ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കുരുക്കാൻ തെളിവു നൽകിയാൽ കടൽക്കൊലക്കേസിൽപ്പെട്ട നാവികരെ വിട്ടുനൽകാമെന്നു നരേന്ദ്ര മോദി ഉറപ്പുനൽകിയെന്ന് റിപ്പോർട്ട്. വിവാദമായ അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ ഇടപാടിന്റെ കാര്യത്തിലാണ് ഇറ്റലി പ്രധാനമന്ത്രിക്കുമുന്നിൽ മോദി ഉപാധിവച്ചതെന്നാണു റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കടൽക്കൊലക്കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര ട്രിബ്യൂണലിന് അന്താരാഷ്ട്ര ആയുധ വ്യാപാരി ക്രിസ്ത്യൻ മിഷേൽ അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്.തന്റെ ആരോപണത്തിൽ നിന്ന് പിന്നോട്ടുപോകാനില്ലെന്നും മിഷേൽ വ്യക്തമാക്കി. ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇടനിലക്കാരനാണ് മോദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

നാവികരെ വിട്ടയക്കുന്നതിനു പകരം സോണിയ ഗാന്ധിക്കെതിരായ തെളിവ് കൈമാറണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ട്. 2013ലെ വിവാദമായ അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ സോണിയ ഗാന്ധിക്കും കുടുംബാംഗങ്ങൾക്കുമുള്ള പങ്ക് വ്യക്തമാക്കണമെന്നാണ് മോദിയുടെ ആവശ്യം.

2015 സെപ്റ്റംബറിൽ ന്യുയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റോ റെൻസിക്ക് മുമ്പാകെ മോദി ഉപാധിവച്ചതെന്നും മിഷേൽ പറയുന്നു. എന്നാൽ ഈ ആരോപണം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

2013ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് അഗസ്ത വെസ്റ്റ്‌ലാൻഡ് അഴിമതി ആരോപണം ഉയർന്നത്. എ കെ ആന്റണിയായിരുന്നു അന്നത്തെ പ്രതിരോധമന്ത്രി. ഇറ്റലിയിൽ നിന്നും 3600 കോടി രുപ മുടക്കി 12 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് 360 കോടി രൂപ ഇവിടെ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കോഴ നൽകിയെന്നായിരുന്നു ആരോപണം.

കടൽക്കൊലക്കേസ് പരിഗണിക്കുന്ന രാജ്യാന്തര തർക്കപരിഹാര കോടതിയിലും രാജ്യാന്തര ട്രിബ്യൂണലിലും ആയുധ ഇടനിലക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സത്യവാങ് മൂലം സമർപ്പിച്ചതായാണ് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തത്. ഇറ്റാലിയൻ സർക്കാരിന് മുപ്പത് ശതമാനം ഓഹരി പങ്കാളിത്തമുള്ള ഫിന്മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്റ്റ വെസ്റ്റ് ലാൻഡ്.

പ്രതികരണമർഹിക്കാത്ത ആരോപണമാണ് പ്രധാനമന്ത്രിക്കെതിരെ ഉയർത്തിയിട്ടുള്ളതെന്നാണു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞത്. ആയുധ ഇടനിലക്കാരന്റെ സത്യവാങ്മൂലം പരിഗണിക്കണമോ എന്ന് രാജ്യാന്തര ട്രിബ്യൂണൽ തീരുമാനിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.