- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
കൊച്ചി: 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് വനിതാ കമ്മീഷൻ മുന്നിൽ ഹാജരാകാൻ നിർബന്ധിച്ച് അധ്യക്ഷ എംസി ജോസഫൈൻ. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിന് ജോസഫൈന്റെ ശകാരവർഷവും നേരിടേണ്ടി വന്നു. ജോസഫൈന്റെ അധിക്ഷേപ സംസാരം പുറത്തുവന്നതോടെ സംഭവം കൂടുതൽ വിവാദമായി.
പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയൽവാസിയുടെ മർദ്ദനമേറ്റാണ് ലക്ഷ്മിക്കുട്ടിയമ്മ കിടപ്പിലായത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു വനിതാ കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞവർഷം ജനുവരിയിലാണ് വൃദ്ധയെ മദ്യലഹരിയിൽ അയൽവാസി മർദ്ദിച്ചത്.
89 വയസുള്ള വയോധിക എന്തിനാണ് വനിതാ കമ്മീഷന് പരാതി നൽകുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപമെന്ന് ബന്ധു പറയുന്നു. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിങിന് ഹാജരാകണമെന്നും ജോസഫൈൻ ഇയാളോട് പറയുകയും ചെയ്തു. വൃദ്ധയെ ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈൻ ചോദിച്ചു.
പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതുകൊണ്ടാണ് വനിതാ കമ്മീഷനിൽ പരാതിപ്പെട്ടതെന്ന് അറിയിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതി.
എന്നാൽ സംഭവം പുറത്തുവന്നതിന് പിന്നാലെ പരാതിക്കാരിയുടെ ബന്ധു സംഭാഷണം ദുർവ്യാഖ്യാനം ചെയ്തെന്ന് ജോസഫൈൻ പറഞ്ഞു. പരാതിക്കാരിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്നും 89 കാരിയെ കൊണ്ട പരാതി നൽകിച്ചത് തെറ്റെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായും ജോസഫൈൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