രൂപ കൂടി നല്കണമെന്നാണ് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ സമരം ചെയ്ത് ആശുപത്രി പൂട്ടിക്കുമെന്നും നേതാവ് ഭീഷണി മുഴക്കി.

ഇതോടെയാണ് ആശുപത്രി അധികൃതർ പരാതിയുമായി ആർഎസ്എസ് നേതൃത്വത്തെ സമീപിച്ചത്. ആശുപത്രി മേധാവിയായ വനിതയ്ക്ക് ആർഎസ്എസ് നേതൃത്വവുമായുള്ള അടുപ്പമാണ് നേതാവിന് വിനയായത്. നേതാവിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയ്‌ക്കൊപ്പം സമർപ്പിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ. സുരേന്ദ്രനാണ് ആശുപത്രി അധികൃതരിൽനിന്ന് പണം ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. രോഗിയായ ബിജെപി പ്രവർത്തകനു വേണ്ടിയല്ല നേതാവ് പണം ആവശ്യപ്പെട്ടതെന്ന് ആർഎസ്എസ് നേതൃത്വത്തിനു ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നേതാവിനെ താക്കീത് ചെയ്തുവിടാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചത്.

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരും സുരേന്ദ്രനെ താക്കീത് ചെയ്തിട്ടില്ലെന്നും ബിജെപിയിലെ വി. മുരളീധരപക്ഷവും പ്രതികരിച്ചു. കെ. സുരേന്ദ്രന് രാഷ്ട്രീയമായി ലഭിക്കുന്ന മുൻതൂക്കത്തിൽ ഭയക്കുന്നവരാണ് ഇതിനു പിന്നിലെന്നും മുരളീധര പക്ഷത്തെ നേതാക്കൾ ആരോപിച്ചു.