കൊല്ലം: കശുവണ്ടി തൊഴിലാളിയായ യുവതിയെ പതിനേഴാം വയസ്സിൽ വിവാഹം കഴിച്ച് നാട്ടിൽ താരമായി. ഒടുവിൽ മൊഴിചൊല്ലി മറ്റൊരു വിവാഹം കഴിച്ചു. പരസ്ത്രീ ബന്ധം അറിഞ്ഞ് ഇപ്പോഴത്തെ ഭാര്യയും പിണങ്ങി നിൽക്കുന്നു. സ്വകാര്യ ബസിലെ ജോലിക്കിടെ നിരവധി യുവതികളെ വലയിലാക്കിയും വിലസുന്നു. ഇങ്ങനെ പോകുന്നു വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ചതിന് പത്തനംതിട്ട കൊടുമണിൽ പൊലീസ് പിടിയിലായ കരുനാഗപ്പള്ളി തഴവ സ്വദേശി നൗഷാദിന്റെ വീരകഥകൾ.

പതിനേഴാം വയസ്സിൽ ഇയാൾ കശുവണ്ടി ഫാക്ടറിയിൽ പോകുന്ന ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നു. ബന്ധം വളർന്ന് രാത്രികാലങ്ങളിൽ യുവതിയുടെ വീട്ടിൽ പോകുന്നത് പതിവായി. സ്ഥിരമായതോടെ നാട്ടുകാർ ഒത്ത് ചേർന്ന് പിടികൂടുകയും വിവാഹം കഴിപ്പിക്കുകയുമായിരുന്നു. പ്രായത്തിൽ മൂത്തതായതിനാൽ ഈ ബന്ധം അധികനാൾ നീണ്ടു പോയില്ല. പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ഈ സമയം ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

ഓട്ടോ ഓടിക്കുന്നതിനിടയിൽ തന്നെ ഇയാൾ പല യുവതികളുമായി ബന്ധം സ്ഥാപിച്ചിരുന്നു. സ്ഥിരമായി ഇയാളെ ഓട്ടം വിളിച്ചിരുന്ന യുവതിയുടെ ഫോണിൽ അനാവശ്യമായി വിളിച്ചതിന് വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുൻപാണ് നൗഷാദ് സ്വകാര്യ ബസിൽ ഡ്രൈവറായി കയറിയത്. ബസിലും യുവതികളുമായി ചങ്ങാത്തം കൂടുന്നത് പതിവായി. ഇതിനിടയിൽ ഭർത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞതോടെ നിലവിലെ ഭാര്യ പിണങ്ങി പോയി.

നിരവധി യുവതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നുണ്ട്. ഇയാളുടെ ഫോൺ കോളുകൾ ആവശ്യമെങ്കിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നാണ് വിവരം. തഴവയിൽ ടിപ്പർ ലോറി ഡ്രൈവറായി പോകുന്നതിനിടെ പെൺകുട്ടിയെ ശല്യം ചെയ്തതിന് നാട്ടുകാർ കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീദേവി മോട്ടോർസിൽ നിന്നും ഇയാളെ പുറത്താക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.

യാത്രക്കാരിയായ ഡോക്ടർക്ക് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയിന്മേൽ . കരുനാഗപ്പള്ളി തഴവ ചീരൻകുളത്ത് പുത്തൻവീട്ടിൽ നൗഷാദി(30)നെയാണ് ഡിവൈ.എസ്‌പി ആർ. ജോസ്, കൊടുമൺ അഡി. എസ്.ഐ രാജീവ് എന്നിവർ ചേർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലച്ചുവയോടെയുള്ള ആംഗ്യം കാണിക്കൽ എന്നിവയാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം. ഞായറാഴ്ച രാവിലെ അടൂരിൽ നിന്ന് കൊടുമണിലേക്ക് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ വനിതാ ആയുർവേദ ഡോക്ടറെയാണ് നൗഷാദ് സീറ്റിന് പിന്നിലേക്ക് വിരൽ വച്ച് അശ്ലീല ആംഗ്യം കാണിച്ചത്. ഏഴംകുളം മുതൽ കൊടുമൺ വരെയായിരുന്നു പ്രദർശനം. ഡോക്ടർ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യം സുഹൃത്തായ മറ്റൊരു ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ പത്തനംതിട്ട ആർ.ടി.ഒ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് ഇമെയിൽ മുഖേനെ പരാതി സമർപ്പിക്കുകയും ചെയ്തു.

പരാതി കിട്ടിയ ആർ.ടി.ഒ തിങ്കളാഴ്ച തന്നെ ഇയാളുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി, അടൂർ, കൊടുമൺ, പത്തനംതിട്ട റൂട്ടിലോടുന്ന ശ്രീദേവി ബസിലെ ഡ്രൈവറാണ് നൗഷാദ്. ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയതായി ബസ് ഉടമ അറിയിച്ചു. താൻ അശ്ലീല ആംഗ്യം കാണിച്ചിട്ടില്ലെന്നും വിരൽ സീറ്റിന് പിന്നിൽ വയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് നൗഷാദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് കള്ളമാണെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.