കണ്ണൂർ: ചക്കരക്കൽ ഇരിവേരി സി. എച്ച്.സിയിൽ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ രക്ഷിതാക്കളോടൊപ്പമെത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകിയെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണമാരംഭിച്ചു. ഡോക്ടറും കുഞ്ഞിന്റെ രക്ഷിതാക്കളും തമ്മിലുള്ള വാക്കേറ്റവും കലഹവും സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് ജില്ലാമെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണമാരംഭിച്ചത്. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർ ലെറിൻ അബ്രഹാമും മുണ്ടേരി കച്ചേരിപറമ്പ് സ്വദേശി മുഹമ്മദ് ഷിഹാബുമായിട്ടായിരുന്നു തർക്കം നടന്നത്.

സംഭവത്തെ കുറിച്ചു മുഹമ്മദ് ഷിഹാബ് പറയുന്നത് ഇപ്രകാരമാണ്:

'എന്റെ മകനെയും കൂട്ടി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.45ഓടെ ചക്കരക്കൽ ഗവ. ആശുപത്രിയിൽ പോയി. അവിടെ വലിയ തിരക്ക് ഇല്ലായിരുന്നു. 3 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡോക്ടറുടെ റൂമിൽ കയറിയപ്പോൾ അകലം പാലിച്ച് ഇരുത്തി പരിശോധിക്കാതെ മെഡ് മോൾ എന്ന മരുന്ന് സ്ലിപ്പിൽ എഴുതി തന്നു. ആശുപത്രിയിലെ സ്റ്റാഫിനോട് പറഞ്ഞപ്പോൾ ഡോക്ടറോട് തന്നെ ചോദിക്കാൻ പറഞ്ഞു. ഡോക്ടറോട് ചോദിച്ചപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് ഇങ്ങനെയേ പറ്റത്തുള്ളുവെന്നാണ്. മരുന്ന് വാങ്ങാൻ പോയപ്പോൾ മാത്രമാണ്
മെഡ്മോൾ എന്ന മരുന്ന് മാത്രമാണ് എഴുതിയതെന്ന് അറിയുന്നത്. അതിന് ശേഷമാണ് വീണ്ടും ഡോക്ടറുടെ അടുത്ത് പോയി ചോദിച്ചത്. രണ്ട് മൂന്ന് ബന്ധപ്പെട്ടവർക്ക് വീഡിയോ പങ്ക് വച്ചെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. എന്തുകൊണ്ട് പരിശോധന മുറിയിലെ വീഡിയോ എടുത്തില്ല എന്ന ഞങ്ങളുടെ റിപ്പോർട്ടറുടെ ചോദ്യത്തിന് അവർ പറഞ്ഞ മറുപടി- എനിക്ക് ഇത് പോലുള്ള വീഡിയോ എടുത്ത് പരിചയമില്ല. നിങ്ങൾ ഒരു കല്യാണം കഴിച്ച ആളല്ലെ. നിങ്ങൾക്കും ഇതു പോലുള്ള അനുഭവം വരാം. എനിക്ക് വേണ്ടത് ഇതിനൊരു പരിഹാരമാണ്. ഞാൻ നവ മാധ്യങ്ങളിലൊന്നും സജീവമല്ല. പക്ഷെ ഈ പോസ്റ്റിനുള്ള കമന്റുകൾ മാത്രം മതി, ഇത്തരം അനുഭവം എത്രയോ പേർക്കുണ്ടെന്ന് മനസ്സിലാക്കാൻ- എന്നായിരുന്നു.

ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം നാലാംപീടികയിലെ ഒരു സ്വകാര്യ ഡോക്ടറുടെ അടുത്ത് പോയി കുട്ടിയെ പരിശോധിച്ചു.അപ്പോൾ കുട്ടിക്ക് 100 ഡിഗ്രി പനിയുണ്ടായിരുന്നു. ഗുളിക കൊടുത്തപ്പോൾ വ്യത്യാസം വന്നു. കുട്ടി ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായില്ലെന്ന് ഷിഹാബ് വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ ഡോക്ടർക്ക് തന്റെതായ ന്യായീകരണങ്ങളുണ്ട്. അവർ സംഭവത്തെ കുറിച്ചു പ്രതികരിക്കുന്നത് ഇപ്രകാരമാണ്.

കഴിഞ്ഞ ഫെബ്രുവരി 26 ന് വെള്ളിയാഴ്ച ഞാൻ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. ഏകദേശം രാത്രി ഒൻപതുമണിക്ക് എട്ടു മാസം പ്രായമുള്ള കുട്ടിയുമായി മാതാപിതാക്കൾ ചികിത്സ തേടി എത്തി. പരിശോധിച്ച് മരുന്ന് കുറിച്ച് കൊടുത്തു. രാവിലെ വന്ന് സ്പെഷലിസ്റ്റ് ഡോക്ടറെ കാണിക്കാൻ പറഞ്ഞു. പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോളാണ് കുട്ടിയുടെ പിതാവ് ഡ്യൂട്ടി റൂമിൽ വന്ന് മേശയിൽ കുത്തുകയും ബഹളം വക്കുകയും ചെയ്തത്. പുറത്ത് പോകാൻ പറഞ്ഞപ്പോൾ പോയില്ല. എന്റെ സുരക്ഷയ്ക്ക് വേണ്ടി പുറത്ത് ഇറങ്ങേണ്ടി വന്നു. പുറത്ത് അവർ പ്രകോപനം സൃഷ്ടിച്ചു. വീഡിയോ പകർത്തുമ്പോൾ പ്രതികരിക്കേണ്ടി വന്നു. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയതിന് പരാതി നൽകുമെന്നും ഡോക്ടർ പറഞ്ഞു.