പത്തനംതിട്ട: യാത്രക്കാരിയായ ആയുർവേദ ഡോക്ടർക്ക് നേരേ പല തവണ അശ്ലീലആംഗ്യം കാട്ടിയെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേക്ക് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തു. ഡോക്ടറുടെ പരാതിയിൽ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയും ഉത്തരവിട്ടു. പരാതി ലഭിച്ചയുടൻ തന്നെ ആർ.ടി.ഒ. ഡ്രൈവറെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം ലൈസൻസ് റദ്ദാക്കി. എസ്‌പിക്ക് ലഭിച്ച പരാതി തുടർനടപടിക്കായി അടൂർ ഡിവൈ.എസ്‌പിക്ക് കൈമാറി. ഒന്നിലധികം തവണ വിവാഹം കഴിച്ചിട്ടുള്ളയാളാണ് നൗഷാദെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരേ മുമ്പും സമാന പരാതി ലഭിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി - അടൂർ-കൊടുമൺ പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീദേവി ബസിന്റെ ഡ്രൈവർ കരുനാഗപ്പള്ളി തഴവ സ്വദേശി നൗഷാദിനാണ് പണി കിട്ടയത്. വനിതാ ഡോക്ടറുടെ പരാതി ഇ-മെയിലിൽ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നടപടി സ്വീകരിച്ചുവെന്ന് ആർ.ടി.ഒ. അറിയിച്ചു. ഞായറാഴ്ച രാവിലെ അടൂരിൽനിന്ന് കൊടുമണിലേക്ക് പോകാൻ ബസിൽ കയറിയ കൊല്ലം സ്വദേശിയായ ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. ഡ്രൈവറുടെ സീറ്റിന് തൊട്ടുപിന്നിലാണ് ഡോക്ടർ ഇരുന്നത്.

കരുനാഗപ്പള്ളി - പത്തനംതിട്ട സർവ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോർസിന്റെ കെ.എൽ.23.ഇ-9131 എന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് അപമാനിക്കപ്പെട്ട വനിതാ ഡോക്ടർക്ക് വേണ്ടി സുഹൃത്ത് ആദ്യം പരാതിപ്പെട്ടത്. പിന്നീട് ഡോക്ടറും പരാതി പൊലീസിന് നൽകി. അടൂർ സ്വദേശിനിയായ ഡോക്ടർ പത്തനംതിട്ടയിലെ ഗവ:ആയുർവേദ ഹോസ്പിറ്റലിലാണ് ജോലി. സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്യുന്നത്. ഇന്ന് രാവിലെ അടൂരിൽ നിന്നും കയറിയ ഡോക്ടർ ഡ്രൈവർ സീറ്റിന് തൊട്ടുപിറകുവശത്തുള്ള സീറ്റിലാണ് ഇരുന്നത്. കയറിയപ്പോൾ മുതൽ ഡ്രൈവർ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു വെന്നും ഇടയ്ക്ക് ഒരു കുപ്പിയിൽ വിരൽ കയറ്റി കാണിക്കുകയും ചെയ്തു. അപ്പോൾ യാതൊരസ്വാഭാവികതയും തോന്നിയിരുന്നല്ല.

എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഡ്രൈവർ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് പിറകിലേക്ക് വിരൽ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നു. ഇത് പല തവണ തുടർന്നതോടെയാണ് മൊബൈലിൽ പകർത്തിയതെന്ന് അവർ പറഞ്ഞു. ബസിൽ നിന്നും ഇറങ്ങിയ ഇവർ വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുകയും സുഹൃത്തായ ഡോക്ടറോട് താൻ നേരിട്ട അപമാനം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടാൻ ധൈര്യമില്ലെന്നും പിന്നീട് അതിനു പുറകിലുള്ള നൂലാമാലകൾ നേരിടാൻ വയ്യാത്തതുകൊണ്ടുമാണ് സുഹൃത്തിന്റെ സഹായം തേടിയത്.

സുഹൃത്തായ ഡോക്ടർ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് ഡോക്ടറും പരാതി നൽകിയത്. ഇമെയിലിലൂടെയാണ് പരാതി കൊടുത്തത്. ഈ സാഹചര്യത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് നടപടിയെടുക്കും. സുഹൃത്തിന്റെ പരാതിയിൽ നടപടിയെടുക്കുന്നത് പുലിവാലാകുമോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു ഈ സാഹചര്യത്തിൽ പൊലീസ് നടപടിയെടുക്കാൻ മടിച്ചു. ഇതോടെയാണ് വനിതാ ഡോക്ടർ തന്നെ പരാതി നൽകിയത്. അപ്പോൾ അതിവേഗം നടപടിയും വന്നു.