ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പ് അനുകൂലമാക്കാൻ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ മണ്ഡലത്തിൽ തലയെണ്ണ്ി പണം വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡിഎംകെ നേതാവ് സ്റ്റാലിൻ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിവുവന്ന സീറ്റിൽ വോട്ടുപിടിക്കാൻ 100 കോടി രൂപ അണ്ണാ ഡിഎംകെ മണ്ഡലത്തിൽ ഒഴുക്കിയിട്ടുണ്ടെന്നാണ് മുഖ്യപ്രതിക്ഷമായ ഡിഎംകെ ആരോപിക്കുന്നത്. ഓരോ വോട്ടർക്കും 6000 രൂപ വീതമാണ് നൽകുന്നതെന്നും ഇത് തടയാൻ പൊലീസ് സഹായം വേണമെന്നും ഡിഎംകെ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു.

അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ഇ.മധുസുദനനെതിരേ നടപടി ആവശ്യപ്പെട്ട് സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി. മണ്ഡലത്തിൽ സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പ് നടത്തണമെന്നും വിഷയത്തിൽ കമ്മിഷൻ ഇടപെടണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെടുന്നു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് ആർകെ നഗർ സീറ്റിൽ ഒഴിവുവന്നത്. സീറ്റിലേക്കു തെരഞ്ഞെടുപ്പ് നടത്തി ഡിസംബർ മുപ്പത്തൊന്നിനുള്ളിൽ പ്രതിനിധിയെ കണ്ടെത്തണമെന്ന് നവംബറിൽ മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് കമ്മിഷൻ തിടുക്കത്തിൽ തിയതി പ്രഖ്യാപിച്ചത്.

ഈ വർഷം ഏപ്രിൽ 10ന് ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും രാഷ്ട്രീയപാർട്ടികൾ വോട്ടർമാരെ പണംനൽകി സ്വാധീനിച്ചെന്നു തെളിഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ 21ന് വോട്ടെടുപ്പും 24ന് ഫലപ്രഖ്യാപനവും നടക്കും.