- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഗൂഢാലോചന നടത്തി; താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ശ്രമിച്ചു; ആരോപണവുമായി സിപിഐയിൽ നിന്നും തരംതാഴ്ത്തപ്പെട്ട എ മുസ്തഫ; ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കി അലയൊലികൾ സിപിഐയിൽ തീർന്നില്ല
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയിൽ ഉണ്ടായ പൊട്ടിത്തെറികളിൽ പാർട്ടി നടപടിക്ക്. നിയമസഭ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ പരാജയം അന്വേഷിക്കുന്നതിന് കമ്മിഷനെ നിയോഗിക്കാൻ ഇന്നലെ ചേർന്ന സിപിഐ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. കൂടാതെ ചടയമംഗലത്ത് സ്ഥാനാർത്ഥി നിർണയത്തിനെതിരെ പരസ്യമായി രംഗത്തെത്തി വിമത കൺവെൻഷൻ അടക്കം വിളിച്ചുചേർത്ത ജില്ലാ എക്സിക്യുട്ടീവ് അംഗം എ. മുസ്തഫയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്താനും പാർട്ടി തീരുമാനിച്ചു.
സിപിഐ ജില്ല അസി. സെക്രട്ടറി ജി. ലാലു കൺവീനറും ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ ജി. ബാബു അജയപ്രസാദ് എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് അന്വേഷിക്കുന്നത്. സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ അടക്കം അന്വേഷണ പരിധിയിൽ വരുന്നതിനാൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നേതൃത്വം നിരാകരിച്ചു.എ. മുസ്തഫയുടെ കാര്യത്തിൽ വിചിത്രമായ നടപടിയാണ് എടുത്തതെന്ന് വിമർശനവുമുണ്ടായി.
തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയും അതോടൊപ്പം മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തത് സംഘടന ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്നായിരുന്നു വിമർശനം. എ. മുസ്തഫ സംഭവിച്ച വീഴ്ച ഏറ്റുപറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് മണ്ഡലം കമ്മിറ്റി ഘടകമായി നൽകിയതെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുല്ലക്കര രത്നാകരൻ വിശദീകരിച്ചു.
ഇത് കുറ്റവാളി തന്നെ ശിക്ഷ നിശ്ചയിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആക്ഷേപം.ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ജില്ല സെന്റർ, എക്സിക്യുട്ടീവ് യോഗങ്ങൾ ചേർന്ന ശേഷമാണ് ജില്ല കൗൺസിൽ കൂടിയത്. എക്സിക്യുട്ടീവിൽ അച്ചടക്ക നടപടി എ. മുസ്തഫ അംഗീകരിച്ചു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുല്ലക്കര രത്നാകരൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു. താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുസ്തഫയുടെ ആരോപണം.
മറുനാടന് മലയാളി ബ്യൂറോ