പത്തനംതിട്ട: പാർട്ടി വിട്ട ബിജെപി മുൻസംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണൻ ഡിവൈഎഫ്‌ഐ യുവസാഗരവേദിയിൽ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ കത്തിക്കയറി. സിപിഐ-എമ്മിലെ കണ്ണൂർ ലോബിയുടെ ശിപാർശ പ്രകാരം പാർട്ടിയിലേക്ക് അടുക്കുന്ന ഉണ്ണികൃഷ്ണനെ ഒരു കാരണവശാലും അടുപ്പിക്കാതിരിക്കാൻ ജില്ലാ നേതൃത്വവും രംഗത്തു വന്നു. ദേവസ്വം ബോർഡ് അംഗത്വമാണ് ഉണ്ണികൃഷ്ണന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് റാന്നിയിൽ നടന്ന ഡിവൈഎഫ്‌ഐ യുവസാഗരം പരിപാടിയിൽ മുഖ്യപ്രാസംഗികനായിരുന്നു ബിജെപി മുൻജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം എന്നീ പദവികൾ വഹിച്ചിട്ടുള്ള ഉണ്ണികൃഷ്ണൻ. പാർട്ടിയിൽ തന്റെ അപചയത്തിന് കാരണക്കാരനെന്ന് ഉണ്ണികൃഷ്ണൻ വിശ്വസിക്കുന്ന കുമ്മനത്തെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടായിരുന്നു പ്രസംഗം. കുമ്മനം നന്ദനം സിനിമയിലെ കുമ്പിടിയെപ്പോലെയാണെന്നാണ് ഉണ്ണികൃഷ്ണൻ വിശേഷിപ്പിച്ചത്.

പകൽ കാഷായവസ്ത്രവും ഭസ്മക്കുറിയുമായി ഓടി നടക്കും. സന്ധ്യ കഴിഞ്ഞാൽ അകത്തു കയറി കതകടയ്ക്കുമ്പോൾ ആളാകെ മാറും. ആറന്മുള വിമാനത്താവളവുമായി വരുന്ന കെജിഎസിനെ സഹായിക്കുന്ന നിലപാടാണ് കുമ്മനത്തിന്റേത് എന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു. വ്യംഗ്യാർഥമുള്ള പ്രയോഗങ്ങളിലൂടെ കുമ്മനത്തെ അടച്ചാക്ഷേപിക്കുകയാണ് ഉണ്ണികൃഷ്ണൻ ചെയ്തത്. താൻ ബിജെപി വിടുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനവും വേദിയിൽ ഉണ്ണികൃഷ്ണൻ നടത്തി.

സിപിഐ-എമ്മിലെ കണ്ണൂർ ലോബി മുഖേനയാണ് ഉണ്ണികൃഷ്ണൻ പാർട്ടിയിലേക്ക് അടുക്കുന്നത്. നാലുവർഷം മുൻപ് ആർഎസ്എസ് വിട്ട് സിപിഐ-എമ്മിലേക്ക് വന്ന കണ്ണൂർക്കാരൻ സുധീഷ് മിന്നിയാണ് ഉണ്ണികൃഷ്ണനുമായി ചർച്ച നടത്തിയത്. ആർഎസ്എസിന്റെയും ബാലഗോകുലത്തിന്റെയും മുഖ്യപ്രചാരകനായിരുന്ന സുധീഷ് മിന്നി കണ്ണൂർ ജില്ലാസെക്രട്ടറി പി. ജയരാജന്റെ വലംകൈയാണ്. സിപിഐ(എം) പത്തനംതിട്ട ജില്ലാ നേതൃത്വത്തിനോട് ഉണ്ണികൃഷ്ണനെ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ടതും ജയരാജനാണ്.

കഴിഞ്ഞ ഒരാഴ്ചയായി പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്യുന്ന സുധീഷ് മിന്നി രണ്ടു തവണ ഉണ്ണികൃഷ്ണനുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് ചെല്ലാൻ മുതിർന്ന ജില്ലാ നേതാക്കളെ സുധീഷ് ക്ഷണിച്ചുവെങ്കിലും ആരും തയാറായില്ല. ജില്ലാ നേതൃത്വത്തിന് തലയ്ക്ക് മുകളിലൂടെ ഉണ്ണികൃഷ്ണനെ കെട്ടിയിറക്കാനുള്ള നീക്കമാണ് ഇതിന് കാരണമായത്. ദേവസ്വം ബോർഡ് അംഗത്വമാണ് ഉണ്ണികൃഷ്ണന് കൊടുത്തിരിക്കുന്ന ഓഫർ. ഈ സ്ഥാനം സ്വപ്നം കണ്ടുനടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ എ. പത്മകുമാറിന് ഈ നീക്കം തിരിച്ചടിയാകും.

അതേസമയം, കുമ്മനത്തിന് നേരെ ഉണ്ണികൃഷ്ണൻ നടത്തിയ വിമർശനം ബിജെപി-ആർഎസ്എസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഓമല്ലൂരിലെ വെറുമൊരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്ന ഉണ്ണികൃഷ്ണൻ ഇത്രയൊക്കെ വളർന്നത് പാർട്ടിയുടെ തണലിലാണെന്നത് മറക്കരുതെന്ന് അവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന പുനഃസംഘടനയിൽ സംസ്ഥാന സെക്രട്ടറിസ്ഥാനം നഷ്ടമായതോടെയാണ് ഉണ്ണികൃഷ്ണൻ പാർട്ടിയിൽ നിന്ന് അകന്നത്. നിയമസഭയിലേക്ക് ആറന്മുളയിൽ നിന്ന് റിബലായി മത്സരിക്കാൻ ഉണ്ണികൃഷ്ണൻ തീരുമാനിച്ചിരുന്നു.

സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ ആ തീരുമാനം മാറ്റിയ ഉണ്ണികൃഷ്ണൻ പിന്നീട് പ്രചാരണത്തിനായി മലബാറിലേക്ക് വണ്ടി കയറി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന പുനഃസംഘടനയിൽ സംസ്ഥാന സമിതിഅംഗം എന്ന പദവി കൂടി നഷ്ടമായതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത്.