കൊച്ചി: അങ്കമാലി ഡയറീസ് സിനിമയുടെ പ്രവർത്തകരുടെ വാഹനം തടഞ്ഞ സംഭവം വിവാദമായതിന് പിന്നാലെ വാഹനം തടഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കി എറണാകുളം റൂറൽ എസ്‌പി. വാഹനം വഴിയിൽ തടഞ്ഞ് പരിശോധിച്ചതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ എറണാകുളം റൂറൽ എസ്‌പി. വാഹനപരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽ പെട്ടിട്ടും നടപടി എടുക്കാത്തതിനെ വിമർശിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിയോട് എസ്‌പി വിശദീകരണവും തേടിയിട്ടുണ്ടെന്നും എസ്‌പി എവി ജോർജ് പറഞ്ഞു.

അതേസമയം സിനിമയുടെ പേരിൽ സഞ്ചരിച്ച വാഹനം തടഞ്ഞുവെന്ന രീതിയിൽ വിവാദമുണ്ടാക്കിയത് വെറും പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മോട്ടോർ വാഹന നിയമം ലംഘിച്ച് വാഹന ഭാഗങ്ങൾ മറച്ചും മറ്റും സ്റ്റിക്കറൊട്ടിച്ചതിന് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അങ്കമാലി ഡയറീസിന്റെ പ്രചരണ വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നിട്ടും അതുപോലെതന്നെ പ്രചരണ വാഹനം വീണ്ടും ഓടിച്ചതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്.

വാഹനം തടഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും നടപടി എടുക്കേണ്ടതായിരുന്നുവെന്നും എസ്‌പി പറഞ്ഞ സാഹചര്യത്തിൽ മുൻപ് മോട്ടോർവാഹന വകുപ്പ് പിടികൂടിയ വാഹനം വീണ്ടും ഓടിച്ചതിനും കേസുണ്ടായേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പൊലീസ് പിടിച്ചതോടെ പൊലീസിനെതിരെ ആക്ഷേപങ്ങൾ ഉയർത്തുകയും ചെയ്തത് സിനിമയുടെ പേരിൽ പബ്‌ളിസിറ്റി സ്റ്റണ്ടുക്കാനായിരുന്നു എന്ന വാദവും ഉയരുന്നു.

മോട്ടോർ വാഹന വകുപ്പ് വാഹനം തടഞ്ഞതിന് സമാനമായ സാഹചര്യമാണ് മൂവാറ്റുപുഴയിലും ഉണ്ടായത്. എല്ലാം മറച്ച് ഉൾവശം കാണാതിരുന്ന വാഹനം എത്തിയപ്പോൾ താൻ തടയുകയായിരുന്നുവെന്നാണ് ഡിവൈഎസ്‌പി പറഞ്ഞത്. മോശമായി പെരുമാറിയെന്ന വാദത്തിൽ യാതൊരു കഴമ്പുമില്ലെന്നും നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഇത്തരത്തിൽ കർശന വാഹന പരിശോധന നടക്കുന്നുണ്ടെന്നഉം ഡിവൈഎസ്‌പി കെ ബിജുമോൻ മറുനാടനോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഈ വാഹനം കാണുന്നതും പൊലീസ് തടയുന്നു. ഉള്ളിലുള്ളവരെ പുറത്തുകാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവാ കാർ പോകുന്നത് കണ്ടുവെന്നും നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്കെന്നും അതാണ് തടഞ്ഞ് പരിശോധിച്ചതെന്നുമാണ് ഡിവൈഎസ്‌പി ബിജു പറയുന്നത്.

മൂവാറ്റുപുഴ ഗ്രാൻഡ് മാളിനടുത്തുവച്ച് വാഹനം തടഞ്ഞ് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന പെൺകുട്ടിയെ കാണുന്നത്. തുടർന്ന് വിവരങ്ങൾ ബോദ്ധ്യപ്പെട്ടപ്പോൾ അവരെ പറഞ്ഞുവിട്ടു. സിനിമ ഞാൻ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ നടീനടന്മാരെ തിരിച്ചറിയാനുമായില്ല. സിനമാക്കാരാണെന്നു പറഞ്ഞപ്പോൾ പൾസർ സുനിയുടെ കാര്യമൊക്കെ മാധ്യമങ്ങളിൽ വന്നത് നിങ്ങൾ അറിഞ്ഞതല്ലേ എന്ന് ചോദിച്ചു. ഒരു പെൺകുട്ടി മാത്രമായി നിങ്ങൾ ഇത്രയും പേർ ചുറ്റും മറച്ച വാഹനത്തിൽ കറങ്ങുന്നത് ശരിയല്ലെന്നും ഇങ്ങനെ സിറ്റിയിലേക്കും മറ്റും  പോകരുതെന്നും നിർദ്ദേശിച്ചു. മറ്റൊരു പെൺകുട്ടി കൂടി വാഹനത്തിൽ ഉണ്ടായിരുന്നെന്നും മൂവാറ്റുപുഴയിൽ എത്തുന്നതിനു മുമ്പ് അവർ ഇറങ്ങിയതാണെന്നുമായിരുന്നു കാറിലുണ്ടായിരുന്നവരുടെ മറുപടി.

തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇവിടത്തെ സീസീ ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന ആർക്കും സംഭവത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കും. സംഭവവുമായി ബന്ധപ്പെട്ട് സിനിമാക്കാരാരും ഇതുവരെ വിളിച്ചിട്ടില്ല. സംഭവത്തേക്കുറിച്ചുള്ള സംവിധായകൻ ലിജോ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ പലരിൽ നിന്നും പറഞ്ഞുകേട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ചിലർ ഈ സംഭവം വിവാദമാക്കുകയായിരുന്നെന്ന പ്രചാരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഡിവൈ എസ് പി വ്യക്തമാക്കി.

വാഹനം തടഞ്ഞതിന് പിന്നാലെ പൊലീസ് തങ്ങൾക്കുനേരെ സദാചാര പൊലീസിങ്ങാണ് നടത്തിയതെന്ന് ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇന്നലെ രംഗത്തെത്തിയപ്പോഴാണ് സംഭവം ചർച്ചയായത്. സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതിയും നൽകിയതായാണ് അവർ വ്യക്തമാക്കിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അങ്കമാലി ഡയറീസ് ടീമിന്റെ പരാതി. ൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവർക്ക് തീയേറ്ററിന് മുന്നിൽത്തന്നെ ദുരനുഭവമുണ്ടായെന്ന് ഫേസ്‌ബുക്ക് വീഡിയോ നൽകിയാണ് ലിജോ ആരോപണം ഉന്നയിച്ചത്. ഇതോടെ വിഷയം സോഷ്യൽമീഡിയയിൽ സജീവ ചർച്ചയായി മാറുകയും ചെയ്തു.

വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് ചോദിച്ചത്.'' സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യു-ക്യാമ്പ് രാജനെ അവതരിപ്പിച്ച നടൻ ടിറ്റോ വിൽസണോട് പേര് 'പൾസർ ടിറ്റോ' എന്നാക്കണോ എന്നൊക്കെ പൊലീസ് ചോദിച്ചെന്നും ലിജോ പെല്ലിശ്ശേരി ആരോപിച്ചിരുന്നു. 'ഡബിൾ ബാരലി'ന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ൽ 86 പുതുമുഖങ്ങളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും വിവാദത്തിന്റെ മറുവശം പുറത്തുവന്നതോടെ അനുമതിയില്ലാതെ ഇത്തരത്തിൽ ഒരു പ്രചരണവാഹനം സജ്ജീകരിച്ചതിനും ആർടിഒ ഉദ്യോഗസ്ഥർ പിഴയിട്ടതിന് ശേഷവും വാഹനം ഓടിച്ചതിനും നടപടിയുണ്ടായേക്കും എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.