കൊല്ലം: കാഴ്ച പരിമിതിയുള്ള യുവാവിനെ മോഷ്ടാവെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്തതായി ആക്ഷേപം. റോഡരികിലിരുന്ന് തൈലം വിൽപന നടത്തുന്ന യുവാവിനെയാണ് യാത്രചെയ്ത ബസ്സിൽവച്ച് മോഷണം നടത്തിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി എസ്‌ഐയുടെ സാന്നിദ്ധ്യത്തിൽ മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. അവശനായ യുവാവ് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പോളയത്തോട് വയലിൽ തോപ്പിൽ ഷിബുവിന് (37) ആണ് പൊലീസിന്റെ പീഡനം ഏൽക്കേണ്ടിവന്നത്. ഇന്നലെയാണ് സംഭവം. ഇരുകണ്ണിനും കാഴ്ചക്കുറവുള്ള ഷിബു റോഡരികിൽ തൈലം വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്.

ഇന്നലെ രാവിലെ കല്ലമ്പലത്ത് കച്ചവടത്തിന് കൊല്ലത്തുനിന്നും ബസ് ഇറങ്ങി അഞ്ച് മിനിട്ടിനകം പൊലീസ് എത്തി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. പെട്ടിയിലെ തൈലങ്ങൾ പരിശോധിച്ച ശേഷമായിരുന്നു മർദ്ദനവും അസഭ്യ വർഷവും. താൻ യാത്ര ചെയ്ത ബസിൽവച്ച് മൂന്ന് സ്ത്രീകളുടെ ബാഗിൽ നിന്ന് പണം നഷ്ടപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും ഷിബു പറഞ്ഞു.

സ്റ്റേഷനിലെത്തിയപ്പോൾ അസഭ്യവർഷത്തോടെ എസ്‌ഐയുടെ ചോദ്യംചെയ്യൽ. ഇതിന് പിന്നാലെ ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ ഒരു പൊലീസുകാരൻ കുനിച്ചു നിറുത്തി മുതുകിന് ഇടിച്ച ശേഷം അടി വയറ്റിന് തൊഴിച്ചു. താൻ പണം എടുത്ത് ഒളിപ്പിച്ചു വെച്ച സ്ഥലം കാണിച്ചു കൊടുക്കണമെന്ന് ആക്രോശിച്ചായിരുന്നു മർദ്ദനമെന്ന് ഷിബു പറയുന്നു. തുടർന്ന് വൈകിട്ടുവരെ വെള്ളം പോലും കൊടുക്കാതെ ഷിബുവിനെ സറ്റേഷന്റെ മൂലയിലിരുത്തി.

ഷിബുവിനെ പൊലീസ് പിടിച്ചുവെന്ന് കല്ലമ്പലത്ത് നിന്ന് ചിലർ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ വിവരം അറിയിച്ചു. തുടർന്ന് കല്ലമ്പലത്തെ പാർട്ടി പ്രവർത്തകർ എത്തിയാണ് ഷിബുവിനെ മോചിപ്പിച്ച് വീട്ടിലെത്തിച്ചത്. ഇതിന് പിന്നാലെ രാത്രി വയറിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു ഈ യുവാവ്.

ഷിബു ഉദര സംബന്ധമായ രോഗത്തിന് ഒരു മാസം മുമ്പ് ശസ്തക്രിയക്ക് വിധേയനായിരുന്നു. പകൽ അക്ഷരങ്ങൾ വ്യക്തമാകാത്ത തരത്തിൽ മങ്ങിയ കാഴ്ച മാത്രമുള്ള ഷിബുവിന് രാത്രിയായാൽ ഒന്നും കാണാനാകില്ല. താൻ കാഴ്ച ശക്തി ഇല്ലാത്ത ആളാണെന്നും ഓപ്പറേഷൻ അടുത്തിടെ കഴിഞ്ഞെന്നും പൊലീസിനെ അറിയിച്ചെങ്കിലും ചോദ്യംചെയ്യലും മർദ്ദനവും തുടരുകയായിരുന്നു എന്ന് ഷിബു പറയുന്നു.