കൊച്ചി : നടീനടന്മാരുടെ നികുതി വെട്ടിപ്പിന്റെ കഥകൾ വീണ്ടും സജീവമാകുകയാണ്. പോണ്ടിച്ചേരിയിൽ കിട്ടുന്ന നികുതി ആനുകൂല്യം മുതലാക്കി അവിടെ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിക്കുന്നതാണ് പതിവ് പരിപാടി.ചലച്ചിത്ര നടി അമല പോളിന് പിന്നാലെ നടൻ ഫഹദ് ഫാസിലും നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പുതിയ ആരോപണം. ഫഹദിന്റെ 70 ലക്ഷം വില വരുന്ന മെഴ്സിഡസ് ഇ ക്ലാസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജമേൽവിലാസത്തിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് പകരം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമാണുണ്ടായിരിക്കുന്നത്.

ഫഹദ് ഫാസിൽ, നമ്പർ 16, സെക്കന്റ് റോസ്, ലോസ്പെട്ട്, പുതുപ്പെട്ടി എന്ന വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതാകട്ടെ ലോസ്പെട്ടിലെ ഒരു വീടിന്റെ രണ്ടാം നിലയിലെ വിലാസമാണ്. എന്നാൽ ഫഹദ് എന്നുപേരുള്ള ആളെ അറിയുക പോലുമില്ലെന്നാണ് വീട്ടുടമ പറയുന്നത്. ഫഹദ് ഫാസിലും കുടുംബവും തൃപ്പൂണിത്തുറയിലെ ചോയ്സ് ടവറിലാണ് താമസിക്കുന്നത്.

പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപ നൽകിയാണ് ഫഹദ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥിര താമസമുള്ളവർക്ക് മാത്രമേ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. രജിസ്ട്രേഷൻ പോണ്ടിച്ചേരിയിലാണെങ്കിലും കൊച്ചിയിലാണ് വണ്ടി ഓടുന്നത്. അമല പോൾ നടത്തിയ നികുതിവെട്ടിപ്പ് കഴി്ഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അമല പോളിന്റെ മെർസിഡീസ്-ബെൻസ് എസ് ക്ലാസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് നടിയെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ വിലാസത്തിലാണെന്ന് വ്യക്തമായി.

ഓഗസ്റ്റ് നാലിനാണ് 1.12 കോടി രൂപ വില വരുന്ന മെർസിഡീസ്-ബെൻസ് എസ് ക്ലാസ് അമല പോൾ വാങ്ങിയത് ചെന്നൈയിൽ നിന്നും വാങ്ങിയ കാറിനെ ഓഗസ്റ്റ് ഒമ്പതിന് പോണ്ടിച്ചേരിയിൽ നിന്നും രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ, കാർ ഇപ്പോൾ ഉപയോഗിക്കുന്നതുകൊച്ചിയിലാണെന്ന കണ്ടെത്തലാണ് തട്ടിപ്പിലേക്ക് നയിച്ചത്.

മെർസിഡീസ്-ബെൻസ് എസ് ക്ലാസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇരുപത് ലക്ഷം രൂപയോളം സംസ്ഥാന ഖജനാവിലേക്ക് നികുതിയായി അമല പോളിന് അടയ്ക്കേണ്ടി വരുമായിരുന്നു.എന്നാൽ പോണ്ടിച്ചേരി രജിസ്ട്രേഷനോടെയുള്ള മെർസിഡീസ്-ബെൻസ് എസ് ക്ലാസിനെ ഇടപ്പള്ളിയിലാണ് നടി ഉപയോഗിക്കുന്നത്. തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ വിലാസത്തിലാണ് മെർസിഡീസ്-ബെൻസ് എസ് ക്ലാസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരളത്തിൽ നിലവിലുള്ള നിയമമനുസരിച്ച് അന്യസംസ്ഥാനത്തുള്ള കാർ ഇവിടെ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസട്രേഷൻ ഉടമയുടെ പേരിലേക്ക് മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും വേണം.