കൊച്ചി: മുമ്പും പലതവണ തൊഴിലാളി ദ്രോഹ നടപടികളിലൂടെ വാർത്തകളിൽ ഇടംപിടിക്കുകയും തൊഴിലാളികളുടെ പ്രതിഷേധം നേരിടുകയും ചെയ്ത മുത്തൂറ്റ് ഫിൻകോർപ്പിൽ വനിതാ ദിനത്തിൽ വനിതാ ജീവനക്കാരെ പീഡിപ്പിച്ചതായി ആക്ഷേപം. മുൻവർഷങ്ങളിൽ അന്യായമായ ട്രാൻസ്ഫറിന് എതിരെയും മറ്റും സിഐടിയുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ സംഘടിച്ചിരുന്നു. ദിവസങ്ങൾ നീണ്ട പണിമുടക്കിന് ഒടുവിലാണ് മുത്തൂറ്റ് ഫിൻകോർപ്പ് ജീവനക്കാരുടെ മുന്നിൽ മുട്ടുമടക്കിയത്. ഇതിന് ശേഷം കാര്യമായ പീഡനങ്ങൾ ഇല്ലായിരുന്നെങ്കിലും കഴിഞ്ഞദിവസം വീണ്ടും തൊഴിലാളിദ്രോഹ നടപടികൾ തുടങ്ങിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.

വനിതാ ദിനത്തിൽ തന്നെ അതിന്റെ പേരിൽ വനിതാ സ്റ്റാഫിനെ ചൂഷണം ചെയ്യുകയായിരുന്നു മാനേജ്‌മെന്റ്. മുത്തൂറ്റ് ഫിൻകോർപ്പിലെ എറണാകുളം - 1 റീജ്യണൽ ഓഫീസിലാണ് സംഭവം. മുത്തൂറ്റ് എക്‌സിം എന്ന കമ്പനിയുടെ ലേബലിൽ മുത്തൂറ്റ് ഫിൻകോർപ്പ് ബ്രാഞ്ചുകൾ സ്വർണ നാണയങ്ങളും ആഭരണങ്ങളും തവണ വ്യവസ്ഥയിൽ കൊടുക്കുന്ന ഒരു പദ്ധതിയുണ്ട്. ഇതിന്റെ പേരിലായിരുന്നു കഴിഞ്ഞദിവസം പീഡനം അരങ്ങേറിയത്. വനിതാ ദിനം പ്രമാണിച്ച് എല്ലാ ജീവനക്കാരം മുത്തൂറ്റ് എക്‌സിം സ്‌കീമിൽ ആളെ ചേർക്കണം എന്ന് റീജിണൽ മാനേജർ രാവിലെ നിർദ്ദേശം നൽകുകയായിരുന്നു. ഇത് അത്ര എളുപ്പമല്ലാത്ത ടാസ്‌ക് ആണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും മാനേജർ ചെവിക്കൊണ്ടില്ല.

ഇതിന് പിന്നാലെ വൈകീട്ട് 5.30 ആയതോടെ അടുത്ത നിർദ്ദേശം വന്നു. ബ്രാഞ്ചിലെ മുഴുവൻ ജീവനക്കാരും ആളെ ചേർക്കാതെ ബ്രാഞ്ചു ക്ലോസ് ചെയ്യാൻ പാടില്ല എന്നായിരുന്നു ആ നിർദ്ദേശം. എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തി വനിതാ ദിനത്തിൽ പോലും വനിതകളെ വെറുതെ വിടാതെ മാനേജർ ദീപക്ക് ഫ്രാൻസിസ് കൈക്കൊണ്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ് സ്ഥാപനത്തിൽ.

വനിതാ ദിനത്തിൽ തന്നെ ഇത്തരത്തിൽ സ്ത്രീ ജീവനക്കാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയത് വലിയ ചർച്ചയായിക്കഴിഞ്ഞു. ഇതിനെതിരെ തുടർ നടപടികൾ സംഘടനയുമായി ചേർന്ന് കൈക്കൊള്ളാൻ തീരുമാനിച്ചിരിക്കുകയാണ് ജീവനക്കാർ. സമാനമായ രീതിയിൽ കഴിഞ്ഞ ഓണക്കാലത്തും ജീവനക്കാരിൽ നിന്ന് ഇതേ മാനേജർ പണപ്പിരിവ്് നടത്തിയെന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇത്തരത്തിൽ രണ്ടരലക്ഷം രൂപ ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്തു എന്നാണ് ആക്ഷേപം.

മുമ്പ് വ്യാപകമായി ട്രാൻസ്ഫർ നടത്തി പ്രതികാര നടപടികൾ കൈക്കൊണ്ടതിന് എതിരെയാണ് സ്ഥാപനത്തിൽ തൊഴിലാളി സംഘടന രൂപീകരിക്കപ്പെട്ടത്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ അണിനിരന്നത്. കണ്ണൂർ, കോഴിക്കോട് മേഖലകൾ കേന്ദ്രീകരിച്ച് ആദ്യവും പിന്നീട് എറണാകുളത്തും സംഘടന ശക്തമാക്കി.

ബാങ്കിങ്, നോൺ ബാങ്കിങ്, ഇൻഷൂറൻസ് , മൈക്രോ ഫിനാൻസ്, വിദേശ നാണ്യവിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി, പണയ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്ത് വരുന്ന ജീവനകാർക്ക് പ്രത്യേക മിനിമം വേതനം തീരുമാനിച്ച് ഉത്തരവിറക്കാൻ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും ജീവനക്കാർക്ക് എതിരെ ഇത്തരം നടപടികൾ തുടരുന്നതിൽ വീണ്ടും വലിയ പ്രതിഷേധമാണ് മാനേജ്‌മെന്റിനെതിരെ സംഘടനയിൽ ഉയരുന്നത്.