തിരുവനന്തപുരം മാദ്ധ്യമപ്രവർത്തകർക്ക് എല്ലാവരുടെയും നെറികേടുകൾ ചോദ്യം ചെയ്യാം. എന്നാൽ അവരുടെ തട്ടിപ്പും തരികിടയും ചോദ്യം ചെയ്താൽ പ്രശ്‌നമാവും. പക്ഷേ ഇപ്പോൾ മാദ്ധ്യമപ്രവർത്തകരിലെ ഒരു വിഭാഗംതന്നെ പത്രപ്രവർത്തക യൂണിയന്റെ ഉളുപ്പില്ലായ്മക്കെതിരെ രംഗത്തത്തെിയിരിക്കയാണ്. കെയുഡബ്ല്യുജെ എന്ന കേരളത്തിലെ പത്രപ്രവർത്തകരുടെ ഏക സംഘടനയുടെ 53ാമത് സമ്മേളനം കാസർകോട്ട് സെപ്റ്റംബർ 17,18 തീയതികൾ നടക്കാനിരിക്കവെ ഇത് 'പെയ്ഡ് കോൺഫ്രൻസ്' ആണെന്നാണ വിമർശനം ഉയരുന്നത്. വ്യാപാരികളുടെയും വ്യവസായികളുടെയും മദ്യമുതലാളിമാരുടെയുമൊക്കെ പണം പറ്റി സമ്മേളനം നടത്തുന്നതിനെയാണ് വിമർശിച്ച് കാസർകോട്ടെ മാദ്ധ്യമപ്രവർത്തകനായ എം വി സന്തോഷ്‌കുമാർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നയത്.ഒരു ലക്ഷം രൂപയുണ്ടോ സഖാവേ, ഒന്ന് ഉദ്ഘാടകനാവാൻ, എന്ന തലക്കെട്ടിലാണ് സന്തോഷ് സമ്മേളനത്തിന്റെ തലതിരിഞ്ഞ നയങ്ങൾ പൊളിച്ചടുക്കുന്നത്.

പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ. 'സമ്മേളനത്തിന്റെ ആദ്യ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഒരു സംശയം പത്രപ്രവർത്തകരായ ഞങ്ങൾ കുറച്ചുപേർക്കുണ്ട്. ഇത് വ്യവസായികളുടെ സമ്മേളനമാണോ അതോ പത്രക്കാരുടെ സമ്മേളനമാണോ . സമ്മേളന ലോഗോ പ്രകാശനം വ്യവസായി. ആദ്യ ഫണ്ട് സ്വീകരിക്കുന്നത് വ്യവസായി. ബ്രോഷർ പ്രകാശനം വ്യവസായി, ഏറ്റുവാങ്ങുന്നത് വ്യവസായി, എന്തിനധികം സമ്മേളനത്തിന്റെ മുഖ്യ ഭാരവാഹികളിലൊരാളും വ്യവസായികൾ. ചടങ്ങുകളുടെയെല്ലാം ഫോട്ടോകൾ പത്രത്തിൽ അച്ചടിച്ചുവരുന്നുമുണ്ട്. വ്യവസായികളുടെ കൂടെ ഇടിച്ചുകയറിയുള്ള ചില പത്രലേഖകരുടെ നിൽപ് കണ്ടാൽ അതിലും കഷ്്ടം. ഫ്രാൻസിസ് മാർപ്പാപ്പയുടെ ചടങ്ങുകളിൽ പോലും ഇത്ര ഇടിച്ചകയറൽ ഇല്ലത്രെ.

മേൽപറഞ്ഞ വ്യവസായികളെല്ലാം മനസ്സാ വാചാ കർമണാ ഇതിനൊന്നും ഇറങ്ങിപ്പുറപ്പെട്ടവരല്ല , അവരെ തെറ്റിദ്ധരിക്കരുത്. പത്രക്കാർ വിളിച്ചാൽ പോകാതൊക്കുമോ? നൂറുകൂട്ടം തിരക്കുകൾക്കിടയിൽ അവർ കഷ്്ടപ്പെട്ട് സമയം കണ്ടത്തെകയാണ്. അവർക്കാർക്കും പത്രത്തിൽ ഫോട്ടോ വരാൻ വലിയ ആഗ്രഹമൊന്നുമില്ല. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ചിലർക്ക്. പടം എടുത്തേ തീരു, അത് പത്രത്തിൽ വന്നേ തീരു. തനിക്ക് സമയമില്ലന്നെ് പറഞ്ഞ ഒരു വ്യവസായിക്കുവേണ്ടി പരിപാടി തന്നെ മാറ്റിവെക്കുകയും ചെയ്തു.എന്തിനെയും വിമർശിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് എന്തും ആവാമെന്നുണ്ടോ? കേരള ചരിത്രം അറിയാത്തവരൊന്നുമല്ല, പത്രവായനക്കാർ. പൂർവികർ നടന്ന വഴികളിൽ ഇപ്പോഴും ചോരയുടെ മണമുണ്ട്. അതിലൂടെ നമ്മൾ നെഞ്ചുവിരിച്ച് നടക്കുന്നത് അവരുടെ ത്യാഗത്തിന്റെ ഫലമാണ്. അതൊക്കെ മറന്നുകൊണ്ട്, നാടിനെ മറന്നുകൊണ്ട് നമ്മൾ മുന്നോട്ടുപോകണോ?

സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏടുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട കെ. മാധവേട്ടൻ നമ്മുടെ സ്വത്തല്ലേ? കാഞ്ഞങ്ങാടിന് വിളിപ്പാടകലെ നെല്ലിക്കാട്ടെ ഹിൽവ്യൂ എന്ന മാധവേട്ടന്റെ വീട്ടിൽ പോയി നമുക്ക് അദ്ദേഹത്തെക്കോണ്ട് ആ ലോഗോ പ്രകാശനം ചെയ്യക്കാമായിരുന്നില്ലേ. എൻഡോസൾഫാൻ എന്ന കൊടുംവിഷ ഭീകരനെതിരെ പട നയിച്ച് ലോകശ്രദ്ധ നേടിയ ലീലാകുമാരിയമ്മ നമുക്കിടയിലില്ലേ,അവരോട് ഒരു രൂപ വാങ്ങി നമുക്ക് സമ്മേളനത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യായിരുന്നില്ലേ? എൻഡോസൾഫാൻ വിഷഭീകരനെ കാട്ടിത്തരാൻ നമ്മുടെ വാതിലിൽ തുടരെ തുടരെ മുട്ടിയ ശ്രീപഡ്രെയെ നമ്മൾ ഓർക്കേണ്ടതായിരുന്നില്ലേ? പത്രപ്രവർത്തകൻ കൂടിയായ അദ്ദേഹത്തിന്റെ കൈകളിൽ ആ ബ്രോഷർ തിളങ്ങുമായിരുന്നില്ല?േ ഇന്ദിരാഗാന്ധിക്കോപ്പം നടന്ന, പാർലമെന്റിൽ ഇടിമുഴക്കമായിരുന്ന ഹമീദലി ഷംനാടിനെ നഗരത്തിലൊന്ന് ഇറങ്ങി നടന്നാൽ കാണാമായിരുന്നില്ല?േ ക്ഷുഭിത യൗവനം മനസ്സിൽ കൊണ്ടു നടക്കുന്ന അദ്ദേഹം ശാരീരിക അവശതകളെ വകവെക്കാതെ പ്രസ്സ്‌ക്ലബ്ബിന്റെ പടകയറി വരുമായിരുന്നില്ലേ?

15 ലക്ഷം രൂപയാണത്രെ സമ്മേളനത്തിന് പിരിച്ചടെുക്കേണ്ടത്. രണ്ട് ദിവസത്തെ ഭക്ഷണത്തിന് നാലര ലക്ഷം, താമസത്തിന് രണ്ടോ മൂന്നോ ലക്ഷം. സമ്മേളന വേദിയായ ടൗൺഹാൾ സൗജന്യം. പിന്നെന്തിനാ സാറേ 15 ലക്ഷം രൂപ. സുവനീറും ഉണ്ടത്രെ. അതിന്റെ ചെലവ് പരസ്യയിനത്തിലും കിട്ടും. കുഴപ്പമില്ല, 15 എങ്കിൽ 15. ഉദ്ഘാടന മഹാമഹങ്ങൾ നടത്തി ഓരോ ലക്ഷം വാങ്ങി പത്ര ഫോട്ടെയെടുത്ത് പ്രസിദ്ധീകരിക്കുമ്പോൾ ഉളുപ്പ് എന്നൊന്ന് നമുക്ക് വേണ്ടേ? നമ്മൾ നാലാം നെടുംതൂണല്ലേ?
വ്യവസായികളുടെ പണം വേണ്ടെന്ന അഭിപ്രായമെനിക്കില്ല, പക്ഷെ പണത്തിന് വേണ്ടി കെട്ടിയെഴുന്നള്ളിക്കരുത്. കർഷകനും കർഷകത്തൊഴിലാളിയും നമുക്ക് നേരെ നീട്ടുന്ന വിയർപ്പുണങ്ങാത്ത ചെറിയ നോട്ടിനും ലക്ഷങ്ങളുടെ മൂല്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പക്ഷെ കേരളത്തിലെ പത്രപ്രവർത്തകർ ഒരു മണിക്കൂർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ 15 ലക്ഷമല്ല അതിന്റെ രണ്ടിരട്ടിയെങ്കിലും ജനങ്ങളിൽ നിന്ന് പിരിച്ചടെുക്കാനാകും. അതിന് ഇനിയും വൈകിയിട്ടില്ല. സമ്മേളനം നടത്തി ബാക്കിവരുന്ന പണം കൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതകർക്ക് കുറഞ്ഞത് മൂന്നു വീടെങ്കിലും നിർമ്മിച്ചു നൽകാം. ചങ്കൂറ്റമുണ്ടോ വെല്ലുവിളി നേരിടാൻ....?'

സന്തോഷിന്റെ പോസ്റ്റിറ്റു കണ്ടിട്ടും പത്രപ്രവർത്തകയൂണിയൻ നേതൃത്വം പ്രതികരിച്ചിട്ടില്ല.പക്ഷേ മാദ്ധ്യമപ്രവർത്തകർക്കിടയിൽ ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. മുൻകാലങ്ങളിലും ഇതേ രീതിയിൽ പത്രപ്രവർത്തക യൂണിയൻ സമ്മേളനം സംഘടിപ്പിച്ചത് വിവാദമായിരുന്നു.