കണ്ണൂർ: യോഗാ ശാസ്ത്രത്തിൽ അംഗീകൃത യോഗ്യതയുള്ളവരെ പുറംതള്ളി സ്പോട്സ് കൗൺസിലിന്റെ യോഗാ സർട്ടിഫിക്കറ്റുകാരെ പരിശീലകരായി നിയമിക്കുന്നു. ആറ് ദിവസത്തെ യോഗാപരിശീലന ക്യാമ്പിൽ പങ്കെടുത്തവർക്കു പോലും ഇതുവഴി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പരിശീലകരായി നിയമനം ലഭിച്ചിട്ടുണ്ട്. ആധികാരികതയില്ലാത്ത ഈ സർട്ടിഫിക്കറ്റ് കോഴ്സിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സർക്കുലർ വഴിയുള്ള പിൻതുണയും നൽകിയിട്ടുണ്ട്.

കേരളത്തിൽ അംഗീകൃത സർവ്വകലാശാലകളും അവയുടെ കീഴിലുള്ള സ്ഥാപനങ്ങളും നടത്തി വരുന്ന സർട്ടിഫിക്കറ്റ് കോഴ്സു മുതൽ ഡിപ്ലോമയും പി.ജി. ഡിപ്ലോമയും. എം. എസ്. സി, പി.എച്ച്.ഡി യോഗ്യത നേടിയവരും നിലനിൽക്കവേയാണ് ഇത്തരമൊരു നിയമനം നടന്നു പോന്നത്. സർക്കാറിന്റേയും ഭരണ കക്ഷിയുടേയും ഒത്താശയോടെയാണ് ഇത്തരമൊരു നിയമനം നടന്നു വരുന്നതെന്ന് കേരളാ യോഗാ ടീച്ചേഴ്സ് യൂനിയൻ പ്രസിഡണ്ട് ടി.പി. അശോക് കുമാറും സെക്രട്ടറി ഷാജി കരിപ്പത്തും ആരോപിക്കുന്നു. അടിസ്ഥാന യോഗ്യത ഇല്ലാത്തവർ പോലും സ്പോട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റുകൾ നേടി പരിശീലകരായി നിയമനം നേടിയിട്ടുണ്ട്. ഇത്തരം ക്രമക്കേടിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുണ്ട് എന്ന പേരിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന യോഗാ പരിശീലന പരിപാടിയിൽ ഒട്ടേറെ പേർ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. 413 പേർക്ക് ഇത്തരത്തിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കാതെ തന്നെ സ്പോട്സ് കൗൺസിൽ സ്പോട്സ് യോഗ എന്ന പേരിൽ നടത്തുന്ന കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. സംസ്ഥാനത്തെ ഒരു സർവ്വകലാശാലയും സ്പോട്സ് കൗൺസിൽ കോഴ്സിനെ അംഗീകരിച്ചിട്ടില്ല. മറ്റൊരു കായിക ഇനത്തിനും ഇത്തരം യോഗ്യത നൽകുന്ന കോഴ്സ് സ്പോട്സ് കൗൺസിൽ നടത്തുന്നില്ല. യോഗ പരിശീലകരുടെ നിയമനം കൈപ്പിടിയിലൊതുക്കാനുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ ശ്രമമാണ് ഇതിന് പിറകിലെന്ന് ആരോപണമുയർന്നിട്ടുണ്ട്.

2017 ൽ ആരംഭിച്ച ഈ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയവർ ഇപ്പോൾ നിയമനം നേടിയിട്ടുണ്ട്. ആറ് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവരാണ് ഇന്ന് യോഗാ പരിശീലകരായി പ്രവർത്തിക്കുന്നതെന്ന് യോഗാ പരിശീലകനായ പി.കെ. ഗോവിന്ദൻ പറയുന്നു. സ്പോട്സ് കൗൺസിൽ മാത്രമേ സ്പോട്സ് യോഗയെ അംഗീകരിച്ചിട്ടുള്ളൂ. മറ്റൊരു കായിക ഇനത്തിനും സ്പോട്സ് കൗൺസിൽ ഇത്തമൊരു പരിശീലനവും അദ്ധ്യാപക യോഗ്യതക്കുള്ള സർട്ടിഫിക്കറ്റൂും നൽകുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു കോഴ്സിന്റെയും സർട്ടിഫിക്കറ്റിന്റേയും കാര്യത്തിൽ ദുരൂഹത നിലനൽക്കുന്നു. 2017 ൽ ആരംഭിച്ച ഈ കോഴ്സ് ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

യോഗാ ശാസ്ത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ സർവ്വകലാശാലകൾ അനാട്ടമി, ഫിസിയോളജി, ആയുർവേദ, നാച്ച്യുറോപ്പതി എന്നീ ചികിത്സാ രീതികളെ സമുന്നയിപ്പിച്ചാണ് കോഴ്സ് നടത്തുന്നത്. കണ്ണൂർ സർവ്വകലാശാല, കോഴിക്കോട് സർവ്വകലാശാല, കേരളാ സർവ്വകലാശാ, കാസർഗോഡ് കേന്ദ്ര സർവ്വകലാശാല എന്നിവിടങ്ങളിലാണ് സർട്ടിഫിക്കറ്റ് കോഴ്സു മുതൽ പി.ജി. കോഴ്സും പിഎച്ച്.ഡി.യും നടത്തുന്നത്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവർ ഒട്ടേറെയുണ്ടായിട്ടും ഇപ്പോൾ നടക്കുന്ന നിയമനങ്ങളിൽ തികഞ്ഞ പക്ഷപാതമാണ് കാട്ടുന്നതെന്നും ആരോപണമുണ്ട്. വ്യക്തമായ മാനദണ്ഡം പാലിച്ചും മതിയായ തോതിൽ യോഗാ ശാസ്ത്രം പഠിക്കാത്തവരെ മാറ്റിനിർത്തിയും പുനഃപരിശോധന നടത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് സംഘടന പറയുന്നത്.