പത്തനംതിട്ട: ഇടതുസർക്കാരിന് ബന്ധു നിയമനം ഒരു ബലഹീനതയാണ്. അതിന്റെ പേരിൽ ഉണ്ടായിട്ടുള്ള വിവാദങ്ങൾ അടങ്ങി വരുന്നതേയുള്ളൂ. അതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും നടത്തി ഒരു സ്വന്തം നിയമനം. അത് ബന്ധുവല്ല, വീട്ടിലെ ഡ്രൈവറാണെന്ന് മാത്രം. സകലമാന ചട്ടങ്ങളും കാറ്റിൽപ്പറത്തിൽ സ്വന്തമായി ഒരു തസ്തിക ഉണ്ടാക്കി നടത്തിയ നിയമനം വിവാദത്തിലേക്ക് നീങ്ങുമ്പോഴും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന് കുലുക്കമൊന്നുമില്ല.

ആറന്മുളയിലെ തിരുവാഭരണം കമ്മിഷണർ ഓഫിസിൽ പ്യൂൺ ആയിട്ടാണ് തന്റെ വീട്ടിലെ ഡ്രൈവർ അനീഷിനെ നിയമിച്ചത്. തസ്തിക ഒഴിവിന്റെ വിജ്ഞാപനം പോലും ഇറക്കാതെയാണ് നിയമനം നടത്തിയത്. സർക്കാരിനു കീഴിലുള്ള ദേവസ്വം ബോർഡുകളിലെ നിയമനം അത് സ്ഥിരമായാലും താൽകാലികമായാലും നടത്താനുള്ള അധികാരം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനാണ്.

ഇതു മറികടന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് സ്വന്തം ഡ്രൈവർക്ക് നിയമനം നൽകിയത്. ആറന്മുള സ്വദേശിയായ അനീഷ് നൽകിയ അപേക്ഷ പരിഗണിച്ചാണ് നിയമനം എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒഴിവുള്ളതായി ദേവസ്വം ബോർഡ്, റിക്രൂട്ട്മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യുകയോ, വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.

നിലവിൽ ആറന്മുളയിലെ തിരുവാഭരണം ഓഫീസിൽ രണ്ട് സ്ഥിരം ജീവനക്കാരുണ്ട്. ഇതിൽ ഒരാളെ സ്ഥലം മാറ്റിയാണ് പകരം പ്രസിഡന്റിന്റെ സ്വന്തക്കാരനെ നിയമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ പോലും ആലോചിക്കാതെ പ്രസിഡന്റ് ഒറ്റയ്ക്ക് എടുത്ത തീരുമാനത്തിനെതിരെ ബോർഡിൽ തന്നെ കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ട്. താൽക്കാലിക നിയമനമാണെങ്കിലും താൽക്കാലിക ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി സ്ഥിരം ജീവനക്കാരന്റെ ശമ്പള സ്‌കെയിലാണ് അനീഷിന് നിശ്ചയിച്ചിരിക്കുന്നത്.

മുൻ ബോർഡിന്റെ കാലത്തും ഇത്തരത്തിൽ സ്വന്തക്കാരെ തിരുകി കയറ്റിയിരുന്നത് ഏറെ വിവാദമായിരുന്നു. എന്നാൽ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയായിരുന്നു ഇഷ്ടക്കാരുടെ നിയമനം. എന്നാൽ ഇവിടെ ഇതു പോലും പാലിക്കാതെ നഗ്നമായ ചട്ടലംഘനമാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ തന്നെ നടത്തിയിരിക്കുന്നത്.