കൊല്ലം: മാധ്യമ പ്രവർത്തകർക്ക് വിനോദയാത്ര നടത്താൻ സർക്കാർ നൽകുന്ന ഫണ്ട് ദുരുപയോഗം ചെയ്തതായി പരാതി. കൊല്ലം പ്രസ്സ് ക്ലബ്ബിനെതിരെ അതേ പ്രസ്സ് ക്ലബ്ബിലെ അംഗമായ ദേശാഭിമാനി റിപ്പോർട്ടർ സഞ്ജീവ് രാമസ്വാമിയാണ് കോടതിയിൽ പരാതി നൽകിയത്. പ്രസ്സ് ക്ലബ്ബുകൾക്ക് വിനോദയാത്രയ്ക്കായി സർക്കാർ ഫണ്ട് നൽകുന്നത് പതിവാണ്. അങ്ങനെയാണ് കൊല്ലം പ്രസ്സ് ക്ലബ്ബിന് 5 ലക്ഷം രൂപ സർക്കാർ നൽകിയത്. 30 പേർക്ക് വേണ്ടിയാണ് തുക അനുവദിച്ചത്.

എന്നാൽ രണ്ടു വിഭാഗങ്ങളായി നിൽക്കുന്ന കൊല്ലം പ്രസ്സ് ക്ലബ്ബ് സെക്രട്ടറിക്കും പ്രസിഡന്റിനും താൽപര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി 15 പേരാക്കി വെട്ടിക്കുറച്ചു. ആൻഡമാനിലേക്ക് 5 ദിവസത്തെ ടൂർ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഒഴിവാക്കിയ മറ്റംഗങ്ങളോട് പതിനായിരം രൂപ സ്വന്തം കൈയിൽ നിന്നെടുത്താൽ കൊണ്ടു പോകാം എന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇതിനെതിരെയാണ് സഞ്ജീവ് രാമസ്വാമി പരാതിയുമായി കോടതിയെ സമീപിച്ചത്. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്നു കാട്ടിയാണ് പരാതി നൽകിയത്.

' 30 പേർക്ക് പോകാൻ വേണ്ടിയാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. എന്നാൽ സ്വാർത്ഥ താൽപ്പര്യങ്ങൾ കാട്ടി പതിനഞ്ചു പേരെ തിരഞ്ഞെടുക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയുമായിരുന്നു. പി.ആർ.ഡി ഫണ്ട് നൽകിയപ്പോഴുള്ള വ്യവസ്ഥ മീഡിയാ ലിസ്റ്റിലുള്ളവർക്കും അക്രഡിറ്റേഷൻ ഉള്ളവർക്കും മാത്രമേ ഈ ഫണ്ട് ഉപയോഗിക്കാവൂ എന്നായിരുന്നു. എന്നാൽ അക്രഡിറ്റേഷൻ ഇല്ലാത്ത തേജസ് ദിനപത്രത്തിലെ രണ്ട് പേരെ ലിസ്റ്റിൽ തിരുകി കയറ്റി.

അർഹതയുള്ളവരെ പുറത്താക്കി അനർഹരെ ഉൾപ്പെടുത്തിയതും ചില ഗൂഢാലോചനകളുടെ ഭാഗമാണ്.  നാളെ മാധ്യമ സംഘം ആൻഡമാനിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടാൻ ഇരിക്കുകയാണ്. വൈകിയ വേളയിൽ ഇത് തടയാൻ കഴിയില്ലെന്നും ഇവർ തിരികെ വന്നതിന് ശേഷം ഫണ്ടുപയോഗത്തിൽ തിരിമറി നടത്തിയതായി കണ്ടെത്തിയാൽ മുഴുവൻ തുകയും പ്രസ്സ് ക്ലബ്ബ് തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടിരിക്കുകയാണ്. കൊല്ലം പ്രസ്സ് ക്ലബ്ബിലെ ചേരിതിരിവ് ഇതോടെ പുതിയ വഴിത്തിരിവിലേക്ക് മാറിയിരിക്കുകയാണ്. പരാതി നൽകിയതിനെ തുടർന്ന് സഞ്ജീവിനെ കൊല്ലം പ്രസ്സ് ക്ലബ്ബ് വാട്ട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി.