- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ വരെ റേറ്റ്, കമ്മിഷൻ, വിലപേശൽ,ഫ്‌ളെക്‌സ് ബോർഡ്...മലബാറിൽ മതപ്രഭാഷണക്കച്ചവടം പൊടിപൊടിക്കുന്നു; സമസ്തയിലും സുന്നിയിലും കലഹം തുടങ്ങി
കോഴിക്കോട്: മതപ്രഭാഷണത്തിന്റെ പേരിൽ കച്ചവടം പൊടിപാറുന്നു. മതപ്രഭാഷകർ വിലപേശി പണം ഈടാക്കുന്നതിനെതിരേ മലബാറിൽ പ്രതിഷേധം ശക്തമായി. മലബാറിലെ മുസ്ലിം സംഘടനകൾ നടത്തുന്ന ചില പ്രഭാഷണവേദികളിൽ മതപ്രഭാഷണത്തിന്റെ പേരിൽ അമിത തുക ചോദിച്ചുവാങ്ങുന്നതായി പരാതി ഉയർന്നു. പ്രഭാഷകർ തന്നെ വലിയ സംഖ്യകൾ ചോദിച്ചു വാങ്ങുന്നതോടെ സമസ്തയിലും സുന്നി സം
കോഴിക്കോട്: മതപ്രഭാഷണത്തിന്റെ പേരിൽ കച്ചവടം പൊടിപാറുന്നു. മതപ്രഭാഷകർ വിലപേശി പണം ഈടാക്കുന്നതിനെതിരേ മലബാറിൽ പ്രതിഷേധം ശക്തമായി. മലബാറിലെ മുസ്ലിം സംഘടനകൾ നടത്തുന്ന ചില പ്രഭാഷണവേദികളിൽ മതപ്രഭാഷണത്തിന്റെ പേരിൽ അമിത തുക ചോദിച്ചുവാങ്ങുന്നതായി പരാതി ഉയർന്നു. പ്രഭാഷകർ തന്നെ വലിയ സംഖ്യകൾ ചോദിച്ചു വാങ്ങുന്നതോടെ സമസ്തയിലും സുന്നി സംഘടനകളിലും കലഹം മൂർച്ഛിച്ചിരിക്കുകയാണ്. ഇത്തരക്കാരുടെ പ്രഭാഷണങ്ങൾക്ക് വലിയ ജനപിന്തുണ ലഭിച്ചതോടെയാണ് വിലപേശലും അമിത പിരിവും വ്യാപകമായത്.
മലബാറിലെ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം ഇത്തരം പ്രഭാഷകരുടെ ഫ്‌ളെക്‌സ് ബോർഡുകളും കമാനങ്ങളും കൊണ്ടു നിറയുകയാണ്. പ്രഭാഷണത്തിനായി ആഴ്ചകൾക്ക് മുമ്പേ ബൂക്ക് ചെയ്യണം. റംസാൻ, റബീഉൽ അവ്വൽ തുടങ്ങിയ സീസൺ കാലയളവിൽ ലഭിക്കാൻ മാസങ്ങൾക്കു മുമ്പുതന്നെ ബൂക്ക് ചെയ്യേണ്ടി വരും. മാത്രമല്ല പ്രഭാഷകന്റെ തീയതി ലഭിച്ചാൽ അഡ്വാൻസ് തുക നേരിട്ടോ ഇടനിലക്കാർ മുഖേനയോ ഉസ്താദിനെ ഏൽപ്പിക്കണം. പ്രഭാഷണത്തിന് എത്ര വാട്‌സ് മൈക്ക് സെറ്റ് വേണമെന്നും പ്രചരണം എങ്ങിനെ വേണമെന്നുമുള്ള നിർദ്ദേശങ്ങളുമുണ്ടാകും. പ്രഭാഷണ പരിപാടി നടക്കും വരെ നിഷ്‌കളങ്കരായ സംഘാടകർ നെട്ടോട്ടത്തിലായിരിക്കും. സംഘാടകരുമായി പറഞ്ഞുറപ്പിച്ച പ്രകാരം പിരിവിൽനിന്നു ലഭിക്കുന്ന നിശ്ചിത ശതമാനമോ അല്ലെങ്കിൽ ഫിക്‌സഡ് തുകയോ ആയിരിക്കും പ്രഭാഷകന് നൽകേണ്ട വേതനം. ഇത് അമ്പതിനായിരം മുതൽ പരിപാടിയുടെ വലിപ്പമനുസരിച്ച് ലക്ഷങ്ങൾ വരെയാകും. ഇതിനു പുറമെ സഞ്ചരിച്ച വാഹനച്ചെലവിനായി പതിനായിരമോ ഇരുപതിനായിരമോ വേറെയും. തീർന്നില്ല താമസിച്ച ഹോട്ടൽ മുറിയുടെ പേരിലും സ്വന്തം സ്ഥാപനത്തിന്റെ നടത്തിപ്പിനായും വേറെയും ലക്ഷങ്ങൾ സംഘാടകർ മുടക്കേണ്ടിവരും.
