ഡൽഹി: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകത്തിലെ ഫണ്ട് വെട്ടിപ്പും ജാതി അധിക്ഷേപവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ സംസ്ഥാന സമിതി നിയോഗിച്ച അന്വേഷണ സമിതി ഡൽഹി സന്ദർശിക്കാനൊരുങ്ങവേ ഡൽഹി ഘടകം ഭാരവാഹികളെ സ്തബ്ദരാക്കി മുതിർന്ന പത്രപ്രവർത്തകൻ ജോർജ് കള്ളിവയലിന്റെ രൂക്ഷ വിമർശനം.

ഏഴു വർഷമായി ഡൽഹി ഘടകത്തിൽ നിർവാഹക സമിതിയംഗമായ ജോർജ് കള്ളിവയലിന്റെ വെളിപ്പെടുത്തലുകൾ അഴിമതി ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ്. നിലവിലെ സെക്രട്ടറിയും മുൻ ട്രഷററുമായ പി.കെ.മണികണ്ഠനു കെയുഡബ്ല്യൂജെ ഡൽഹി ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പിലാണ് കള്ളിവയലിൽ തുറന്നടിച്ചത്. അഴിമതി മൂടിവയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഡൽഹി ഘടകത്തെ കള്ളിവയലിന്റെ പരസ്യവിമർശനം വെട്ടിലാക്കിയിട്ടുണ്ട്.

ഡൽഹിയിൽ കേരള പ്രസ് ക്ലബ് സ്ഥാപിക്കാനായി കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ഡൽഹി ഘടകത്തിന്റെ നിർവാഹക സമിതി അംഗങ്ങളെ പോലും അറിയിക്കാതെ ഭാരവാഹികൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ദുരുപയോഗിച്ചുവെന്ന ഗുരുതരമായ ആരോപണവും കള്ളിവയലിൽ ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന സമിതി നിയോഗിച്ച അന്വേഷണ സമിതിയിൽ മുൻ സംസ്ഥാന അധ്യക്ഷരായ ബോബി ഏബ്രഹാം, പ്രേംനാഥ്, ഗഫൂർ എന്നിവരാണുള്ളത്. ജനുവരി മധ്യത്തോടെ സമിതി ഡൽഹിയിലെത്തി തെളിവെടുക്കും.ഏഴു വർഷമായി നിർവാഹക സമിതിയംഗമായ കള്ളിവയലിന്റെ വെളിപ്പെടുത്തലുകൾ പ്രശാന്ത് രഘുവംശം പ്രസിഡന്റും എം.പ്രശാന്ത് സെക്രട്ടറിയും മണികണ്ഠൻ ട്രഷററും ആയിരുന്ന മുൻ ഭരണ സമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

ജോർജ് കള്ളിവയലിന്റെ കത്തിൽ നിന്ന് :

''പ്രിയ മണികണ്ഠൻ,

2010 മുതൽ തുടർച്ചയായി ഞാൻ നിർവാഹക സമിതിയിൽ ഉണ്ടായിരുന്നു. കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോൾ എന്റെ പ്രത്യേക ഇടപെടൽ കൊണ്ടു കൂടിയാണ് പത്തു ലക്ഷം രൂപ ധനസഹായം ചോദിച്ചതു തിരുത്തി 25 ലക്ഷം രൂപ ഡൽഹിയിലെ കേരള പ്രസ് ക്ലബ് രൂപീകരണത്തിനായി ഔദ്യോഗികമായി ആവശ്യപ്പെട്ടതും സർക്കാർ അനുവദിച്ചതും. ഈ തുക ഫിക്‌സഡ് ഡെപ്പോസിറ്റായി ആദ്യം ഇട്ടിരുന്നതും അറിയാം. പിന്നീട് ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകൾ പിൻവലിച്ചതോ, പലതായി മുറിച്ച് ഇട്ടതോ, അവ വീണ്ടും പിൻവലിച്ചതോ നിർവാഹക സമിതി അംഗമായിരുന്നിട്ടും എന്നെ അറിയിച്ചിരുന്നില്ല. ഞാനറിഞ്ഞതുമില്ല. പ്രത്യേകിച്ച്, തുക പലപ്പോഴായി പിൻവലിച്ചതും അതിന്റെ പലിശ നഷ്ടപ്പെടുത്തിയതും ബോധപൂർവമോ അല്ലാതെയോ എന്നിൽ നിന്നും മറയ്ക്കപ്പെട്ടു. ഈ തുകയിൽ നിന്ന് ആർക്കൊക്കെയോ എപ്പോഴൊക്കെയോ പല ആവശ്യങ്ങൾക്കായി ചെലവാക്കിയപ്പോഴും അക്കാര്യങ്ങളുടെ വിശദാംശങ്ങൾ ഉത്തരവാദിത്തപ്പെട്ട സെക്രട്ടറിയോ ട്രഷററോ എന്നെ അറിയിച്ചിരുന്നില്ല. ഞാൻ അംഗമായിരുന്ന സമിതിയുടെ അവസാന ജനറൽ ബോഡി യോഗത്തിനു തൊട്ടു മുൻപായി ചേർന്ന എക്‌സിക്യൂട്ടീവിൽ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പേരിനെങ്കിലും ഒരു ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണാൻ ഇടയായത്.

പ്രശ്‌നങ്ങൾ വ്യക്തിപരമല്ലാത്തതിനാൽ കൂടുതൽ വിശദാംശങ്ങൾ ഇവിടെ കുറിക്കുന്നില്ല. ഇതിൽ കൂടുതലായി അറിയാവുന്ന കാര്യങ്ങൾ ഇവിടെ പറയേണ്ടതുമില്ലല്ലോ. ''