പണ്ടുകാലം മുതൽക്കേ സുന്നി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾക്ക് ജനക്കൂട്ടങ്ങൾ ഒഴുകിയെത്താറുണ്ടായിരുന്നു. ഇ.കെ അബൂബക്കർ മുസ്ലിയാർ, സി.എച്ച് ഹൈദ്രൂസ് മുസ്ലിയാർ, ഇ.കെ ഹസൻ മുസ്‌ലിയാർ തുടങ്ങിയ സാത്വികരും സൂഫിവര്യരുമായ പഴയകാല മതപണ്ഡിതരുടെ വാക്കുകൾ കാതോർക്കാൻ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേരളത്തിലെ മുസ്ലിം സമൂഹം ഒരുമിച്ചു കൂടുമായിരുന്നു. ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ വാക്കുകൾ ഊർന്നു വീഴുമ്പോൾ അവ നെഞ്ചോടുചേർക്കാൻ പാതിരായാമങ്ങൾ വരെ മലബാറിലെ വിശ്വാസിലക്ഷങ്ങൾ ഒരുമിച്ചുകൂടുമായിരുന്നു. എന്നാൽ അന്നൊന്നും ഈ സൂഫീവര്യന്മാരെക്കുറിച്ച് ഇത്തരത്തിലുള്ള പരാതികളോ വിമർശനങ്ങളോ കേട്ടിരുന്നില്ല. പ്രഭാഷണം ഒരു തൊഴിലായിട്ടായിരുന്നില്ല ഇവർ കണ്ടിരുന്നത്, പകരം ദീനീ ദഅ്‌വക്കു വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ആഡംബര വാഹനങ്ങൾക്കു പകരം കാൽനടയായി ദിവസം രണ്ടും മൂന്നും വേദികളിൽ പ്രഭാഷണത്തിനായി കിലോമീറ്ററുകൾ താണ്ടിയ നിരവധി മതപ്രഭാഷകർ ഇവിടെ ജീവിച്ചു പോയിട്ടുണ്ട്.
പള്ളി ദർസുകളിലും മതപഠനശാലകളിലും അറബിക്ക് കോളേജുകളിലുമെല്ലാം മതവിദ്യാർത്ഥികൾക്കായി ചെറുപ്രായത്തിലേ പ്രസംഗപരിശീലനങ്ങൾ നൽകുക എന്നത് പതിവുരീതിയാണ്. ഒരു മതപണ്ഡിതന് സമൂഹത്തോടു സംവദിക്കാൻ പ്രസംഗകല സ്വായത്തമാക്കുക എന്നത് നിർബന്ധവുമാണ്. രാഷ്ടീയ സാംസ്‌കാരിക പ്രസംഗങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് മതപ്രഭാഷണങ്ങളുടെ അവതരണശൈലി. ഇതിൽ ഏറ്റവും നൈപുണ്യം നേടുന്നവർക്ക് പഠനകാലം മുതൽക്കേ ചെറുതും വലുതുമായ വേദികൾ കിട്ടിക്കൊണ്ടിരിക്കും. പിന്നീടങ്ങോട്ട് ഇവർക്ക് തിരക്കിന്റെ നാളുകളാണ്. ഡയറിയിൽ തീയതി എഴുതാൻ ഇടമൂണ്ടാകില്ല, ഒരു തീയതി കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
മുൻകാലങ്ങളിലുണ്ടായിരുന്ന മതപ്രഭാഷണപരമ്പരകൾക്ക് കാലക്രമേണ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ പ്രഭാഷണങ്ങളാണ് മിക്കയിടങ്ങളിലും നടക്കാറുള്ളത്. ഗ്രൂപ്പുകളുടെയും സംഘടനകളുടെയും എണ്ണം വർദ്ധിച്ചതോടെ മതപ്രഭാഷണവേദികൾക്കിടയിലും അകലവും രൂപാന്തരവും വർദ്ധിച്ചു. വിശ്വാസികൾക്കിടയിലെ അജ്ഞതയകറ്റുകയും ധാർമ്മികമായി സമൂഹത്തെ വാർത്തെടുക്കുകയുമാണ് മതപ്രഭാഷണങ്ങൾ നടത്തുന്നതിന്റെ ലക്ഷ്യം. എന്നാൽ ഇടക്കാലത്ത് ഗ്രൂപ്പുകൾ തമ്മിലുള്ള സംവാദങ്ങൾക്കും മുഖാമുഖങ്ങൾക്കും തെറിപറയലിനും വേദിയാകുന്നത് മലബാറിലെ സ്ഥിരം കാഴ്ചയായി. സുന്നി-മുജാഹിദ് വാദപ്രതിവാദങ്ങൾക്കും, എ.പി- ഇ.കെ സുന്നി വാക്ക് പോരുകൾക്കും ഇപ്പോൾ താൽകാലിക ശമനം ഉണ്ടായെങ്കിലും മതപ്രഭാഷണങ്ങളുടെ പേരിൽ പുതിയ പ്രവണത തലപൊക്കിയിരിക്കുകയാണ്.
മലബാറിലെ മുസ്ലിംങ്ങൾക്കിടയിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള പ്രഭാഷകരുടെ തരംഗമാണിപ്പോൾ. നിരവധി സൂഫീ വര്യന്മാരും പണ്ഡിതന്മാരും ഇവിടെങ്ങളിലെല്ലാം ജീവിച്ചിരിപ്പുണ്ടെങ്കിലും തെക്ക് നിന്നും വരുന്നവരുടെ പ്രഭാഷണങ്ങൾക്കു പ്രിയമേറെയാണ്. ഈണമുള്ള പ്രസംഗശൈലിയും തമാശകളും പാട്ടുകളുമാണ് ഇവരുടെ പ്രസംഗങ്ങൾക്ക് യുവാക്കളുടെയും സ്തീകളുടെയും ആരാധന കൂട്ടുന്നത്. എന്നാൽ പ്രസംഗവേദികളെല്ലാം കൈപ്പിടിയിലൊതുക്കി സ്വന്തമായി അണികളെ കെട്ടിപ്പടുത്തതോടെ മതപ്രഭാഷണങ്ങൾക്കു പിന്നിൽ വിലപേശൽ കച്ചവടമാണ് നടക്കുന്നത്. പാണക്കാട് കൊടപ്പനക്കൽ സയ്യിദ് കുടുംബത്തിന്റെയും ഇ.കെ വിഭാഗം സുന്നികളുടെയും പിന്തുണയോടെയായിരുന്നു ഇത്തരം പ്രഭാഷകർക്ക് വളരാൻ വളമായത്.
പ്രവാചകന്റെ ചരിത്രവും അനുചരന്മാരായ അബൂബക്കറിന്റെയും ഉസ്മാന്റെയും പത്‌നി ഖദീജയുടെയുമെല്ലാം ദാനധർമ്മ മനസ്‌കതയുമൊക്കെ കണ്ണീരൊലിപ്പിച്ച് അവതരിപ്പിച്ചാൽ പിന്നെ സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൈയയച്ചു പിരിവ് നൽകാതിരുന്നാൽ മനസമാധാനമുണ്ടകില്ല. ചിലയിടങ്ങളിൽ ഉസ്താദ് മുൻകൂട്ടിത്തന്നെ സദസ്സിൽ കുറച്ചുപേരെ ഇരുത്തിയിട്ടുണ്ടാകും. പിരിവിനു ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് ഇവരായിരിക്കും ആദ്യം എണീറ്റ് നിൽക്കുക, ഇതോടെ ഇവരുടെ ജോലി തീരുന്നു. പിന്നീട് ഇതിന്റെ തുടർച്ചയെന്നോണം പേമാരി പോലെ സ്വർണാഭരണങ്ങളായും ആയിരങ്ങളും ലക്ഷങ്ങളും പണമായും പെയ്തുകൊണ്ടേയിരിക്കും. പ്രഭാഷണം അവസാനിച്ചാൽ പൊടിയും തട്ടി ജനങ്ങൾ പിരിയുന്നതോടെ ഇതിനു പിന്നിലെ നാടകങ്ങൾ അറിയാതെ പോകുന്നവരാണ് പലരും. പറഞ്ഞുറപ്പിച്ച തുകയിൽനിന്നും ഒരു രൂപ കുറവില്ലാതെ പോക്കറ്റിലാക്കി ഉസ്താദും സ്ഥലം വിടുന്നു. പരമ്പരാഗതമായ ചില സംഘടനകൾക്ക് പുറമെ ചില കൂട്ടായ്മകളുടെയും റിലീഫ് സെല്ലുകളുടെയും പേരിലാണ് ഇത്തരക്കാർക്ക് തഴച്ചുവളരാനുള്ള അവസരം നൽകുന്നത്. ഇതിന് അപവാദമായി പ്രതിഫലം പറ്റാതെ നിസ്വാർത്ഥമായി പ്രഭാഷണം നടത്തുന്നവരുമുണ്ട്.
മതപ്രഭാഷണത്തിനു പിന്നിൽ കോടികൾ കൊയ്യുന്ന സംഭവങ്ങളുള്ളതായി പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. സമസ്തയിൽനിന്നു തന്നെ ചില എതിർപ്പുകൾ വരുകയും ചെയ്തു. സ്ഥിരം തുക നൽകാതെ പ്രഭാഷകർക്ക് വാഹനച്ചെലവും കുറഞ്ഞ തുകയും നൽകി പറഞ്ഞയച്ച സംഭവങ്ങളും ഈയിടെ മലപ്പുറം ജില്ലയിലുണ്ടായി. ഇ.കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന നേതാക്കൾ പലരും സോഷ്യൽ മീഡിയയിലൂടെ പ്രഭാഷകരുടെ ഇത്തരം പ്രവണതകൾക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. പല മുതിർന്ന നേതാക്കളും വരാനിരിക്കുന്ന അപകടം മനസിലാക്കി ഇതിനെ എതിർക്കുന്നവരാണ്. എന്നാൽ ലീഗിന്റെയും പാണക്കാട് കുടുംബത്തിന്റെയും പിന്തുണ ഇവർക്കുള്ളതിനാൽ പ്രതികരിക്കപ്പെടാതെ പോവുകയാണ്. വിഷയം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായതോടെ സുന്നി സംഘടനകൾ വരും ദിവസങ്ങളിൽ ഇത് ഗൗരവമായി ചർച്ച ചെയ്യാനാണ് തീരുമാനം.
ഇത്തരക്കാർ വളർന്ന് മരത്തേക്കാൾ വലിയ ചില്ലയാകുമെന്ന് സമസ്തയും മനസിലാക്കിയതോടെയാണ് പുതിയ ചർച്ചകൾക്കും കലഹങ്ങൾക്കും വഴിതുറന്നത്.